രണ്ടാമൂഴത്തിലെ ഭരണം മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ യുപിഎയ്ക്കു ജനപിന്തുണ നഷ്ടമായെന്നു സര്‍വെ. ബിജെപി ബഹുദൂരം മുന്നില്‍. എബിപി ന്യൂസും എസി നീല്‍സണും 28 നഗരങ്ങളില്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്തിയ സര്‍വെയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്നാല്‍ ബിജെപിക്ക് 28% വോട്ട് എന്നു പ്രവചനം. കോണ്‍ഗ്രസ് 20 ശതമാനത്തില്‍ ഒതുങ്ങും.
കോണ്‍ഗ്രസിന് വോട്ട് ചെയ്ത 69% പേരും ഇപ്പോഴും ആ പാര്‍ട്ടിക്കു പിന്നിലാണ്. 31% മാറി ചിന്തിക്കുന്നു. അവരി ല്‍ 12% ബിജെപിക്ക് ഒപ്പം. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത 84% പേരും ഇപ്പോഴും അവര്‍ക്കൊപ്പം. രണ്ടു ശതമാനമാണു കോണ്‍ഗ്രസിലേക്കു മാറിയത്.
വിലക്കയറ്റവും അഴിമതിയുമാണു കോണ്‍ഗ്രസിനു തിരിച്ചടി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപിയുടെ നരേന്ദ്ര മോഡിയാണു മുന്നില്‍. 17% മോഡിക്കൊപ്പം. കഴിഞ്ഞ വര്‍ഷം 12 ശതമാനമായിരുന്നു മോഡിയുടെ പിന്തുണ. മന്‍മോഹന്‍ സിങ്ങിനെ പിന്തുണയ്ക്കുന്നവര്‍ 21 ശതമാനത്തില്‍ നിന്നു 16 ആയി. രാഹുല്‍ ഗാന്ധിയുടെ ജനപ്രിയത 19 ശതമാനത്തില്‍ നിന്നു 13ഉം സോണിയ ഗാന്ധിയുടേത് 14ല്‍ നിന്ന് ഒമ്പതും ആയി.
കോണ്‍ഗ്രസിന്‍റെ പിന്തുണ എട്ട് ശതമാനം കുറഞ്ഞെങ്കിലും ഇതില്‍ ഒരു ശതമാനം മാത്രമാണു ബിജെപിക്കു കിട്ടുക. ശേഷിക്കുന്നതു പ്രാദേശിക പാര്‍ട്ടികള്‍ക്ക്. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്നു സൂചന.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പ്രവര്‍ത്തനം മികച്ചതെന്ന് 37%. ശരാശരിയെന്ന് 33%. മോശമെന്ന് 28%. ഒന്നാം യുപിഎ സര്‍ക്കാരിന്‍റേതുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി മെച്ചപ്പെട്ടുവെന്ന് 36%. കഴിഞ്ഞ വര്‍ഷം ഇതു 44% ആയിരുന്നു.
കഴിഞ്ഞ വര്‍ഷം 40% പേര്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മെച്ചമെന്ന് അഭിപ്രായപ്പെട്ടെങ്കില്‍ ഇത്തവണ ഇതു 32% ആയി. 25% പേര്‍ അഴിമതി തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിലക്കയറ്റം ചെറുക്കുകയാണ് അടിയന്തരാവശ്യമെന്ന് 24%. നക്സലൈറ്റുകള്‍ പ്രശ്നമെന്ന് 15% (2011ല്‍ 8%).
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റ വും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്ന കാര്യത്തില്‍ 57 ശതമാനം പേര്‍ക്കും ഏകാഭിപ്രായം. കഴിഞ്ഞ വര്‍ഷം 45% ആയിരുന്നു ഈ വിഭാഗത്തില്‍. ഇന്ത്യയെ നിക്ഷേപലക്ഷ്യമായി കാണുന്നതിന് 2ജി സ്പെക്ട്രം വിവാദം തിരിച്ചടിയായെന്ന് 54% പേര്‍ക്കും അഭിപ്രായമുണ്ട്.
ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നതിലും ഭേദം കുത്തിക്കൊല്ലുകയാണെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞാലും കാര്യമില്ല. അദ്ദേഹം നിരപരാധിയെന്നു വിശ്വസിക്കുന്നതു വെറും 10%. എങ്കിലും യുപിഎയ്ക്ക് തത്കാലം ആശ്വസിക്കാം, സര്‍വെ നഗരങ്ങളില്‍ മാത്രമാണല്ലോ നടത്തിയത്.
No comments:
Post a Comment