Monday, May 7, 2012

അവളുടെ നഗ്നമായ അസൂയകള്‍....



അറുപതുകള്‍. ലൈഫ്, പ്ലെ ബോയ് മാഗസിനുകള്‍ എലിസബത്ത് ടെയ്ലറിന്‍റേയും മരിലിന്‍ മണ്‍റോയുടേയും എക്സ്ക്ലൂസിവ് ഫോട്ടൊഷൂട്ടുകള്‍ക്കു മത്സരിക്കുന്ന കാലം. ഹോളിവുഡിലെ പ്രശസ്ത ഫോട്ടൊഗ്രഫര്‍ ലാറി സ്കില്ലര്‍ ആ നീന്തല്‍ക്കുളത്തിന്‍റെ കരയില്‍ തന്‍റെ ക്യാമറ ഉറപ്പിക്കുകയായിരുന്നു. പൂളില്‍ സ്വിമ്മിങ് സ്യൂട്ടില്‍ മരിലിന്‍ മണ്‍റോ മനോഹരമായ ഒരു പോസിനു തയാറെടുക്കുന്നു. ആരാധക മനസുകളെ ഹരം കൊള്ളിക്കുന്ന മരിലിന് അന്ന് മുപ്പത്തിനാലു വയസു പ്രായം. നല്ലൊരു സ്നാപ്പ് ക്യാമറയില്‍ പകര്‍ത്തിയതിന്‍റെ സന്തോഷത്തില്‍ നില്‍ക്കുന്ന ലാറി. പൂളില്‍ നിന്ന് കയറിയിട്ടില്ല മരിലിന്‍. 

ഒന്നു മുങ്ങി നിവര്‍ന്നിട്ട് മരിലിന്‍ വിളിച്ചു, ലാറി. ഒരു ഫോട്ടോ കൂടി എടുക്കാമെന്നോ മറ്റോ ആവശ്യപ്പെടാനാണ് എന്നു കരുതി ലാറി ക്യാമറ വീണ്ടും എടുക്കാന്‍ തുനിഞ്ഞപ്പോള്‍ മരിലിന്‍റെ വാക്കുകള്‍...ലാറി, ഈ പൂളില്‍ നിന്നു 

പരിപൂര്‍ണ നഗ്നയായി ഞാന്‍ കയറി വരുന്ന ചിത്രങ്ങളെടുക്കാന്‍ അനുവദിക്കാം. പക്ഷേ, നിങ്ങള്‍ എനിക്ക് ഒരു കാര്യം ഉറപ്പു നല്‍കണം. എന്‍റെ ആ ചിത്രങ്ങള്‍ അച്ചടിച്ചു വരുന്ന മാഗസിനില്‍ ഒരിടത്തും അവളുടെ ചിത്രങ്ങള്‍ കാണരുത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ലാറി ചിരിച്ചു.

അവള്‍ എന്നു മരിലിന്‍ ഉദ്ദേശിച്ചത് വിഖ്യാത താരം എലിസബത്ത് ടെയ്ലറെ. ഒരേ കാലത്തു ഹരം കൊള്ളിക്കുന്ന സാന്നിധ്യമായി മാറിയ രണ്ടു താരങ്ങള്‍. എലിസബത്ത് ടെയ്ലറിനോട് എന്നും അസൂയയായിരുന്നു മരിലിന്‍ മണ്‍റോയ്ക്ക്. ക്ലിയോപാട്ര അടക്കമുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍. റിച്ചാര്‍ഡ് ബര്‍ട്ടനുമായുള്ള പ്രണയവും വിവാഹവും...തന്നേക്കാള്‍ ശ്രദ്ധ എലിസബത്തിനു കിട്ടുന്നതിനെക്കുറിച്ച് അസ്വസ്ഥയായിരുന്നു മരിലിന്‍. നഗ്നയായി ഒരു ഫോട്ടൊഷൂട്ട് അനുവദിച്ചിട്ടാണെങ്കില്‍പ്പോലും എല്ലാവരുടേയും ശ്രദ്ധ നേടണം എന്നാഗ്രഹിച്ചിരുന്നു മരിലിന്‍. 

ക്ലിയോപാട്രയില്‍ അഭിനയിക്കുവമ്പോള്‍ എലിസബത്തിനു കിട്ടിയ പ്രതിഫലം ഒരു മില്യണ്‍ ഡോളര്‍. അതും മരിലിന്‍റെ ഉറക്കം കെടുത്തി. 1962ല്‍, മുപ്പത്തിനാലാമത്തെ വയസില്‍ അകാലമരണത്തിന്‍റെ ദുരൂഹതകളില്‍ മരിലിന്‍ അവസാനിക്കുന്നതു വരെ ഈ അസൂയ ആ മനസിലുണ്ടായിരുന്നു എന്നു പറയുന്നു, ഫോട്ടൊഗ്രഫര്‍ ലാറി സ്കില്ലര്‍. തന്‍റെ ചിത്രങ്ങളെടുക്കാന്‍ മറ്റൊരു ഫോട്ടൊഗ്രഫറെ വിളിച്ചിരുന്നില്ല മരിലിന്‍. 

1960 മുതല്‍ രണ്ടു വര്‍ഷക്കാലം മരിലിന്‍ ഏറെ വിശ്വസിച്ചിരുന്ന ഒരാളും ലാറിയായിരുന്നു. പല കാര്യങ്ങളും ലാറിയോടു മരിലിന്‍ പറഞ്ഞിരുന്നു. ഒരു ബാത്ത്ടബ്ബില്‍ ആ ജീവിതം അവസാനിക്കുന്നതിനു തൊട്ടു തലേന്നും മരിലിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു ലോറന്‍സ് സ്കില്ലര്‍ എന്ന ലാറി സ്കില്ലര്‍. 

ക്യാമറയ്ക്കു പിന്നില്‍ നിന്ന് മരിലിനെ കണ്ടത്, അവള്‍ പറഞ്ഞു കേട്ടത് എല്ലാം അക്ഷരങ്ങളില്‍ പകര്‍ത്തുന്നു ലാറി. ഒരു ഫോട്ടൊഗ്രഫറുടെ ഓര്‍മകള്‍ എന്ന വിശേഷണത്തോടെ ലാറി എഴുതിയ മരിലിന്‍ ആന്‍ഡ് മി എന്ന പുസ്തകം അടുത്ത ജൂണില്‍ പുറത്തു വരും. എലിസബത്തിനോട് അസൂയ കാട്ടുന്ന ഒരു സാധാരണ സ്ത്രീ, ഫോട്ടൊഷൂട്ടിനിടെ കുറുമ്പു കാട്ടുന്ന പെണ്‍കുട്ടി....മരിലിന്‍റെ പല മുഖങ്ങള്‍ അനാവരണം ചെയ്യുന്നു ഈ പുസ്തകത്തില്‍.

No comments: