Saturday, May 12, 2012

പാര്‍ട്ടി പിളര്‍ത്താന്‍ സമ്മര്‍ദം രൂക്ഷം; ബി.ജെ.പി. വിടില്ലെന്ന്‌ യെദിയൂരപ്പ


 ബി.ജെ.പി. വിടാന്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പയ്‌ക്കു മേല്‍ അനുയായികളുടെ സമ്മര്‍ദം. യെദിയൂരപ്പയ്‌ക്കെതിരേ അന്വേഷണത്തിന്‌ സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ നടന്ന അനുയായികളുടെ യോഗങ്ങളിലാണ്‌ പാര്‍ട്ടി വിടണമെന്ന്‌ അഭിപ്രായം ശക്‌തമായത്‌.

യെദിയൂരപ്പ പക്ഷത്തെ ഏഴു മന്ത്രിമാരും ആറ്‌ എം.എല്‍.എമാരും തങ്ങളുടെ രാജിക്കത്ത്‌ അദ്ദേഹത്തിനു കൈമാറി. രാജി സംബന്ധിച്ച്‌ എന്തു തീരുമാനവും യെദിയൂരപ്പയ്‌ക്കു സ്വീകരിക്കാമെന്ന്‌ ഇവര്‍ അറിയിച്ചു. പാര്‍ട്ടി വിടുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നു വ്യക്‌തമാക്കിയെങ്കിലും അണികളോടു പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ യെദിയൂരപ്പ ആഹ്വാനം ചെയ്‌തു. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു യെദിയൂരപ്പയ്‌ക്കു നീതികിട്ടാനിടയില്ലെന്നു കടുത്ത യെദിയൂരപ്പ പക്ഷക്കാരനായ സംസ്‌ഥാനമന്ത്രി വി.കെ. കട്ടി വാദിച്ചു.

മുഖ്യമന്ത്രി സദാനന്ദ ഗൗഡയും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ കെ.എസ്‌. ഈശ്വരപ്പയും ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിക്കയച്ച കത്ത്‌ ഇതിന്റെ സൂചനയാണെന്ന്‌ റേസ്‌ കോഴ്‌സ് റോഡിലെ യെദിയൂരപ്പയുടെ വസതിയില്‍ വെള്ളിയാഴ്‌ച വൈകിട്ട്‌ നടന്ന യോഗത്തില്‍ വി.കെ. കട്ടി ചൂണ്ടിക്കാട്ടി. യെദിയൂരപ്പയുടെ വസതില്‍ ഇന്നലെ രാവിലെ നടന്ന മറ്റൊരു യോഗത്തിലും ഭാവി തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്ന വികാരം ശക്‌തമായിരുന്നു.

സ്വന്തം പാര്‍ട്ടി രൂപീകരിച്ചാല്‍ യെദിയൂരപ്പ വിഭാഗത്തിന്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 മുതല്‍ 40 വരെ സീറ്റുകള്‍ സ്വന്തമാക്കാമെന്നും മന്ത്രി വി.കെ. കട്ടി അഭിപ്രായപ്പെട്ടു. പതിനായിരം വോളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന ശക്‌തമായ ശൃംഖല രൂപപ്പെടുത്താനും ശക്‌തി കേന്ദ്രങ്ങളായ 100 നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും യെദിയൂരപ്പ അണികള്‍ക്കു നിര്‍ദേശം നല്‍കി. അടുത്തു തന്നെ സംസ്‌ഥാന പര്യടനം നടത്തുമെന്നും ജനങ്ങളോടു തന്റെ നിരപരാധിത്വം വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരായ ജഗദീഷ്‌ ഖെട്ടര്‍, ബാസവരാജ്‌ ബൊമ്മെ, മുരുകേഷ്‌ ആര്‍. നിരാണി, എം.പി. രേണുകാചാര്യ എന്നിവര്‍ യെദിയൂരപ്പയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം അദ്ദേഹത്തിന്‌ എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തു.

No comments: