Friday, May 4, 2012

ചേരമാന്‍ പെരുമാളിന്‍െറ ഖബറിടം ചരിത്രസ്മാരകത്തിന്‍െറ പദവി തേടുന്നു


സലാലയില്‍ ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം ചരിത്രസ്മാരകമായി ഉയര്‍ത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിലെ ഒരു തെങ്ങിന്‍തോപ്പ് പോലെ തോന്നിപ്പിക്കുന്ന വിധം ഹരിതാഭമായ തോട്ടത്തിലാണ് ഏഴാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന രാജാവ് ചേരമാന്‍ പെരുമാളിന്‍െറ ഖബറിടം സ്ഥിതി ചെയ്യുന്നത്.

പെരുമാളിന്‍െറ ഖബറിടവും അത് സഥിതി ചെയ്യുന്ന കെട്ടിടവും ഇന്തോ-അറബ് ബന്ധത്തിന്‍െറ സ്മാരകമാക്കണമെന്ന് ചരിത്ര കുതുകികളായ സ്വദേശികള്‍ക്കിടയിലും പ്രവാസികള്‍ക്കിടയിലും ആവശ്യം ശക്തമാണ്.

അറേബ്യയില്‍ നിന്ന് മാലിക് ദീനാറും സംഘവും ഇസ്ലാമിന്‍െറ സന്ദേശവുമായി കേരളത്തിലെത്തിയത് പെരുമാളിന്‍െറ ഭരണകാലത്താണത്രെ. ഇസ്ലാം സ്വീകരിച്ച രാജാവ് താജുദ്ദീന്‍ എന്ന് പേര് സ്വീകരിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെ നേരില്‍ കാണാനായി അന്ന് കടല്‍മാര്‍ഗം മക്കയിലേക്ക് പുറപ്പെട്ട രാജാവ് തിരികെ മടങ്ങുമ്പോള്‍ രോഗബാധിതനായി സലാലയില്‍ മരിച്ചു എന്നാണ് പറയപ്പെടുന്നത്. സലാലയിലെ പഴമക്കാര്‍ക്കും ഈ കഥയറിയാം. മലയാളിയായ ഒരു രാജാവിന്‍േറതാണ് ഈ ഖബറിടമെന്ന് സ്വദേശികള്‍ ഉറപ്പിച്ചു പറയുന്നു. പെരുമാളിന്‍േറതെന്ന് വിശ്വസിക്കുന്ന ഖബറിടവും അനുബന്ധ പ്രദേശവും ഇപ്പോള്‍ ഒമാന്‍ ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്‍െറ ഉടമസ്ഥതയിലാണ്.ഒമാനിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്വ ഇവിടം സന്ദര്‍ശിക്കുകയും പെരുമാളിന്‍െറ ഖബറിടം ഇന്തോ-ഒമാന്‍ , ഇന്തോ-അറബ് ബന്ധത്തിന്‍െറ സ്മാരകമായി സംരക്ഷിക്കാന്‍ ഒമാനിലെയും ഇന്ത്യയിലെയും അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദും ഇതിനായി മുന്‍കൈയെടുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതു വരെ നടപടികളൊന്നുമുണ്ടായില്ല.

മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സന്ദര്‍ശിക്കുന്ന കെട്ടിടവും ഖബറിടവും ഇന്തോ-ഒമാന്‍ ബന്ധത്തിന്‍െറ സ്മാരകം എന്ന നിലയില്‍ സംരക്ഷിക്കപെടുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടേക്കുള്ള വഴിയും അനുബന്ധ സ്ഥലങ്ങളും ഒമാനിലെ മറ്റ് ചരിത്ര പ്രധാന സ്ഥലങ്ങള്‍ പരിഗണിക്കപ്പെടുന്നത് പോലെ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ചരിത്രാന്വേഷികളുടെ അഭിപ്രായം. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇക്കാര്യത്തില്‍ സജീവമായി ഇടപെടുമെന്നാണ് ഇവിടുത്തെ പ്രവാസികളുടെ പ്രതീക്ഷ.

No comments: