Monday, May 7, 2012

ഭക്ഷണമില്ലാതെ മരണം മുന്നില്‍ക്കണ്ട കുട്ടിക്കൊമ്പന് പുനര്‍ജന്മം


ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്നുവീണ് മരണത്തെ മുഖാമുഖംകണ്ട കുട്ടിക്കൊമ്പന് ഒടുവില്‍ പുനര്‍ജന്മം.
വനംവകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരും ആന സ്‌ക്വാഡിലെ വിദഗ്ധനായ ഡോ. എന്‍. പൊന്നുമണിയും ചേര്‍ന്നുനടത്തിയ രക്ഷാപ്രവര്‍ത്തനമാണ് നാലുവയസ്സുള്ള കാട്ടാനയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
മലമ്പുഴ മാന്തുരുത്തിക്കുസമീപം വനത്തിനോടുചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തിങ്കളാഴ്ച തളര്‍ന്നുവീണ നിലയിലാണ് കാട്ടാനയെ കണ്ടത്.

വെള്ളിയാഴ്ച കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനു സമീപം തളര്‍ന്ന് അവശനായിവീണ കുട്ടിക്കൊമ്പനെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. എന്നാല്‍, ആന സമീപ സ്ഥലങ്ങളില്‍ത്തന്നെ ചുറ്റിനടക്കുകയായിരുന്നു. ആന പോയ വഴിയെ പിന്തുടര്‍ന്ന വനംവകുപ്പിലെ വാച്ചര്‍മാരാണ് തിങ്കളാഴ്ച പാടത്ത് അവശനിലയില്‍ കുട്ടിക്കൊമ്പനെ കണ്ടത്.
തുടര്‍ന്ന് വാച്ചര്‍മാര്‍ വെള്ളവും തീറ്റയും കൊടുത്തു. ഉച്ചയോടെ ഡോ. എന്‍.പൊന്നുമണി എത്തിയശേഷം വിദഗ്ധചികിത്സ നല്‍കി. 10 കുപ്പി ഗ്ലൂക്കോസ്, രണ്ടുകുപ്പി പ്രോട്ടീന്‍, ബി കോംപ്ലക്‌സ്, വൈറ്റമിന്‍ തുടങ്ങിയവും പോഷകാഹാരങ്ങളും നല്‍കിയതോടെ ആന എണീറ്റുനിന്നു. അഞ്ചുമണിയോടെ കുട്ടിക്കൊമ്പനെ സമീപത്തെ മരത്തില്‍ കെട്ടിയിട്ട് ആവശ്യത്തിന് തീറ്റനല്‍കി. ഇളനീരും വെള്ളവും യഥേഷ്ടം കിട്ടിയതോടെ ക്ഷീണംമാറി ഉത്സാഹം വീണ്ടെടുത്തു. കടുത്തചൂടില്‍ നിര്‍ജലീകരണം സംഭവിച്ചതും ആവശ്യത്തിന് പോഷകാഹാരം കിട്ടാത്തതുംമൂലം കുട്ടിക്കൊമ്പല്‍ ഏറെ ക്ഷീണിച്ചതായി ഡോ. പൊന്നുമണി പറഞ്ഞു. പോഷകാഹാരക്കുറവാണ് ആനയെ കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

രണ്ടുവര്‍ഷമായി കുട്ടിക്കൊമ്പനെ മലമ്പുഴയ്ക്കുസമീനം കാടുകളില്‍ കാണുന്നുണ്ടെന്ന് വനംവകുപ്പ് പറഞ്ഞു. നിരവധിതവണ വെള്ളത്തിനും ഭക്ഷണത്തിനും നാട്ടിലിറങ്ങാറുണ്ട്. നാലുവയസ്സുള്ള കൊമ്പനെ ഉടന്‍ കോടനാട്ടേക്ക് മാറ്റുമെന്ന് വാളയാര്‍ റേഞ്ച് ഓഫീസര്‍ ടി.എസ്. സുരേന്ദ്രന്‍ പറഞ്ഞു. തിങ്കളാഴ്ചരാത്രി വൈകി കോടനാട്ടുനിന്ന് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. സുനില്‍ എത്തി ആനയെ പരിശോധിച്ചു. ചൊവ്വാഴ്ചതന്നെ കുട്ടിക്കൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോവും.

No comments: