Friday, May 25, 2012

എ.കെ-47 ഇന്ത്യന്‍ സുരക്ഷാ സേനയുടെ വിശ്വസ്‌തന്‍


തീവ്രവാദ-മാവോയിസ്‌റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്കു കരുത്തേകാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്കു വിശ്വാസം എ.കെ-47 തോക്കുകളെ. ബി.എസ്‌.എഫ്‌, സി.ആര്‍.പി.എഫ്‌, എന്‍.എസ്‌.ജി. ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകള്‍ക്കായി 29,000 എ.കെ-47 തോക്കുകളാണ്‌ മൂന്നുവര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയത്‌.

അമേരിക്ക, ഇസ്രയേല്‍ എന്നിവിടങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്‌ത അത്യാധുനിക ആയുധങ്ങള്‍ക്കു പുറമേയാണിത്‌.

ഐ.ടി.ബി.പി, സി.ഐ.എസ്‌.എഫ്‌, അസം റൈഫിള്‍സ്‌ തുടങ്ങിയ അര്‍ധസെനിക വിഭാഗങ്ങളുടെയെല്ലാം ഇഷ്‌ട ആയുധം എ.കെ-47 തോക്കുകളാണ്‌. 2010 നു ശേഷം 29,260 കലാഷ്‌നിക്കോവ്‌ തോക്കുകള്‍ വാങ്ങിയ സ്‌ഥാനത്ത്‌ എക്‌സ്-95, എസ്‌.ഐ.ജി. വിഭാഗത്തില്‍പ്പെടുന്ന 17,609 തോക്കുകള്‍ മാത്രമാണു വാങ്ങിയത്‌.

നക്‌സല്‍വേട്ടയ്‌ക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന സി.ആര്‍.പി.എഫ്‌. 18,000 എ.കെ-47 തോക്കുകള്‍ വാങ്ങി. സി.ഐ.എസ്‌.എഫ്‌ 7,921ഉം നേപ്പാള്‍ ഭൂട്ടാന്‍ അതിര്‍ത്തിയിലെ സശസ്‌ത്ര സീമാ ബല്‍ 2,719 തോക്കുകളും വാങ്ങി.

സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യമെന്നതിനൊപ്പം ഉപയോഗിക്കാനുള്ള എളുപ്പവുമാണ്‌ എ.കെ-47 തോക്കുകളെ ഇന്ത്യന്‍ സുരക്ഷാ സേനകളുടെ വിശ്വസ്‌ത ആയുധമാക്കിയത്‌.

മാവോയിസ്‌റ്റ്-തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ എകെ ശ്രേണിയില്‍പ്പെട്ട തോക്കുകള്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നു സുരക്ഷാവൃത്തങ്ങള്‍ വ്യക്‌തമാക്കി.

No comments: