ലാലിന്റെ കണ്ണുനീര്‍ വിറ്റതെങ്ങനെ?
കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന്റെ തന്റെ ബ്ലോഗിലൂടെ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധയോടെയാണ് മലയാളികള്‍ വീക്ഷിച്ചത്. രക്തമുറഞ്ഞുപോകുന്ന കൊലപാതകത്തില്‍ തന്റെ നടുക്കവും ദുഖവും രേഖപ്പെടുത്തിയ ലാലിന്റെ കുറിപ്പ് ഏറെ പ്രധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ പോലും പ്രസിദ്ധീകരിച്ചത്.
എന്നാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ നല്ലൊരു ഉദ്ദേശത്തോടെ ലാല്‍ പ്രസിദ്ധീകരിച്ച കുറിപ്പ് പക്ഷേ വിപരീതഫലമാണുള്ളവാക്കിയതെന്നാണ് യാഥാര്‍ഥ്യം. ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തെയോ വ്യക്തിയെയോ കുറ്റപ്പെടുത്താതെ പ്രസിദ്ധീകരിച്ച ആ കുറിപ്പ് ചില രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയായിരുന്നു.
നാടെങ്ങുമുള്ള ഇടതുവിരുദ്ധ മാധ്യമങ്ങള്‍ ലാലിന്റെ കുറിപ്പിനെ ഒരാഘോഷമാക്കി മാറ്റി. ടിപി വധത്തില്‍ പ്രതിക്കൂട്ടിലായ സിപിഎമ്മിനെതിരെയുള്ള ആയുധമാക്കി മാറ്റാന്‍ ലാലിന്റെ കുറിപ്പിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ഒട്ടുമിക്കവാറും മാധ്യമങ്ങള്‍ ചെയ്തത്. നേരത്തെ മോഹന്‍ലാല്‍ തന്നെ പരാമര്‍ശിച്ച വിവാദവ്യവസായികളായിരുന്നു കുറിപ്പിനെ കൊട്ടിഘോഷിച്ചത്. മലയാളിയ്ക്കിടയില്‍ ലാലിനുള്ള ജനപ്രിയതയും ഇതിന്റെ ഭാഗമായി ചൂഷണം ചെയ്യപ്പെട്ടു.
എന്തായാലും സമൂഹത്തെ ഞെട്ടിച്ച ഒരു സംഭവത്തില്‍ തന്റെ പ്രതികരണം തെറ്റായി ഉപയോഗിക്കപ്പെട്ടത് ലേശം വൈകിയാണെങ്കിലും നടന്‍ തിരിച്ചറിയുന്നുണ്ട്. ഓണ്‍ലൈന്‍ മാസികയായ നെല്ലിലൂടെ കണ്ണുനീരിനെ വില്‍പ്പനക്കു വെക്കരുതെന്ന എന്ന ലേഖനത്തിലൂടെ ലാല്‍ നടത്തുന്ന വിമര്‍ശനം ഇത്തരക്കാര്‍ക്കെതിരെയാണ്.
എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്ലോഗിലെഴുതിയതിന് എന്തൊക്കെ പുകിലാണ് നടക്കുന്നതെന്ന് ലാല്‍ ചോദിയ്ക്കുന്നു. ഞാന്‍ ആ ബ്‌ളോഗില്‍ കൊലപാതകരാഷ്ട്രീയത്തെയാണ് വിമര്‍ശിച്ചത്. കൊലപാതകം ആര്, എപ്പോള്‍ നടത്തിയതായാലും അത് പാതകമാണ്. തെറ്റാണ്. ഏത് കൊടിമരത്തിന്റെ ചുവട്ടില്‍ നിന്ന് ചെയ്താലും അത് നീതീകരണമില്ലാത്തതാണ്. അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു.
ഏത് രാഷ്ട്രയപാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ രക്തസാക്ഷിയായാലും അവരുടെ അമ്മമാരുടെ കണ്ണുനീരിന് ഒരേ സങ്കടമാണ്. ആ കണ്ണുനീര് വീണാല്‍ ഏത് കൊടിയിലെയും നിറക്കൂട്ടുകള്‍ ഇല്ലാതാവും. അത്രയ്ക്ക് നീറിപ്പിടിക്കുന്നതാണ് അത്. എന്റെ അമ്മയെ പോലുള്ള ഒരമ്മ കരഞ്ഞ് കണ്ടപ്പോള്‍ അതില്‍ ഞാന്‍ വേദനിച്ചുപോയി. അതിനര്‍ത്ഥം മറ്റുള്ള അമ്മമാരുടെ കരച്ചിലില്‍ ഞാന്‍ വേദനിക്കുന്നില്ല എന്നതാണോ? ഇത്തരത്തില്‍ അര്‍ത്ഥങ്ങള്‍ ചമക്കുന്ന വിശാരദന്‍മാരെയാണ് മുന്‍പ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. ലാല്‍ തുറന്നടിയ്ക്കുന്നു.
ഓണ്‍ലൈനില്‍ മോഹന്‍ലാല്‍ ആക്രമിയ്ക്കപ്പെടുന്നു
കൈവിട്ട ആയുധം.. വാ വിട്ട വാക്ക്.... രണ്ടും തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞത് ലാലിന്റെ ആറാം തമ്പുരാനാണ്. വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലെങ്കിലും അതിനെ തിരിച്ചുവിടാന്‍ കഴിയുമെന്ന് ലാലിന് അറിയാമായിരിക്കണം. ടിപി വധത്തില്‍ തന്റെ പ്രതികരണം വിവാദമാക്കപ്പെട്ട സാഹചര്യത്തില്‍ ലാല്‍ ചെയ്യുന്നതും അതാണ്.
ടിപി വധത്തില്‍ പ്രതിക്കൂട്ടിലാക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ അനുഭാവികള്‍ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും മോഹന്‍ലാലിനെതിരെ നടത്തുന്നത്. ഇത്രയും കാലം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മറ്റും മൗനം പാലിച്ചിരുന്ന താരം ഇപ്പോള്‍ നടത്തുന്നത് ചില രാഷ്ട്രീയഉദ്ദേശങ്ങളോടെയാണെന്ന് അക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നു. ഒരുപടി കടന്ന് കോണ്‍ഗ്രസിന്റെ കയ്യടി വാങ്ങാനാണ് ലാല്‍ ഇത് ചെയ്യുന്നതെന്നും സിപിഎം അനുഭാവികളുടെ ഫേസ്ബുക്ക് പേജുകളില്‍ കാണാം.
ഇതുമാത്രമല്ല, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മോഹന്‍ലാലടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പാലിച്ച നിശബ്ദതയും ഇതിനോടൊപ്പം ഓണ്‍ലൈനിലെ ചൂടന്‍ ചര്‍ച്ചകളായി മാറിക്കഴിഞ്ഞു. തിലകനും സുരേഷ് ഗോപിയുമൊക്കെ പോലുള്ള പ്രതികരണം നടത്താന്‍ അന്നൊന്നും ലാല്‍ തുനിയാതിരുന്നത് എന്തുകൊണ്ടാണെന്നും വിമര്‍ശകര്‍ ചോദിയ്ക്കുന്നു.
ടിപി വധത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം സിപിഎമ്മിനെതിരെയാണെന്ന തരത്തില്‍ മാധ്യമങ്ങളിലും ഓണ്‍ലൈനിലും വ്യാഖ്യാനങ്ങളുണ്ടായതാണ് ലാലിനെതിരെ ഉണ്ടായ പ്രകോപനങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്.
എന്തായാലും തന്റെ പ്രതികരണം തെറ്റായ വിധത്തിലാണ് വ്യാഖ്യാനിയ്ക്കപ്പെട്ടതെന്ന കാര്യം ലാല്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വ്യക്തമായ ഇടതുപക്ഷ ചായ്‌വുള്ള നെല്ല് ഓണ്‍ലൈന്‍ മാഗസിനിലെ ജീവിതനൗകയെന്ന കോളത്തിലൂടെ നല്‍കുന്ന വിശദീകരണത്തിലൂടെ ഡാമേജ് കണ്‍ട്രോളാണ് നടന്‍ ലക്ഷ്യമിടുന്നത്.
എന്റെ അമ്മയെ പോലുള്ള ഒരമ്മ കരഞ്ഞ് കണ്ടപ്പോള്‍ അതില്‍ ഞാന്‍ വേദനിച്ചുപോയി. അതിനര്‍ത്ഥം മറ്റുള്ള അമ്മമാരുടെ കരച്ചിലില്‍ ഞാന്‍ വേദനിക്കുന്നില്ല എന്നതാണോ? ഇത്തരത്തില്‍ അര്‍ത്ഥങ്ങള്‍ ചമക്കുന്ന വിശാരദന്‍മാരെയാണ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. ടിപി വധത്തില്‍ പൊടിഞ്ഞ കണ്ണുനീരിനെ വില്‍പ്പനയ്ക്കുവെക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത 'എല്ലാവരും' ഉപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുന്നതിലൂടെ വാ വിട്ടുപോയ വാക്കുകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ലാല്‍ നടത്തുന്നത്. എന്നാല്‍ ലാലിന്റെ ബ്ലോഗെഴുത്തിനെ ആഘോഷമാക്കിയ മാധ്യമങ്ങള്‍ വിശദീകരണത്തെ മുക്കിയെന്നതും ശ്രദ്ധയമാണ്.
No comments:
Post a Comment