| മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന എന്റിക്ക ലക്‌സി കപ്പല്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട ഉപാധികളുടെ കാര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരും കപ്പലുടമകളും തമ്മില്‍ ഭിന്നത. പരസ്‌പരം ചര്‍ച്ചചെയ്‌തു ധാരണയിലെത്തിയശേഷം നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി വിധി പറയുന്നത് ഇന്നത്തേക്കു മാറ്റി. മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നപക്ഷം കപ്പല്‍ ഇവിടെയെത്തിക്കാനും ജീവനക്കാരെ ഹാജരാക്കാനും തയാറാണെന്ന് കപ്പല്‍ ഉടമകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ തങ്ങളുടെ സൈനികരെ കോടതിക്കോ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കോ മുമ്പാകെ ഹാജരാക്കണമെന്ന വ്യവസ്‌ഥ സ്വീകാര്യമല്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്‌തമാക്കിയതാണ് ഭിന്നതയുണ്ടാകാന്‍ കാരണം. കേസുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്ന ഉറപ്പില്‍ കപ്പല്‍ വിട്ടുനല്‍കാമെന്ന് ജസ്‌റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ഗോഖലെ എന്നിവര്‍ ഇന്നലെ വാദത്തിനിടെ സൂചിപ്പിച്ചിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്‌ഥ അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നു രേഖാമൂലം ഉറപ്പു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഏത് ഉപാധിയും സ്വീകാര്യമാണെന്നാണു കപ്പല്‍ ഉടമകള്‍ നിലപാടെടുത്തത്. കപ്പലിനും ജീവനക്കാര്‍ക്കും വേണ്ടി കപ്പല്‍ കമ്പനിയുടെ ഇന്ത്യയിലുള്ള ഉദ്യോഗസ്‌ഥര്‍ ജാമ്യം നില്‍ക്കും. കപ്പല്‍ ഹാജരാക്കുന്നതിന് അഞ്ചാഴ്‌ചത്തെ നോട്ടീസും ജീവനക്കാര്‍ക്ക് മൂന്നാഴ്‌ചത്തെ നോട്ടീസും മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ മാത്രം ഹാജരായാല്‍ പോരെന്നും കപ്പലിലുണ്ടായിരുന്ന സൈനികരും ഏതു സമയത്തും ഹാജരാകുമെന്ന് ഉറപ്പു ലഭിക്കണമെന്ന് സംസ്‌ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്‌മണ്യം ആവശ്യപ്പെട്ടു. സൈനികരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നും അക്കാര്യം ഇറ്റാലിയന്‍ സര്‍ക്കാരാണു തീരുമാനിക്കേണ്ടതെന്നും കപ്പല്‍ ഉടമകള്‍ അറിയിച്ചു. തുടര്‍ന്ന് കോടതി ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടുകയായിരുന്നു. സൈനികരെ ഹാജരാക്കുമെന്ന് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേരളാ പോലീസ് കേസെടുത്തതിനെ ഇറ്റലി കോടതിയില്‍ ചോദ്യം ചെയ്‌തിരിക്കുകയാണ്. നാവികരെ ഹാജരാക്കുന്ന കാര്യത്തിലെ തീരുമാനം ഈ കേസിന്റെ തീര്‍പ്പിനെ ആശ്രയിച്ചിരിക്കുമെന്ന് അവര്‍ അറിയിച്ചതോടെയാണ് പരസ്‌പരം ചര്‍ച്ച നടത്തി നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. |
Tuesday, May 1, 2012
കപ്പല്‍ വിട്ടുനല്‍കല്‍: കപ്പലുടമകളും ഇറ്റലിയും തമ്മില്‍ ഭിന്നത
Subscribe to:
Post Comments (Atom)
No comments:
Post a Comment