Wednesday, May 23, 2012

കണ്ണൂരില്‍ ബോംബുകള്‍ ശേഖരിക്കുന്നതായി സൂചന


ടി.പി. ചന്ദ്രശേഖരന്റെ വധത്തിലുള്‍പ്പെടെ പങ്കുള്ള പ്രതികള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സുരക്ഷിതരായുണ്ടെന്ന വിലയിരുത്തല്‍ ശക്തമായതോടെ ഇവിടങ്ങളില്‍ പോലീസ് പിടിമുറുക്കുന്നു. ഇതുവരെ പോലീസിന്റെ കടുത്ത ഇടപെടല്‍ ഒന്നും ഏശാതിരുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ പരിശോധന തുടങ്ങിയത്. പല കേന്ദ്രങ്ങളിലും ബോംബുകള്‍ വ്യാപകമായി ശേഖരിക്കുന്നതായും പോലീസിന് സൂചന ലഭിച്ചു. അടുത്തിടെ കണ്ണൂരിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ പൊട്ടിത്തെറി ഇതിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രധാന കേസ്സുകളില്‍ പ്രതികളായ പലരും സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് പോലീസ് പരിശോധന തുടങ്ങിയത്. രാത്രിയും പകലുമായി രണ്ട് രീതിയിലാണ് പരിശോധന.

ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായവര്‍ ഏറ്റവും കൂടുതലുള്ള സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. രാത്രി പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇവിടം. ഷുക്കൂര്‍ വധക്കേസ്സിലുള്‍പ്പെട്ട പല സി.പി.എം. പ്രവര്‍ത്തകരുടെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഇവരാരും വീട്ടിലെത്താറില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. മിക്ക വീടുകളിലും പാര്‍ട്ടിയാണ് ചെലവ് നടത്തുന്നതെന്ന് പോലീസ് പറയുന്നു. പയ്യന്നൂര്‍, തളിപ്പറമ്പ്, പാനൂര്‍, കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, ബക്കളം മേഖലകളിലാണ് ഇപ്പോഴത്തെ പരിശോധന. എന്നാല്‍ എവിടെയൊക്കെയാണ് പരിശോധന നടത്തുന്നതെന്ന കാര്യം പോലീസിലെത്തന്നെ അധികമാരെയും മുന്‍കൂട്ടി അറിയിക്കുന്നില്ല.

ബോംബുശേഖരണം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പകല്‍ ബോംബ് സ്‌ക്വാഡിനെക്കൂടി ഉള്‍പ്പെടുത്തിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. ഇരിട്ടി, കൊളവല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം ബോംബുകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ ചിലത് അടുത്ത ദിവസങ്ങളില്‍ നിര്‍മിച്ചതാണ്. ബോംബ്‌നിര്‍മാണത്തിനുള്ള സാമഗ്രികള്‍ പ്രത്യേകം കൊണ്ടുവരുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പടക്കനിര്‍മാണത്തിന്റെ മറവിലാണ് ഇവ കടത്തുന്നത്. ക്വാറികളില്‍നിന്ന് ബോംബ്‌നിര്‍മിക്കുന്നതിനായി 'നിയോജെല്‍' ശേഖരിക്കുന്നുണ്ടെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ പിടിച്ചെടുത്ത ബോംബുകളില്‍ അലൂമിനിയം പൊടിയും പൊട്ടാസ്യം ക്ലോറേറ്റും കണ്ടെത്തിയതോടെയാണ് അന്വേഷണം വഴിമാറിയത്. ഇതോടെ ജില്ലയിലെ പടക്കസൂക്ഷിപ്പുകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനായി എന്തെങ്കിലും സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നവരെ വലിയ കുറ്റംചുമത്തി പിടികൂടാനും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടിഗ്രാമങ്ങളിലെ ബോംബ് നിര്‍മാണത്തിലും ശേഖരണത്തിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലിയ അതൃപ്തിയും പ്രതിഷേധവുമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇവര്‍ക്ക് പരാതിപ്പെടാനാവാത്ത അവസ്ഥയാണ്. ഇവര്‍ക്ക് വിവരം നല്‍കാനായി പ്രത്യേക സംവിധാനം ഒരുക്കാനും പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ഒരു എക്‌സ്‌പ്ലോസീവ് സെല്‍ രൂപവത്കരിക്കാനാണ് ശ്രമം. എസ്.പി., നാല് ഡിവിഷനിലുമുള്ള ഡിവൈ.എസ്.പി.മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും സെല്‍. ഇവരുടെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തും. ബോംബ് നിര്‍മാണത്തെക്കുറിച്ചോ ശേഖരണത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് ഈ ഫോണിലേക്ക് വിളിച്ച് വിവരം രഹസ്യമായി കൈമാറാം.

No comments: