| ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലീത്ത ഡോ. കെ.പി. യോഹന്നാനെതിരെയുള്ള കേസുകളില്‍ നിന്നും പിന്‍മാറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.എം. വര്‍ഗീസ് അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഡോ. കെ.പി. യോഹന്നാന്റെ അഭിഭാഷകന്‍ ചെറിയാന്‍ വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. കെ.പി. യോഹന്നാനെതിരേ 2005 മുതല്‍ കേസ് നല്‍കിയ വ്യക്‌തിയാണ് എ.എം. വര്‍ഗീസ്. അഞ്ചുകോടി രൂപ നല്‍കിയാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിനെതിരേയുള്ള കേസില്‍നിന്നു പിന്‍മാറാമെന്നായിരുന്നു വര്‍ഗീസിന്റെ വാഗ്‌ദാനം. അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന വര്‍ഗീസിനെതിരേ അന്വേഷണം നടത്തണമെന്നും അഡ്വ. ചെറിയാന്‍ വര്‍ഗീസ് ആവശ്യപ്പെട്ടു. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതിലുളള വിരോധമാണു തനിക്കെതിരെയുള്ള ആരോപണത്തിനു കാരണമെന്നു പൊതു പ്രവര്‍ത്തകനായ എ.എം. വര്‍ഗീസ് പറഞ്ഞു. തിരുവനന്തപുരത്തുള്ള തന്റെ വീട്ടിലെത്തി കേസില്‍നിന്നു പിന്‍മാറുകയാണെങ്കില്‍ അഞ്ചു കോടി രൂപ തരാമെന്ന് അഡ്വ. ചെറിയാന്‍ വര്‍ഗീസ് പറഞ്ഞിരുന്നു. പിന്നീട് ഫോണില്‍ വിളിച്ച് പണം തരാമെന്നും ബിലിവേഴ്‌സ് ചര്‍ച്ച് അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. തിരുവല്ലയിലെ തന്റെ അഭിഭാഷകനായ രാജിവിനെ കാണാന്‍ പോയപ്പോള്‍ ചെറിയാന്‍ വര്‍ഗീസിനെയും സന്ദര്‍ശിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയായിരുന്നു. വിഡിയോ ദൃശ്യങ്ങളിലും ഓഡിയോയിലും താന്‍ പണം ആവശ്യപ്പെടുന്നതായില്ല. ചെറിയാനാണ് പണത്തിന്റെ കാര്യം പറയുന്നത്. തന്നെ കൈക്കൂലിക്കാരനായി മാധ്യമങ്ങളിലൂടെ ചിത്രീകരിച്ച് കേസ് അട്ടിമറിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. |
Monday, May 7, 2012
ബിലീവേഴ്‌സ് ചര്‍ച്ച്: കേസുകള്‍ പിന്‍വലിക്കാന്‍ കോഴ ചോദിച്ചെന്ന് ആരോപണം
Subscribe to:
Post Comments (Atom)
No comments:
Post a Comment