Monday, May 28, 2012

ജഗനെ ജയിലിലടച്ചു


അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കഡപ്പ എം.പി.യും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍മോഹന്‍ റെഡ്ഡിയെ പ്രത്യേക സി.ബി.ഐ. കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടോടെ ജഗനെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.


ജഗനെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്ന സി.ബി.ഐ.യുടെ ഹര്‍ജിയും ജഗന്റെ ജാമ്യഹര്‍ജിയും കോടതി തള്ളി. അറസ്റ്റില്‍ പ്രതിഷേധിച്ച് വൈ.എസ്. ആര്‍. കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തിയ ആന്ധ്രാ ബന്ദ് സമാധാനപരമായിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജഗനെ ഹാജരാക്കിയ നമ്പള്ളി കോടതിപരിസരത്ത് സി.സി.ടി.വി.കള്‍ സ്ഥാപിച്ചിരുന്നു. കുഴപ്പക്കാരെ കണ്ടുപിടിക്കാനാണ് ഇതെന്ന് പോലീസ് പറഞ്ഞു. 


ക്രിമിനല്‍ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന, അക്കൗണ്ട് തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ജഗനു മേല്‍ ചുമത്തിയത്. 
കൈക്കൂലിയായി വാങ്ങുന്ന പണം ജഗന്‍ വിദേശത്ത് നിക്ഷേപിച്ച്, ഹവാല മാര്‍ഗത്തിലൂടെ സ്വന്തം വ്യവസായങ്ങളില്‍ തിരികെ നിക്ഷേപിക്കുകയാണെന്ന് സി.ബി.ഐ. ആരോപിച്ചു. മൂന്നുദിവസത്തെ ചോദ്യം ചെയ്യലുമായി ജഗന്‍ സഹകരിച്ചില്ലെന്ന് സി.ബി.ഐ. അഭിഭാഷകന്‍ അശോക് ഭാന്‍ കോടതിയില്‍ പറഞ്ഞു.


ജഗന്‍ അനുകമ്പ അര്‍ഹിക്കുന്നില്ല. പാവങ്ങളെ കൊള്ളയടിക്കുകയും അവര്‍ക്ക് അപരിഹാര്യമായ നഷ്ടം വരുത്തിവെക്കുകയുമാണ്. കുത്സിതമാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് പണം അയച്ച് അത് സ്വന്തം കമ്പനികളില്‍ നിക്ഷേപിച്ച് ആസ്തി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത് -ഭാന്‍ ആരോപിച്ചു.


1234 കോടി രൂപയുടെ നിക്ഷപമാണ് ജഗന്റെ കമ്പനികളില്‍ നടന്നിരിക്കുന്നത്. 300 കോടി രൂപയുടെ സ്വത്ത് അദ്ദേഹത്തിന്റെ പേരിലുണ്ട്. സി.ബി.ഐ. അഭിഭാഷകന്‍ ആരോപിച്ചു. കേസില്‍ ജഗനുള്‍പ്പെടെ 74 പ്രതികളുണ്ട്. ഇവരില്‍ 24 പേര്‍ക്ക് കുറ്റപത്രം നല്‍കിക്കഴിഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെല്ലാം കേസുമായി ബന്ധപ്പെട്ട സുപ്രധാന വസ്തുതകള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജഗനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ജഗന്റെ കമ്പനിയായ സന്തൂര്‍ വൈദ്യുത പദ്ധതിയിലേക്ക് മൗറീഷ്യസ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം വന്നിട്ടുണ്ട്. ഇതേക്കുറിച്ച് വിശദീകരണം തേടി ഇരുരാജ്യങ്ങള്‍ക്കും സി.ബി.ഐ. കത്തയച്ചിട്ടുണ്ട്. ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ഏഷ്യന്‍ ഇന്‍ഫ്രയാണ് സന്തൂര്‍ വൈദ്യുത പദ്ധതിയുടെ യഥാര്‍ഥ ഉടമകളെന്നാണ് സംശയിക്കുന്നതെന്ന് സി.ബി.ഐ. കോടതിയില്‍ ബോധിപ്പിച്ചു.


വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സിന്റെ ബന്ദ് ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ബന്ദിനോട് ആന്ധ്രാജനത സമ്മിശ്രമനോഭാവമാണ് പുലര്‍ത്തിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന റോഡ് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ഓടി. ആന്ധ്ര-രായലസീമ മേഖലകളിലും ബന്ദ് ഭാഗികമായിരുന്നു. തെലുങ്കാനയെ ബന്ദ് ബാധിച്ചില്ല. 
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പലയിടങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


ജഗന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മയും എം.എല്‍.എ.യുമായ വൈ.എസ്. വിജയയും കുടുംബാംഗങ്ങളും ലോട്ടസ് പോണ്ടിലെ വീടിനു മുമ്പില്‍ ധര്‍ണയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ധര്‍ണ അവസാനിപ്പിച്ച വിജയമ്മ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്ന് പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും ജൂണ്‍ 12-ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജഗന്റെ അറസ്റ്റ്. വൈ.എസ്.ആര്‍. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയാണ് ജഗന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. 

No comments: