| ടി.പി ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎം നിലപാടിനെതിരെയും ഒഞ്ചിയത്തെ പാര്‍ട്ടിയുടെ പിളര്‍പ്പിനെ ന്യായീകരിച്ചും കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്‌അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. ഒഞ്ചിയം പ്രശ്നത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായം മാത്രമല്ല പാര്‍ട്ടിയുടെ അഭിപ്രായം. സെക്രട്ടറി പറയുന്നതാണ് അവസാന വാക്കെന്ന അഭിപ്രായവും തനിക്കില്ല. സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള പാര്‍ട്ടിയാണ് സിപിഎം. നയപരമായ അഭിപ്രായ ഭിന്നതയുടെ പേരില്‍ പാര്‍ട്ടി വിട്ടുപോയവരെ തെറ്റുതിരുത്തി തിരിച്ചുകൊണ്ടുവരുന്നതിന് പകരം 'വര്‍ഗവഞ്ചകര്‍' എന്നു വിളിച്ച് അവരെ അപഹസിച്ച പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ നിലപാട് ശരിയായില്ല. സഖാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ തന്റെ അഭിപ്രായത്തിനെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശവും ഇതിനെ ന്യായീകരിച്ചും തന്നെ എതിര്‍ത്തും വി.വി ദക്ഷിണാമൂര്‍ത്തി പ്രസ്‌താവന നടത്തി. പക്ഷേ ദക്ഷിണാമൂര്‍ത്തി വിചാരിച്ചിരിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ വാക്കാണ് അന്തിമമെന്ന്. എന്നാല്‍ കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും പോലെയല്ല സിപിഎം. സിപിഎമ്മില്‍ ഹൈക്കമാന്റില്ല. കോണ്‍ഗ്രസില്‍ ഹൈക്കമാന്റും ലീഗില്‍ പാണക്കാട് തങ്ങളുമാണ് അന്തിമ വാക്കെന്നും വി.എസ് പറഞ്ഞു. വി.എസിന്റെ ഈ പ്രസ്‌താവന പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് കാരണമാകില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വരട്ടെ, നമുക്ക് കാണാം ആരാണ് അച്ചടക്ക ലംഘനം നടത്തിയതെന്ന് കാണാമെന്നായിരുന്നു വി.എസിന്റെ മറുപടി. 1964 ഏപ്രില്‍ 11ന് ദേശീയ കൗണ്‍സിലില്‍ നിന്നു വിട്ടുപോന്ന 32 പേര്‍ ചേര്‍ന്ന് സിപിഎം രൂപീകരിച്ച അതേ സാഹചര്യമാണ് നിലവിലുള്ളത്. അന്ന് പാര്‍ട്ടി വിട്ടുപോകുന്നവരെ ചെയര്‍മാന്‍ എസ്.എ ഡാങ്കെ വര്‍ഗവഞ്ചകര്‍ എന്നാണ് ആക്ഷേപിച്ചത്. അതേ നിലപാടാണ് ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയും സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുണ്ടായ തെറ്റ് ചൂണ്ടിക്കാട്ടിയാണ് താനുള്‍പ്പെടെയുള്ളവര്‍ അന്ന് സിപിഐ വിട്ടത്. തങ്ങളെ അന്ന് ഡാങ്കെയും അവഹേളിച്ചിരുന്നു. ഡാങ്കെ അവഹേളിച്ചവര്‍ക്കൊപ്പം ജനലക്ഷങ്ങള്‍ അണിനിരന്നു.കൊല്‍ക്കൊത്തയില്‍ നടന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേര്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനം പാര്‍ട്ടിയുടെ അംഗബലം 10 ലക്ഷമാക്കി വളര്‍ത്തി. പാര്‍ട്ടിയുടെ നയപരവും സംഘടനാപരവുമായ നിലപാടുകളാണ് അംഗസംഖ്യ 10 ലക്ഷത്തിലേക്ക് ഉയര്‍ത്തിയത്. അന്നത്തെ പിളര്‍പ്പ് ന്യായീകരിക്കുന്നതാണ് പാര്‍ട്ടിയുടെ വളര്‍ച്ച. സമാനമായ നിലപാടാണ് ഒഞ്ചിയത്തുമുണ്ടായത്. പാര്‍ട്ടിയില്‍ നിന്ന് പിളര്‍ച്ച് ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യുഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഇവരെ കുലംകുത്തികള്‍ എന്നു വിളിച്ചാപേക്ഷിക്കുന്നത് ശരിയല്ല. പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ തിരുത്താനാണ് തന്റെ ശ്രമം. ഡാങ്കെയെപ്പോലെ ഏകാധിപതിയാണോ പിണറായിയും എന്ന ചോദ്യത്തിന് അത് നിങ്ങള്‍ക്കറിയാമല്ലോ എന്നാണ് വി.എസ് മറുപടി നല്‍കിയത്. ഡാങ്കെയുടെ ഗതി പിണറായിക്ക് ഉണ്ടാകുമോ? സെക്രട്ടറിയുടെ ഈ നിലപാട് തിരുത്തപ്പെടുമോ? എന്ന ചോദ്യത്തിന് വരുംനാളുകളില്‍ കമ്മിറ്റികളിലും മറ്റും ഉണ്ടായേക്കുമെന്നും വി.എസ് പറഞ്ഞു. ഡാങ്കെയെ പിന്നീട് സിപിഐ തന്നെ പുറത്താക്കിയെന്ന് ഓര്‍ക്കണമെന്നും വി.എസ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ തെറ്റുണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാട്ടി പിളര്‍പ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതു തന്നെയാണ് ഒഞ്ചിയത്ത് സഖാവ് ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നത്. അവരെ നേതൃത്വം അവഹേളിക്കുകയാണുണ്ടായത്. ഒഞ്ചിയം പഞ്ചായത്തിലെ ചില പ്രശ്നങ്ങളാണ് പിളര്‍പ്പിന് ഇടയാക്കിയത്. ഒഞ്ചിയം രക്‌തസാക്ഷികളുടെ നാടാണ്. അവിടെ സഖാക്കള്‍ക്ക് തെറ്റുപറ്റിയാല്‍ തിരുത്തി തിരിച്ചുകൊണ്ടുവരികയാണ് വേണ്ടത്. ചന്ദ്രശേഖരനെ ശത്രുക്കള്‍ പൈശാചികമായി കൊലപ്പെടുത്തിയ ദിവസവും അവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ചത് ശരിയായില്ലെന്നും വി.എസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടി.പിയുടെ കൊലപാതകത്തിനു പിന്നില്‍ വിവാദ വ്യവസായി ഉണ്ടെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇപ്പോള്‍ അത്തരം കാര്യങ്ങളിലേക്ക് കടന്ന് അന്വേഷണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളെ അറസ്‌റ്റു ചെയ്യാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കിയതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ കോടതി നടപടികളുമായി മുന്നോട്ടുപോകട്ടെ സിബിഐ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നും വി.എസ് പറഞ്ഞു. തോക്കില്‍കയറി വെടിവയ്ക്കന്‍ ശ്രമിക്കേണ്ടെന്നും നിങ്ങളുടെ ഉദ്യാമത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കേണ്ടെന്നും വി.എസ് പറഞ്ഞു. വി.എസ് നേരത്തെ പാര്‍ട്ടി വിട്ടുവരേണ്ടതാണെന്ന ബര്‍ലിന്‍ കുഞ്ഞനനന്തനായരുടെ പ്രസ്താവനയും വി.എസില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന ജനാധിപത്യ ഏകോപന സമിതി നേതാക്കളുടെയും പരാമര്‍ശവൂം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ നിലപാട് സ്വീകരിക്കാമെന്നായിരുന്നു വി.എസിന്റെ മറുപടി. പാര്‍ട്ടിയില്‍ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന പിണറായി വിജയന് ഡാങ്കെയുടെ ഗതിതന്നെയാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമാണ് വി.എസ് നല്‍കിയത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം പ്രതീക്ഷിച്ചും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കാനും കരുതികൂട്ടി തന്നെയാണ് വി.എസ് ഇന്നു വാര്‍ത്താസമ്മേളനം വിളിച്ചത്. |
Saturday, May 12, 2012
പിണറായി ഡാങ്കെയെപോലെ; ഒഞ്ചിയം സഖാക്കളെ അവഹേളിച്ചത് തെറ്റ്: വി.എസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment