Saturday, May 12, 2012

ഡിസ്‌റ്റിലറി മാറ്റം: വധേരയുടെ സമ്മര്‍ദത്തിനു വഴങ്ങി


മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച ഡിസ്‌റ്റിലറി മുതലമടയിലേക്കു മാറ്റാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്‌ റോബര്‍ട്ട്‌ വധേരയുടെ സമ്മര്‍ദത്തിനു വഴങ്ങി.

ഡിസ്‌റ്റിലറി ഉടമയുടെ ഉന്നത രാഷ്‌ട്രീയ- ഉദ്യോഗസ്‌ഥ 'ബന്ധ'ത്തിനു മുന്നില്‍ വഴിമാറിയതു നയവും നിയമവും. ഉല്‍പ്പാദനക്ഷമതകൂടി വര്‍ധിപ്പിച്ച്‌ മുതലമടയില്‍ ഒരു 'പുതിയ' പ്ലാന്റ്‌ സ്‌ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്‌ യുണൈറ്റഡ്‌ ഡിസ്‌റ്റിലറീസ്‌ ശ്രമം തുടങ്ങിയത്‌.

ഉദ്യോഗസ്‌ഥരും സര്‍ക്കാരും ചൂണ്ടിക്കാട്ടിയ കുരുക്കുകള്‍ ഒന്നൊന്നായി മറികടന്നാണു വിഷയം പരിഗണിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കുന്ന വിധി ഹൈക്കോടതിയില്‍ നിന്നു സംഘടിപ്പിച്ചത്‌. അനുകൂല തീരുമാനമെടുക്കാനുള്ള നിര്‍ദേശം ഡല്‍ഹിയില്‍ നിന്നു ലഭിച്ചതോടെ പ്ലാന്റ്‌ മുതലമടയിലേക്കു മാറ്റാനുള്ള ഉത്തരവ്‌ ഇറങ്ങി.

ഗള്‍ഫ്‌ രാജ്യങ്ങളിലടക്കം മദ്യവ്യാപാരമുള്ള ഉടമയ്‌ക്കു പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട്‌ വധേരയുമായുള്ള അടുപ്പമാണ്‌ ഡിസ്‌റ്റിലറി മാറ്റ ഉത്തരവിനു പിന്നിലെ പ്രധാന ഘടകം.

കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശത്തെ എതിര്‍ക്കാന്‍ സംസ്‌ഥാന നേതൃത്വത്തിനായില്ല. വധേര സമ്മര്‍ദം വിജയിച്ചതോടെ മാസങ്ങളായി ചൂണ്ടിക്കാട്ടിയിരുന്ന തടസങ്ങളാണ്‌ ഇല്ലാതായത്‌. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമായി ഉത്തരവിറക്കി ബന്ധപ്പെട്ടവര്‍ വിവാദത്തില്‍ നിന്നു തലയൂരി.

പ്ലാന്റ്‌ മാറ്റം സംബന്ധിച്ച്‌ കേരള ഡിസ്‌റ്റിലറീസ്‌ ആന്‍ഡ്‌ വെയര്‍ ഹൗസ്‌ ചട്ടങ്ങളില്‍ വ്യവസ്‌ഥയില്ല. മുമ്പു രണ്ടുതവണ ഇത്തരത്തില്‍ ചെയ്‌തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്‌ തീരുമാനമെടുത്തത്‌. 400 പേരുടെ തൊഴില്‍ പ്രശ്‌നവും ഖജനാവിലേക്ക്‌ എത്തുന്ന കോടികളുടെ നികുതിയും അനുകൂല തീരുമാനമെടുക്കാന്‍ കാരണമായി.

No comments: