Saturday, May 5, 2012

ഈ പരസ്യം പ്രശ്നമാണ്


ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള താരം എന്ന ബഹുമതിക്കുടമയായിരുന്നു അഷ്ടണ്‍ കട്ചര്‍ എന്ന ഹോളിവുഡ് നടന്‍. കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ ഈ അമെരിക്കന്‍ താരം ഇപ്പോള്‍ കരിയറിലെ ഏറ്റവും വ്യത്യസ്തമായ റോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ആപ്പിള്‍ ഫൗണ്ടര്‍ സ്റ്റീവ് ജോബ്സിന്‍റെ ജീവിതം ജോഷ്വാ മൈക്കിള്‍ സ്റ്റെന്‍, ജോബ്സ് എന്ന പേരില്‍ അഭ്രപാളിയിലേക്കു പകര്‍ത്തുമ്പോള്‍ സ്റ്റീവ് ആവുന്നത് അഷ്ടണ്‍. അഭ്രപാളിക്കു പുറത്ത് വിഖ്യാത താരം ഡെമി മൂറിനെ പ്രണയിച്ചു വാര്‍ത്തകളില്‍ നിറഞ്ഞു അഷ്ടണ്‍. എന്നാല്‍ അടുത്തിടെ ഡെമിയെ വിഷാദത്തിന്‍റെ പടുകുഴിയിലേക്കു തള്ളിയിട്ട് അഷ്ടണ്‍ ആ വിവാഹ ബന്ധം അവസാനിപ്പിച്ചു. മില കുനിസ് എന്ന നടിയുമായി പ്രണയത്തിലാണെന്നു കേള്‍ക്കുന്നു.

അഷ്ടണിന്‍റെ അപ്രതീക്ഷിത വിരഹത്തില്‍ മനം നൊന്ത് ഡെമി വിലപിച്ചപ്പോള്‍, മാനസിക നില തെറ്റുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ കേരളത്തില്‍ നിന്നാരോ, ഗോസ്റ്റും സ്ട്രിപ്റ്റീസും ഡിസ്ക്ലോഷറും കണ്ട് ഡെമിയെ പ്രണയിച്ചു പോയ ആരോ ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു, ഇവന്‍ അഷ്ടണ്‍ കട്ചര്‍ അല്ല, കച്ചറയാണ്. 

വീണ്ടും ഒരു ഇന്ത്യന്‍ കണക്ഷനില്‍ അഷ്ടണ്‍ വിവാദം സൃഷ്ടിക്കുന്നു. ഒരു പൊട്ടറ്റോ ചിപ്സ് കമ്പനിക്കു വേണ്ടി അഷ്ടണ്‍ അഭിനയിച്ച പരസ്യമാണു പ്രശ്നം. അമെരിക്കന്‍ ചാനലുകളില്‍ കാണിച്ച ആഡില്‍ മൂന്നു വ്യത്യസ്ത അപ്പിയറന്‍സുകളാണ് അഷ്ടന്. അതില്‍ ഒന്ന് രാജ് എന്ന ബോളിവുഡ് പ്രൊഡ്യൂസറാണ്. ഷെര്‍വാണി അണിഞ്ഞ്, മീശ വച്ച് ഇന്ത്യന്‍ സ്റ്റൈലില്‍ അഷ്ടണ്‍ വരുന്നു. എന്നാല്‍ പരസ്യത്തിലെ ചില പ്രയോഗങ്ങള്‍ ഇന്ത്യക്കാരെ അപമാനിക്കുന്ന തരത്തിലാണെന്നു വിമര്‍ശനം ഉയര്‍ന്നു. അഷ്ടന്‍റെ സംസാരരീതിയും മാനറിസങ്ങളുമൊക്കെ വംശീയ അധിക്ഷേപമാണെന്നാണ് പരാതി. ഇന്ത്യക്കാരെല്ലാം ഇങ്ങനെയാണെന്ന ഇമേജ് സൃഷ്ടിക്കുന്ന തരത്തിലാണു പരസ്യത്തില്‍ അഷ്ടണ്‍ വരുന്നത്. 

സംഭവം വിവാദമായപ്പോള്‍ അഷ്ടണ്‍ മാപ്പു പറഞ്ഞു. പരസ്യം പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കേണ്ടതു കമ്പനിയാണ്. അവര്‍ അവതരിപ്പിച്ച തീമില്‍ ഞാന്‍ അഭിനയിച്ചു എന്നേയുള്ളൂ. ആരേയും അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, അഷ്്ടണ്‍ പറയുന്നു
.

No comments: