Monday, May 7, 2012

ഇടുക്കിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കു തമിഴ്‌നാട്ടിലെ കലാലയങ്ങളിലും ആശുപത്രികളിലും പ്രത്യേക പരിഗണന


ഇടുക്കിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കു തമിഴ്‌നാട്ടിലെ കലാലയങ്ങളിലും ആശുപത്രികളിലും പ്രത്യേക പരിഗണന നല്‍കാന്‍ നിര്‍ദേശം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാളികളുടെ പ്രതിഷേധം ശക്‌തമാകാന്‍ സാധ്യതയുള്ളതു മുന്നില്‍ക്കണ്ടാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ അറിവോടെയുള്ള ഈ നീക്കം. ഇതുവഴി അതിര്‍ത്തി ഗ്രാമങ്ങളിലെ മലയാളികളുടെ ഈര്‍ഷ്യ കുറയ്‌ക്കാമെന്നാണു തമിഴ്‌നാടിന്റെ പ്രതീക്ഷ. കേരളത്തില്‍ മുല്ലപ്പെരിയാര്‍ സമരത്തിന്‌ എതിരായ വികാരം വളര്‍ത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്‌.

ദേവികുളം, പീരുമേട്‌, ഉടുമ്പന്‍ചോല താലൂക്കുകളില്‍പ്പെട്ട മലയാളികള്‍ പഠന, ചികിത്സാ ആവശ്യങ്ങള്‍ക്കായി മധുര, തേനി ജില്ലകളിലെ സ്‌ഥാപനങ്ങളില്‍ എത്തിയാല്‍ മാന്യമായ പെരുമാറ്റം മാത്രമല്ല, പ്രവേശനവും ഫീസിളവും നല്‍കാനാണു നിര്‍ദേശം. പുതിയ അധ്യയനവര്‍ഷം മുതല്‍ ഇതു പരിഗണിക്കണമെന്നാണ്‌ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നിര്‍ദേശം. ഇതുവഴി സ്‌ഥാപനത്തിനുണ്ടാകുന്ന നഷ്‌ടം സര്‍ക്കാര്‍ വഹിക്കും.

മുമ്പും ചെറിയ പരിഗണന മലയാളികള്‍ക്കു ലഭിക്കാറുണ്ടെങ്കിലും ഇത്തവണ ഭരണകൂടത്തിന്റെ സഹായത്തോടെയുള്ള നീക്കമാണ്‌. മുല്ലപ്പെരിയാറില്‍ പ്രത്യക്ഷ സമരത്തിലുള്ള ഇടത്തരം, സാധാരണ മലയാളി കുടുംബങ്ങളെ ഇതിലൂടെ സ്വാധീനിക്കാമെന്നാണ്‌ തമിഴ്‌നാടിന്റെ കണക്കുകൂട്ടല്‍.

തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കും നഴ്‌സിംഗ്‌-മെഡിസിന്‍ പഠനത്തിനും ഇടുക്കിക്കാര്‍ക്കു ഫീസിളവും സീറ്റും ഇതിലൂടെ ലഭിക്കാം. അര്‍ഹരായവര്‍ക്കു തുക കെട്ടിവയ്‌ക്കാതെ പ്രവേശനം നല്‍കാനും ആലോചനയുണ്ട്‌. കേരളത്തിലെ പ്രഫഷണല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കാതെയും ഉയര്‍ന്ന ഫീസ്‌ കൊടുക്കാന്‍ നിവൃത്തിയില്ലാതെയും തമിഴ്‌നാട്ടിലെത്തുന്ന ഇടുക്കിക്കാരെ നിരാശരാക്കി വിടില്ലെന്നു സാരം.

അതിര്‍ത്തിയില്‍ തമിഴ്‌വിരുദ്ധ വികാരം കുറച്ചുകൊണ്ടുവരുന്നതിലൂടെ ഭാവിയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ ഉള്‍പ്പെടുന്ന മലയോര താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്നാവശ്യപ്പെടാനും അവര്‍ക്കു കഴിയും. സമരത്തിനും ബഹളത്തിനും പോകുന്ന ഇടത്തരം, സാധാരണ കുടുംബങ്ങളില്‍പ്പെട്ടവരെ കൈയിലെടുക്കാനാണ്‌ തമിഴ്‌നാടിന്റെ നീക്കം.

കേരളത്തിനെതിരായി ഉന്നതാധികാരസമിതി റിപ്പോര്‍ട്ട്‌ വന്നിട്ടും ഇടുക്കിയില്‍ കാര്യമായ പ്രതിഷേധം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്‌. തോട്ടം മേഖലയിലെ തമിഴ്‌കുട്ടികള്‍ ഇപ്പോള്‍ത്തന്നെ തമിഴ്‌നാട്ടിലാണ്‌ പഠിക്കുന്നത്‌.

കേരളത്തില്‍ പത്താംക്ലാസ്‌ വരെയേ തമിഴ്‌ പഠനമുള്ളൂ എന്നതിനാലാണിത്‌. കേരള സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ ധനസഹായങ്ങള്‍ വാങ്ങിയാണു തമിഴ്‌നാട്ടിലെ പഠനം.

മുല്ലപ്പെരിയാര്‍ സമരം കൊടുമ്പിരിക്കൊണ്ടിരുന്ന വേളയില്‍ കനത്ത സാമ്പത്തിക നഷ്‌ടമാണ്‌ കുമളിയിലെ കച്ചവടക്കാര്‍ക്കുണ്ടായത്‌. മണ്ഡലകാലത്ത്‌ മുല്ലപ്പെരിയാര്‍ പ്രക്ഷോഭം കത്തിനിന്നതുകാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാരുടെ വരവു കുറഞ്ഞിരുന്നു.

ഇതു ലക്ഷങ്ങളുടെ കച്ചവടനഷ്‌ടമാണുണ്ടാക്കിയത്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാര്‍ക്ക്‌ സ്വാഗതവും സുരക്ഷയുമോതി കച്ചവടക്കാര്‍ നഗരത്തില്‍ സമാധാന ജാഥ സംഘടിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

എരുമേലിയിലും കഴിഞ്ഞതവണ കച്ചവടം കൊഴുത്തില്ല. മുന്‍ അനുഭവം മനസിലാക്കി ഇത്തവണ സമരത്തെ അവരൊന്നും സ്വാഗതം ചെയ്യാനിടയില്ല. 

No comments: