Friday, May 25, 2012

ലക്ഷ്യമിട്ടതു തദ്ദേശവോട്ടിനു മുമ്പ്‌ ടി.പിയെ വധിക്കാന്‍

ടി.പി. ചന്ദ്രശേഖരനെ 2010-ലെ തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പിനു മുമ്പു വകവരുത്താന്‍ ലക്ഷ്യമിട്ടു. ഇതിനായി 2009-ല്‍ ക്വട്ടേഷന്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ സി.പി.എം. നേതാക്കളുടെ വ്യക്‌തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെന്നും കഴിഞ്ഞദിവസം മൈസൂരില്‍ അറസ്‌റ്റിലായ മാഹി അരയാക്കൂല്‍ സിജിത്തിന്റെ കുറ്റസമ്മതമൊഴി. 

കണ്ണൂരിലെ കിര്‍മാണി മനോജിനായിരുന്നു 2009-ല്‍ ക്വട്ടേഷന്‍ കൊടുത്തത്‌. മനോജിന്റെ സംഘം അഞ്ചു തവണ വധിക്കാന്‍ ശ്രമിച്ചു. ശ്രമങ്ങള്‍ വിഫലമായപ്പോള്‍ ക്വട്ടേഷന്‍ കൊടി സുനിക്കു മറിച്ചുനല്‍കി. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ ടി.പിയുടെ സാന്നിധ്യം സി.പി.എം. നേതാക്കള്‍ക്ക്‌ അസ്വസ്‌ഥതയുണ്ടാക്കുമെന്ന മുന്‍വിധിയായിരുന്നു ക്വട്ടേഷന്‍ കൊടുക്കാനുള്ള തീരുമാനത്തിനു പിന്നില്‍. അന്നും കൊലയാളി സംഘത്തിനു ടി.പിയെ കാട്ടിക്കൊടുത്തത്‌ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനായിരുന്നു. 

നേരത്തേ അറസ്‌റ്റിലായ രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ നാടകീയമായിരുന്നു സിജിത്തിന്റെ ചോദ്യം ചെയ്യല്‍. ഇതോടെ രണ്ടുവര്‍ഷം പഴക്കമുള്ള 'തിരക്കഥ' മറനീക്കി പുറത്തുവന്നു. 

2010 ല്‍ ടി.പിയെ വധിക്കാന്‍ സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടത്തിയതിന്‌ ഇന്നലെ വൈകിട്ട്‌ ചോമ്പാല്‍ പോലീസ്‌ കേസെടുത്തു.

കൊലയാളി സംഘത്തിലുണ്ടായിന്നെങ്കിലും രാമചന്ദ്രനുമായി സിജിത്തിന്‌ അടുപ്പമുണ്ടായിരുന്നില്ല. പിന്നീട്‌ ഇരുവരും കൂടിക്കണ്ടിട്ടില്ല. കൊടി സുനിയുടെ സംഘത്തിലും സിജിത്ത്‌ പിന്നീടു ചേരുകയായിരുന്നു. 

2010-ലെ കൊലപാതകശ്രമത്തില്‍ രാമചന്ദ്രന്റെ പങ്ക്‌ വലുതായിരുന്നു. ഇത്തവണ ഗൂഢാലോചന നടത്തുകയും പ്രതികള്‍ക്കു വേണ്ട സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്‌ത നേതാക്കള്‍ക്ക്‌ അന്നത്തെ കൊലപാതകശ്രമത്തിലും പങ്കുണ്ടായിരിക്കാമെന്നാണു വിലയിരുത്തല്‍. അതേസമയം ക്വട്ടേഷന്‍ നല്‍കിയതാരെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും വ്യക്‌തമായിട്ടില്ല. 

പ്രാദേശിക നേതാക്കള്‍ ക്വട്ടേഷന്‍ സംഘത്തിനൊപ്പം പോയതു ജില്ലാ-സംസ്‌ഥാന നേതാക്കളുടെ ആജ്‌ഞയനുസരിച്ചായിരിക്കാമെന്നാണു പറയുന്നത്‌. 2010 -ലെ കൊലപാതകശ്രമത്തിനു പുറമേ ഈ വര്‍ഷവും ആറു തവണ ടി.പിയെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നതായി സിജിത്തിന്റെ മൊഴിയിലുണ്ട്‌. മേയില്‍ നടത്തിയ മൂന്നു ശ്രമങ്ങള്‍ കൂടാതെയും പദ്ധതി ആസൂത്രണം ചെയ്‌തിരുന്നു. ഈ വര്‍ഷത്തെ ക്വട്ടേഷന്‍ മാത്രമാണു കൊടി സുനിയെ ഏല്‍പ്പിച്ചത്‌. സുനിയുടെ ക്വട്ടേഷന്‍ സംഘത്തിലും മനോജുണ്ടായിരുന്നു. 

ഇത്തവണ കൊടി സുനിയുടെ നേതൃത്വത്തില്‍ ഒഞ്ചിയം ഏരിയാകമ്മിറ്റി ഓഫിസില്‍ വച്ചും ഗൂഢാലോചന നടന്നിട്ടുണ്ടെന്നു വ്യക്‌തമായി. സിജിത്താണ്‌ ഇതു സംബന്ധിച്ചു പോലീസില്‍ മൊഴി നല്‍കിയത്‌. മാഹിയിലെ ബാറിലും അന്ത്യേരി സുരയുടെ വീട്ടിലും സംഘാംഗങ്ങള്‍ ഒത്തുചേര്‍ന്നു ചര്‍ച്ച നടത്തിയതായും സിജിത്ത്‌ മൊഴി നല്‍കിയതായാണ്‌ അറിയുന്നത്‌. 

തന്നെ രക്ഷിക്കാന്‍ വാഹനസൗകര്യം ഒരുക്കിയതു പാര്‍ട്ടിയുടെ രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളാണെന്നും സിജിത്ത്‌ സമ്മതിച്ചു. ഫസല്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷിക്കുന്ന നേതാവിന്റെ കാറിലാണ്‌ സിജിത്ത്‌ തലശേരി ആശുപത്രിയിലെത്തിതെന്നാണു സൂചന. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ഈ വാഹനത്തിന്റെ നമ്പര്‍ വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയാറായിട്ടില്ല. കൂത്തുപറമ്പ്‌ ഏരിയാകമ്മിറ്റി ഓഫീസിനു സമീപത്തുനിന്നു സിജിത്തിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി നേരത്തെതന്നെ 'നേതാവിന്റെ കാര്‍' തയാറാക്കിയിരുന്നു. 

ഇതില്‍ സിജിത്ത്‌ തലശേരി ആശുപത്രിയിലെത്തി. ചികിത്സയ്‌ക്കു ശേഷം അന്നു രാത്രിതന്നെ പനോളിയിലുള്ള മറ്റൊരു പാര്‍ട്ടി അംഗത്തിന്റെ വാഹനത്തില്‍ കര്‍ണാടകയിലേക്കു കടന്നെന്നുമാണു സിജിത്ത്‌ നല്‍കിയ വിവരം.

No comments: