Thursday, May 24, 2012

എട്ടാം വയസില്‍ പോറ്റമ്മ നഷ്ടപ്പെട്ടു; 30ല്‍ രാഷ്ട്രവും



ഭരണകൂടം ചവിട്ടിമെതിക്കുന്നതു ജനക്കൂട്ടത്തെയാകുമ്പോള്‍ ചരിത്ര രേഖയാകാറുണ്ട്. എന്നാല്‍ വ്യക്തികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ പലപ്പോഴും അറിയപ്പെടാതെ പോകുന്നു. അത്തരത്തിലൊരു കഥയാണു കോല്‍ക്കത്തയില്‍ ജനിച്ച അനാഥ കെയ്റി അബ്ഹ സ്റ്റെഫാര്‍ഡിന്‍റേത്. മതിയായ രേഖകളില്ലാത്തതിന്‍റെ പേരില്‍ യുഎസ് ഇന്ത്യയിലേക്കു നാടുകടത്താന്‍ നിശ്ചയിക്കുകയാണിവരെ. എന്നാല്‍ തനിക്കു തികച്ചും അപരിചിതമായ ഇന്ത്യയില്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്കിലാണിവര്‍.

മൂന്നു മാസമെത്തിയ കെയ്റിയെ യുഎസ് സ്വദേശിനി എല്‍റീന്‍ ദത്തെടുക്കുകയായിരുന്നു. എന്നാല്‍ അക്കാലത്തു ദത്തെടുക്കലിനു വ്യക്തമായ രേഖകള്‍ തയാറാക്കിയിരുന്നില്ല. യുഎസ് പൗരത്വം നേടുന്നതിനുള്ള നടപടികളും സ്വീകരിച്ചില്ല. പോറ്റമ്മ എട്ടാം വയസില്‍ അര്‍ബുദ രോഗബാധിതയായി മരിച്ചതോടെ വീണ്ടും വിധി സ്റ്റെഫാനിയെ തോല്‍പ്പിച്ചു. 

തുടര്‍ന്ന് ഉറ്റവരുടെ സഹായത്തോടെ പൗരത്വം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. 17ാം വയസില്‍ മയക്കുമരുന്നു കേസുമായി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തലപൊക്കയിത്. 1996ലെ അമെരിക്കന്‍ കുടിയേറ്റനിയമം അനുസരിച്ച് ഇവര്‍ അനധികൃത കുടിയേറ്റക്കാരിയാണെന്നു കോടതി വിധിച്ചു. തുടര്‍ന്നു ജയില്‍ വാസമനുഭവിച്ച ഇവര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചതായി 2004ല്‍ കോടതി കണ്ടെത്തിയതോടെ ഇന്ത്യയിലേക്കു നാടുകടത്താന്‍ യുഎസ് തീരുമാനിച്ചു.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വിദേശികള്‍ക്കുള്ള 2000ലെ അമെരിക്കന്‍ നിയമഭേദഗതിയനുസരിച്ചുള്ള കെയ്റിക്കു പൗരത്വത്തിന് അവകാശമുണ്ടെന്നുള്ള വിധി നേടാനായെങ്കിലും യുഎസ് എമിഗ്രേഷന്‍ വിഭാഗം ഇതിനെതിരേ വിധി നേടുകയായിരുന്നു. കെയ്റിയുടെ പൗരത്വ പ്രശ്നത്തില്‍ ഇടപെടാനാകില്ലെന്നാണു കോടതി വ്യക്തമാക്കിയത്. 

യുഎസില്‍ ഇത്തരത്തില്‍ ഒരു കേസ് അപൂര്‍വമെന്നു കെയ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അലന്‍ സ്മിത്ത് പറയുന്നു. സ്മിത്തും സുഹൃത്തുക്കളും സൗജന്യനിയമസഹായം നല്‍കുകയാണിപ്പോള്‍. നാടുകടത്തല്‍ റദ്ദാക്കാന്‍ യുഎസ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് അവര്‍. 45 ദിവസത്തിനകം നാടു കടത്താനാണ് എമിഗ്രേഷന്‍ വിഭാഗം നീക്കം നടത്തുന്നത്. ഇതിനകം വിധി സമ്പാദിക്കുകയെന്നതു ശ്രമകരമാണെന്നു സ്മിത്ത് പറഞ്ഞു. 

ആരോരുമില്ലാത്ത ഇന്ത്യയില്‍ ഭാഷ പോലുമറിയാതെ എത്തിപ്പെടുന്നതു ജീവിതം വഴിമുട്ടിക്കുമെന്നറിയുന്നത് കെയ്റിയെ പരിഭ്രാന്തയാക്കുന്നു. അഭിഭാഷകരുമായി ഫോണും ഇ- മെയിലുകളും വഴി നിരന്തര സമ്പര്‍ക്കത്തിലാണു 30ാം വയസില്‍ ലോകത്ത് അഭയാര്‍ഥിയായ ഇവര്‍.

No comments: