Monday, May 21, 2012

വധശ്രമം: സുവിശേഷകന്‍ കെ.എ. പോള്‍ അറസ്റ്റില്‍


സഹോദരനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് പ്രമുഖ സുവിശേഷകന്‍ കെ.എ. പോള്‍ അറസ്റ്റില്‍. മുഖ്യപ്രതി കോടേശ്വര റാവുവിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനു കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണു കേസ്. ഒരു കോടി രൂപയായിരുന്നു ക്വട്ടേഷന്‍ തുക. മൂന്നു ലക്ഷം അഡ്വാന്‍സായി നല്‍കി. 

2010ല്‍ പോളിന്‍റെ സഹോദരന്‍ ഡാനിയേലിനെ ഒരു ദേശീയ പാതയ്ക്കു സമീപം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഓംഗോളില്‍ തന്‍റെ സംഘടന പ്രജാ ശാന്തി പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണു പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന, വധശ്രമം തുടങ്ങി വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയെന്ന് പ്രകാശം ജില്ലാ പൊലീസ് സൂപ്രണ്ട് രഘുരാമി റെഡ്ഡി. 

വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹം തന്നോട് 20 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ട് ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചതോടെയാണു പോള്‍ മാധ്യമശ്രദ്ധയില്‍പ്പെടുന്നത്. 

പണം നല്‍കിയില്ലെന്നും വൈഎസ്ആര്‍ ഇതില്‍ കുപിതനെന്നും ആരോപിച്ച പോള്‍ പിന്നീടു സ്വന്തം പാര്‍ട്ടിയുണ്ടാക്കി. കോണ്‍ഗ്രസ് നേതാക്കളും വൈഎസ്ആറിന്‍റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയും ഗൂഢാലോചന നടത്തി തന്നെ കേസില്‍ കുടുക്കിയതാണെന്ന് പോള്‍ ആരോപിച്ചു.

No comments: