Tuesday, May 1, 2012

പ്രണബ്‌ അസ്വീകാര്യനെന്ന്‌ ബി.ജെ.പി: കലാമിനെ വേണ്ടെന്ന്‌ സി.പി.എം


രാഷ്‌ട്രപതി പദത്തിലേക്കു ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അടക്കമുള്ള കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികള്‍ അസ്വീകാര്യരെന്നു ബി.ജെ.പി. ഡോ. അബ്‌ദുള്‍ കലാം വേണ്ടെന്നു സി.പി.എം. ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയെ രാഷ്‌ട്രപതിയായി ഉയര്‍ത്തണമെന്നു ലാലു...

പ്രതിഭാ പാട്ടീല്‍ ജൂലൈ അവസാനം രാഷ്‌ട്രപതി ഭവന്റെ പടിയിറങ്ങാനിരിക്കെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കു ചൂടേറി. പൊതുസമ്മതനായ ഒരാളെ കണ്ടെത്താനായില്ലെങ്കില്‍ മത്സരം നടന്നേക്കുമെന്നും അഭ്യൂഹം.

സ്വന്തം നോമിനിയെ രാഷ്‌ട്രപതിഭവനില്‍ എത്തിക്കാന്‍ പ്രധാന കക്ഷികളായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഭൂരിപക്ഷമില്ലാതായതോടെയാണു ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്‌. സമവായത്തിനാണു ശ്രമമെന്നു പറയുന്നുണ്ടെങ്കിലും പ്രണബ്‌ മുഖര്‍ജി, ഹമീദ്‌ അന്‍സാരി എന്നിവരുടെ പേരുമായി കോണ്‍ഗ്രസ്‌ ചര്‍ച്ച തുടങ്ങിയിരിക്കെയാണ്‌ ബി.ജെ.പിയുടെ പരസ്യ പ്രഖ്യാപനം വന്നത്‌.

പ്രണബ്‌ മുഖര്‍ജി അടക്കമുള്ള കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളെ പിന്തുണയ്‌ക്കില്ലെന്നു ബി.ജെ.പി. നേതാവ്‌ സുഷമാ സ്വരാജാണു പ്രഖ്യാപിച്ചത്‌. ഹമീദ്‌ അന്‍സാരിക്കു രാഷ്‌ട്രപതിയാകാനുള്ള ഔന്നത്യമില്ല. കോണ്‍ഗ്രസേതര പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന വ്യക്‌തിയെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ തുറന്ന മനസാണുള്ളതെന്നു സുഷമ പറഞ്ഞു. ഡോ. അബ്‌ദുള്‍ കലാമിനോട്‌ എതിര്‍പ്പില്ലെന്ന്‌ അറിയിച്ച സുഷമ അദ്ദേഹത്തിനു ബി.ജെ.പിയുടെ പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

കോണ്‍ഗ്രസിനു രാഷ്‌ട്രപതിപദം, എന്‍.ഡി.എയ്‌ക്ക് ഉപരാഷ്‌ട്രപതിപദം എന്നിങ്ങനെ ഒത്തുതീര്‍പ്പുണ്ടാകാനുള്ള സാധ്യത സുഷമ തള്ളിക്കളഞ്ഞു. 2014 ല്‍ പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടിനും തയാറല്ലെന്ന്‌ അവര്‍ വ്യക്‌തമാക്കി.

യു.പി.എയിലേത്‌ അടക്കമുള്ള കോണ്‍ഗ്രസേതര പാര്‍ട്ടികളുടെ മനസറിയാനാണു ബി.ജെ.പിയുടെ കാത്തിരിപ്പ്‌. രാഷ്‌ട്രപതി പദത്തിലേക്ക്‌ ഇത്തരം കക്ഷികള്‍ നിര്‍ദേശിക്കുന്ന വ്യക്‌തിക്കു പിന്തുണ നല്‍കാനും പകരമായി ഉപരാഷ്‌ട്രപതി പദത്തിലേക്കു പിന്തുണ നേടാനുമാണ്‌ ബി.ജെ.പിയുടെ ശ്രമിക്കുന്നത്‌.

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി പദങ്ങളിലേക്ക്‌ ആരെയെങ്കിലും പരിഗണിക്കുന്നുണ്ടോ എന്നു തുറന്നുപറയാന്‍ സുഷമ തയാറായില്ലെങ്കിലും പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദലിന്റെ പേര്‌ ബി.ജെ.പിയുടെ മനസിലുണ്ടെന്നാണു സൂചന.

എന്‍.ഡി.എ. ഇതര പാര്‍ട്ടികള്‍ക്കു ബാദല്‍ പൊതുവേ സ്വീകാര്യനാണെന്നിരിക്കെ അദ്ദേഹത്തെ ഉപരാഷ്‌ട്രപതി പദത്തിലേക്കെങ്കിലും എത്തിക്കാമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അതേസമയം, യു.പി.എയ്‌ക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ അധ്യക്ഷനായി പുറമേനിന്ന്‌ ഒരാള്‍ എത്തുന്നതിനെപ്പറ്റി കോണ്‍ഗ്രസിനു ചിന്തിക്കാന്‍ പോലും കഴിയില്ല. മഹനീയമായ രാഷ്‌ട്രപതി സ്‌ഥാനത്തെക്കുറിച്ച്‌ അനാവശ്യമായ അഭ്യൂഹങ്ങള്‍ ഉയരുന്നതു ശരിയല്ലെന്നു പരസ്യ നിലപാടെടുക്കുന്ന കോണ്‍ഗ്രസ്‌ ഇനിയും മനസു തുറന്നിട്ടില്ല.

എന്‍.സി.പി. നേതാവ്‌ ശരദ്‌ പവാറുമായി സോണിയാ ഗാന്ധിയും ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുമായി എ.കെ. ആന്റണിയും ചര്‍ച്ച നടത്തിയിരുന്നു. തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയുമായി സോണിയാ ഗാന്ധി മൂന്നിനു ചര്‍ച്ച നടത്തും.

അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ്‌, ബിജു ജനതാദള്‍, അണ്ണാ ഡി.എം.കെ, ജെ.ഡി-യു തുടങ്ങിയവര്‍ ചേര്‍ന്ന്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കുറുമുന്നണിക്കു ശ്രമിക്കുന്നുണ്ടെന്നാണു സൂചന. മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം, ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്‌ണ ഗാന്ധി തുടങ്ങിയ പേരുകളാണ്‌ ഇവരുടെ പരിഗണനയിലുള്ളതെന്ന്‌ അറിയുന്നു.

അതിനിടെ, പ്രണബ്‌ മുഖര്‍ജ്‌ ധനമന്ത്രിയായി തുടരണമെന്നും തന്റെ പിതാവായ പി.എ. സാംഗ്മയെ രാഷ്‌ട്രപതിയാക്കണമെന്നും യു.പി.എ. ഘടകകക്ഷിയായ എന്‍.സി.പി. നേതാവും കേന്ദ്രമന്ത്രിയുമായ അഗത സാംഗ്മ ആവശ്യപ്പെട്ടു. ഗോത്രവിഭാഗത്തില്‍പെട്ട ക്രിസ്‌ത്യാനി ഇതുവരെ രാഷ്‌ട്രപതിയായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ അഗതയുടെ രംഗപ്രവേശം.

No comments: