Tuesday, May 8, 2012

ഹജ്ജ് സബ്‌സിഡി നിര്‍ത്തണം: സുപ്രീം കോടതി

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി. പത്തു വര്‍ഷത്തിനകം സബ്‌സിഡി നല്‍കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസുമാരായ അല്‍താമസ് കബീര്‍, രഞ്ജന പ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സൗഹൃദ സംഘത്തിലെ അംഗങ്ങളുടെ എണ്ണം രണ്ടായി ചുരുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്ന രീതിയും നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ 30 അംഗങ്ങളാണ് പ്രധാനമന്ത്രിയുടെ സൗഹൃദ സംഘത്തിലുള്ളത്. ഇത് രണ്ടായി ചുരുക്കാനാണ് നിര്‍ദ്ദേശം.

ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹജ്ജ് സബ്‌സിഡി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും നല്‍കണമെന്ന ഉത്തരവിന് എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹജ്ജ് സബ്‌സിഡി, എന്തിനാണ് 10 കൊല്ലം?



ഇന്ത്യയെ പോലൊരു സെക്കുലര്‍ രാജ്യത്ത് ഒരു പ്രത്യേകവിഭാഗത്തിന്റെ വിശ്വാസത്തിനായി കോടികള്‍ ഒഴുക്കുന്നത് ന്യായീകരിക്കാനാവുന്ന കാര്യമല്ല. എന്നാല്‍ ന്യൂനപക്ഷ വിരുദ്ധമാകുമെന്നതിനാല്‍ മാറി വരുന്ന ഓരോ സര്‍ക്കാറും മിണ്ടാതിരിക്കുകയായിരുന്നു. ഒടുവില്‍ സുപ്രിം കോടതി തന്നെ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചു.



രാജ്യത്തെ പരമോന്നത കോടതി സബ്‌സിഡി പത്തുവര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജസ്റ്റീസുമാരായ രഞ്‌ന ദേശായിയും അഫ്താബ് ആലവും ഉള്‍പ്പെടുന്ന ബെഞ്ചിന് സബ്‌സിഡി ഒഴിവാക്കേണ്ടതാണെന്ന് തോന്നിയാല്‍ എന്തിനാണ് ഇതിനായി പത്തുവര്‍ഷത്തെ കാലാവധി നിശ്ചയിച്ചത്?

തീര്‍ച്ചയായും പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് പരിശുദ്ധ ഹജ്ജ് കര്‍മം നടത്താന്‍ അവസരമൊരുക്കുന്നത് നല്ല കാര്യം തന്നെ. അതിനായി ഈ വര്‍ഷം തന്നെ 1000 കോടി രൂപ ഹജ്ജ് കമ്മിറ്റിയിലേക്ക് മാറ്റിവെച്ച് സര്‍ക്കാര്‍ സബ്‌സിഡിയില്‍ നിന്നു പിന്‍വാങ്ങുന്നതല്ലേ നല്ലത്. ഈ പണം കൊണ്ട് പ്രതിവര്‍ഷം 100 കോടി രൂപയെങ്കിലും കമ്മിറ്റിക്ക് ലഭിക്കും. ഈ പണവും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരുടെ സംഭാവനകളും ഉപയോഗിച്ച് നിലവിലുള്ള സംവിധാനത്തേക്കാള്‍ മികച്ച രീതിയില്‍ ഹജ്ജ് അവസരമൊരുക്കാന്‍ കമ്മിറ്റിക്ക് സാധിക്കും.

ഹജ്ജ് സബ്‌സിഡിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വരേണ്ടത് ഇന്ത്യന്‍ ഭരണഘടനയനുസരിച്ചാണ്. കാരണം ഇന്ത്യന്‍ ഖജനാവില്‍ നിന്നുള്ള പണമാണ് അതിനു ഉപയോഗിക്കുന്നത്. സബ്‌സിഡി അവസാനിപ്പിക്കുന്നതിന് വിശുദ്ധ ഗ്രന്ഥങ്ങളിലെ വരികള്‍ ഉദ്ധരിക്കുന്നത് ശരിയല്ലെന്ന് ചുരുക്കം. ഹജ്ജ് കര്‍മത്തിനു പോകാന്‍ ആവശ്യമായത്ര പണമുള്ള വിശ്വാസികളാണ് യാത്ര നടത്തേണ്ടത് എന്ന് പരിശുദ്ധ ഗ്രന്ഥം പറയുന്നത്. അങ്ങനെ വരുമ്പോള്‍ ഈ സബ്‌സിഡി പരിപൂര്‍ണമായും വിശ്വാസത്തിന് എതിരാണ്.

വിധി ന്യായീകരിക്കുന്നതിനുവേണ്ടി ഭരണഘടനയെയാണ് വ്യാഖ്യാനിക്കേണ്ടത്. അല്ലാതെ ഗ്രന്ഥങ്ങളെയല്ല. കാഫിറികളെ കൊല്ലണമെന്ന് വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ച് ജിഹാദികള്‍ കോടതിയില്‍ വാദിച്ചാല്‍ എന്തു ചെയ്യും? അതിനെ പ്രതിരോധിക്കാന്‍ ഗ്രന്ഥങ്ങളിലെ വരികള്‍ തേടി പോകേണ്ടി വരും.




ഹജ്ജ്: സ്വാഗതാര്‍ഹമായ വിധി

സ്വന്തമായി പണമുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമായിട്ടുള്ള കര്‍മമാണ് ഹജ്ജ്. നാട്ടില്‍ വര്‍ഗീയപ്രചാരണത്തിന് നിമിത്തമുണ്ടാക്കി, സര്‍ക്കാറിന്‍െറ സൗജന്യത്തില്‍ ചെയ്യേണ്ട കര്‍മമല്ല അത്. ഇക്കാര്യമാണ് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയത്. അതേസമയം, വിശ്വാസികളുടെ വിശ്വാസപരമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നത് ഭരണഘടനാപരമായി തെറ്റല്ളെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. യുക്തിവാദികളും തീവ്ര മതേതരവാദികളും കാലങ്ങളായി ഉയര്‍ത്തുന്ന ഒരു ആശയത്തെയാണ് സുപ്രീംകോടതി ഇവിടെ ഖണ്ഡിച്ചിരിക്കുന്നത്.

സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനെന്നപേരില്‍ പ്രധാനമന്ത്രിയുടെ ഹജ്ജ് പ്രതിനിധിസംഘം എന്ന വ്യാജേന രാഷ്ട്രീയക്കാരെയും സില്‍ബന്തികളെയും സൗദിയിലേക്ക് കയറ്റി അയക്കുന്ന വഷളന്‍ ഏര്‍പ്പാടിനെയും കോടതി ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്. അങ്ങനെ വല്ല സൗഹൃദ സംഘവും പോവേണ്ടതുണ്ടെങ്കില്‍ ഒരു നേതാവും ഉപനേതാവുമടങ്ങുന്ന സംഘം മതിയെന്നും സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്. രസകരമായ കാര്യം, മേല്‍പറഞ്ഞ സബ്സിഡി പണം ഉപയോഗിച്ചാണ് ഈ രാഷ്ട്രീയ ഹാജിമാരെയും ഇക്കാലമത്രയും തീറ്റിപ്പോറ്റിയത് എന്നാണ്.

വിശ്വാസികള്‍ ഏറ്റവും മഹത്തരമായി കരുതുന്ന ഹജ്ജിന്‍െറ കാര്യത്തില്‍ ദൗര്‍ഭാഗ്യവശാല്‍, വൃത്തികെട്ട കച്ചവടതാല്‍പര്യങ്ങള്‍ പലതും വന്നുചേര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ഹജ്ജ് സംവിധാനത്തെയാകമാനം അഴിച്ചു പണിയുന്ന ബൃഹത്തായ ഒരു പ്രക്രിയ നടക്കേണ്ടതുണ്ട്. സുപ്രീംകോടതിയുടെ ഇടപെടലുകള്‍ അതിന് പ്രേരകമാവുമെന്ന് വിശ്വസിക്കാം. വിശ്വാസികളും മുസ്്ലിം സംഘടനകളും ഇക്കാര്യത്തില്‍ കനത്ത ജാഗ്രത കാണിക്കേണ്ടതുണ്ട്. വിശ്വാസികളെ വഞ്ചിച്ച് ഹജ്ജിനെ കച്ചവടവത്കരിക്കുന്നവരെ തുറന്നുകാട്ടാനും നിലക്കുനിര്‍ത്താനുമുള്ള ബാധ്യത വിശ്വാസികള്‍ക്കുണ്ട്. അതേസമയം, കഷ്ടപ്പെട്ട് പണം സ്വരുക്കൂട്ടിയശേഷവും കാലങ്ങളായി ആഗ്രഹം കൊണ്ടുനടന്നിട്ടും ഹജ്ജിന് പോകാന്‍ അവസരം ഒത്തുകിട്ടാത്ത വിശ്വാസികള്‍ ധാരാളമുണ്ട്. അവരുടെ വികാരങ്ങളെ മനസ്സിലാക്കി പരമാവധി ആളുകള്‍ക്ക് ഹജ്ജിന് പോകാനുള്ള അവസരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മലേഷ്യയില്‍ നിലനില്‍ക്കുന്ന പില്‍ഗ്രിംസ് മാനേജ്മെന്‍റ് ഫണ്ട് പോലെയുള്ള സംവിധാനങ്ങളെക്കുറിച്ച് നമുക്കും ആലോചിക്കാവുന്നതാണ്. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവരുടെ പണം നിക്ഷേപമായി സ്വീകരിച്ചു കൊണ്ട് ഹജ്ജ് നടത്തിപ്പ് തന്നെ നിര്‍വഹിക്കുന്ന മഹത്തായ സംരംഭമാണത്. ഭാവനയും താല്‍പര്യവുമുണ്ടെങ്കില്‍ നമ്മുടെ നാട്ടിലും നടപ്പാക്കാന്‍ പറ്റുന്നത് മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍. ഹജ്ജിനെയും വിറ്റ് കാശാക്കാന്‍ വിചാരിക്കുന്നവരില്‍നിന്ന് പക്ഷേ ഇതൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.

No comments: