സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വെടിമരുന്നുശേഖരമുള്‍പ്പെടെയുള്ള ബോംബ്‌നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു. സി.പി.എം. പ്രവര്‍ത്തകനായ ചിറ്റാരിപ്പറമ്പ് വട്ടോളിയിലെ പ്രദീപ(42)ന്റെ വീട്ടില്‍നിന്നാണ് വെടിമരുന്ന്, സള്‍ഫര്‍, അമോണിയം ക്ലോറൈഡ് എന്നിവ പിടിച്ചത്. കോട്ടയില്‍, കോയ്യാറ്റില്‍, നരിക്കോട് മല, കണ്ണവം ഭാഗങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെട്ട പ്രതികളടക്കം കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലുണ്ടെന്ന നിഗമനത്തിന്റെയും പല ഭാഗങ്ങളിലും ബോംബുകള്‍ ശേഖരിക്കുന്നുണ്ടെന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞദിവസങ്ങളില്‍ ചെറിയതോതില്‍ റെയ്ഡ് നടന്നിട്ടുണ്ടെങ്കിലും സംഘടിത സേനയായി പരിശോധനയ്‌ക്കെത്തിയത് വ്യാഴാഴ്ചയാണ്. ബോംബ്‌നിര്‍മാണത്തില്‍ വിദഗ്ധനാണ് പ്രദീപനെന്ന് പോലീസ് പറഞ്ഞു. നാടന്‍തോക്കുമായി ഇയാളെ ബുധനാഴ്ച രാത്രി പിടികൂടിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച വീട്ടില്‍ റെയ്ഡ് നടത്തിയത്.
മാലൂര്‍ ഹൈസ്‌കൂളിനടുത്തുള്ള റോഡ്‌വഴി പുരളിമല ഭാഗത്തേക്ക് ബൈക്കില്‍ പോകുന്നതിനിടയിലാണ് പ്രദീപനും സുഹൃത്ത് വി.വിജേഷും(24) നാടന്‍തോക്കുമായി പിടിയിലായത്. ക്രിക്കറ്റ് ബാറ്റിന്റെ കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക്. ഇതിന് ലൈസന്‍സുണ്ടായിരുന്നില്ല. ഇരുവരെയും അറസ്റ്റ്‌ചെയ്ത് തോക്ക് കസ്റ്റഡിയിലെടുത്തു. എസ്.പി. രാഹുല്‍ ആര്‍. നായര്‍, ഇരിട്ടി ഡിവൈ.എസ്.പി. എം.പ്രദീപ്കുമാര്‍, മാലൂര്‍ എസ്.ഐ. യു.യൂസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് റെയ്ഡില്‍ ചിറ്റാരിപ്പറമ്പിലെ പ്രദീപന്റെ വീടും ഉള്‍പ്പെടുത്തിയത്. എറിയുന്നതിനിടയില്‍ ബോംബ് പൊട്ടി മുമ്പ് പ്രദീപന്റെ കൈക്ക് പരിക്കേറ്റിരുന്നതായി പോലീസ് പറഞ്ഞു.
കണ്ണവം വനത്തിലും പോലീസ്‌സംഘം പരിശോധനയ്‌ക്കെത്തി. ആറ് മണിക്കൂറിലേറെ നീണ്ട വ്യാപകമായ റെയ്ഡാണ് വിവിധ സ്ഥലങ്ങളിലായി നടന്നത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് ഇവിടം. വിജനമായ പ്രദേശങ്ങളും ആള്‍ത്താമസമില്ലാത്ത വീടുകളും അടച്ചിട്ട മുറികളും സംഘം പരിശോധിച്ചു. കണ്ണവം വനത്തിനുള്ളില്‍ ഒളിത്താവളമാക്കാന്‍ ഇടയുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.
കൂത്തുപറമ്പ് സി.ഐ. കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ ഇരുനൂറിലേറെ പോലീസുകാരാണ് പരിശോധനയ്‌ക്കെത്തിയത്. പാര്‍ട്ടിഗ്രാമങ്ങളില്‍ പരിശോധനയ്‌ക്കെത്തുമ്പോഴുള്ള എല്ലാ മുന്നൊരുക്കങ്ങളും സംഘം നടത്തിയിരുന്നു. കണ്ണവം എസ്.ഐ. കല്യാടന്‍ സുരേന്ദ്രന്‍, കൂത്തുപറമ്പ് എസ്.ഐ. മധുസുദനന്‍, പാനൂര്‍ എസ്.ഐ. പി.ആര്‍.മനോജ്, കതിരൂര്‍ എസ്.ഐ. ശിവദാസ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി.
No comments:
Post a Comment