Saturday, May 19, 2012

കാപ്പിയുടെ ചെലവില്‍ ചായ ആളാകേണ്ട!!


ചായ ദേശീയ പാനീയമാക്കണമെന്ന തേയില വ്യവസായികളുടെ ആവശ്യത്തിനു പിന്നാലെ കാപ്പിക്കു വേണ്ടി ആ മേഖലയും രംഗത്തിറങ്ങിയതോടെ വിവാദം ചൂടുപിടിയ്ക്കുന്നു. 


ചായ ദേശീയ പാനീയമാക്കുന്നതിനെ ന്യായീകരിച്ച ആസാമിലെ തേയില വ്യവസായികള്‍ അതു കാപ്പിയുടെ ചെലവില്‍ വേണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കാപ്പി ഉള്‍പ്പെടെയുള്ള മറ്റു പാനീയങ്ങള്‍ക്ക് അവരുടേതായ വിപണി വിഹിതമുണ്ടെന്ന് നോര്‍ത്ത് ഈസ്റ്റ് ടീ അസോസിയേഷന്‍ ചെയര്‍മാന്‍ വൈദ്യാനന്ദ് ബര്‍ക്കത്തോയ് ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ വാണിജ്യ വ്യവസായ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ പ്രസ്താവനയാണ് കാപ്പി-ചായ പോര് ഇപ്പോള്‍ ചൂടുപിടിക്കാന്‍ കാരണമായത്. 


ചായ ദേശീയ പാനീയമായി പ്രഖ്യാപിക്കാനുള്ള തീരുമാനം 2006 ല്‍ എടുത്തിരുന്നുവെങ്കിലും ചില സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു മാറ്റിവച്ചുവെന്നാണു മന്ത്രി സഭയില്‍ വിശദീകരിച്ചത്. കാപ്പിയും മത്‌സരക്ഷമതയുള്ള പാനീയമാണെന്നും രണ്ടിനും അതിന്റേതായ വിപണി പങ്കാളിത്തമുണെ്ടന്നും ഒന്ന് മറ്റൊന്നിന്റെ ചെലവില്‍ ദേശീയ പാനീയമാകാനാണ് സാധ്യതയെന്നും മന്ത്രി വിശദീകരിച്ചു.


എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ ബര്‍ക്കത്തോയ് ചോദ്യം ചെയ്തു. മാമ്പഴത്തെ ദേശീയ പഴമായി പ്രഖ്യാപിച്ചതു ആപ്പിളിന്റേയോ മറ്റേതെങ്കിലും പഴത്തിന്റേയോ ചെലവിലാണോയെന്നും കടുവ ദേശീയ മൃഗമായതിനു പിന്നില്‍ ഇങ്ങനെ ചിന്തിക്കണമോയെന്നും അദ്ദേഹം ചോദിക്കുന്നു. 


ഇന്ത്യയിലെ 83% വീടുകളിലും ചായയാണു ഉപയോഗിക്കുന്നത്. മറ്റൊരു പാനീയത്തിനും ഇത്രയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. തേയിലയുടെ വാര്‍ഷിക ഉത്പാദനം 9.8 കോടി കിലോയാണെങ്കില്‍ കാപ്പിയുടേത് 3.02 കോടി കിലോ മാത്രമാണ്. ചായയുടെ വാര്‍ഷിക ഉപഭോഗം 8.15 കോടി കിലോയും കാപ്പിയുടേത് 1.08 കോടി കിലോയുമാണ്. ചായയുടെ ആളോഹരി ഉപഭോഗം 730 ഗ്രാമാണെങ്കില്‍ കാപ്പിയുടേത് 75ഗ്രാം മാത്രമാണെന്നും ബര്‍ക്കത്തോയ് അവകാശപ്പെട്ടു. കര്‍ണാടകം, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളാണ് പ്രധാന കാപ്പി ഉത്പാദന സംസ്ഥാനങ്ങള്‍. ഇതില്‍ത്തന്നെ കര്‍ണാടകം 70% ഉത്പാദിപ്പിക്കുന്നു. അതേസമയം ചായ ഇന്ത്യയുടെ വിവിധ മേഖലകളില്‍ ഉത്പാദിപ്പിക്കുന്നു. 


ചായയുടെ അറുപത് ശതമാനം കയറ്റുമതിയും കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ്. തേയില ഇന്ത്യയുടെ സ്വന്തം പാനീയമാണ്. അതില്‍ അഭിമാനിയ്ക്കാമെന്നും അദേഹം പറഞ്ഞു.

No comments: