Tuesday, May 8, 2012

ഏകലവ്യന്‍ - പട്ടാളക്കഥാകാരന്മാരിലെ ഏകന്‍


ഏകലവ്യന്‍ കടന്നുപോയി. കഴിഞ്ഞ തലമുറയില്‍പ്പെട്ട ഈ എഴുത്തുകാരനെ ഇന്ന് സാഹിത്യതല്പരരായ പുതുതലമുറക്കാര്‍ അത്രയധികം അറിയില്ലായിരിക്കാം. മികച്ച എഴുത്തുകാരനെന്ന് അങ്ങനെ കൊണ്ടാടപ്പെട്ടിട്ടില്ലാത്തതുകൊണ്ടും കൂടി ആ മരണം ഒരു പാവംപിടിച്ച മരണമായി മാറുകയായിരുന്നു. പത്രത്താളുകളിലെ ഒരൊറ്റക്കോളം മരണം.
യഥാര്‍ത്ഥത്തില്‍ അത്ര നിസ്സാരമായ ഒരു ജീവിതവും എഴുത്തുമായിരുന്നോ ഏകലവ്യന്റേത്. അവഗണന ആ പേരിന്റെ ഉടമസ്ഥന്റെ കൂടെപ്പിറപ്പാണെങ്കിലും പ്രതിഭയും അതുപോലെതന്നെയാണ്, അതില്‍ സംശയമില്ല.
പട്ടാളക്കഥകള്‍ എന്നും പട്ടാളക്കഥാകാരന്മാര്‍ എന്നും ലോകമൊട്ടാകെ ഏതു ഭാഷാസാഹിത്യത്തിലും ഒരു അവാന്തരവിഭാഗമുണ്ടായി വരാറുണ്ട്. മലയാളത്തിലും അതിനു മാറ്റമില്ല. ഇവിടെ പട്ടാളക്കഥാകാരന്മാരായി അറിയപ്പെട്ടിരുന്നത്, ഇന്നും വിശേഷിപ്പിക്കപ്പെടുന്നത് നന്തനാര്‍, പാറപ്പുറത്ത്, കോവിലന്‍ എന്നീ ത്രിമൂര്‍ത്തികളാണ്. എന്നാല്‍, നാലാമതൊരുമുഖം കൂടിച്ചേര്‍ന്നാലേ ഈ ചിത്രം പൂര്‍ണമാകൂ. ബ്രഹ്മാവിന്റെ മുഖങ്ങള്‍ പോലെ നാലാണ് ഇവിടെയും മുഖങ്ങള്‍. മൂന്നുമുഖങ്ങളേ ഏതു ദിക്കില്‍നിന്നു നോക്കിയാലും കാണാനാകൂ എന്നുമാത്രം. ഒരു മുഖം എപ്പോഴും പിന്നിലായിരിക്കും, അദൃശ്യതയിലായിരിക്കും, അവഗണനയിലായിരിക്കും. ഇവിടെ ആ നാലാമത്തെ മുഖം ഏകലവ്യന്റേതാണ്.
പട്ടാളക്കഥാകാരന്മാര്‍ക്ക് സ്വന്തം പേരില്‍ എഴുതാനാവില്ല. അതിനാല്‍ നന്തനാരും പാറപ്പുറത്തും കോവിലനുമുണ്ടായി. അതുകൊണ്ടുതന്നെയാണ് ഏകലവ്യനുമുണ്ടായത്. എന്നാല്‍ ഏകലവ്യനെ മറ്റു മൂന്നാള്‍ക്കൊപ്പം ഗണിക്കുന്നില്ല. ഒരുതരം അയിത്തംകല്പിക്കല്‍.
പട്ടാളക്കഥാകാരന്മാര്‍ എന്നു വിളിക്കപ്പെടുന്ന മറ്റുമൂന്നുപേരും യഥാര്‍ത്ഥത്തില്‍ പട്ടാളക്കഥകള്‍ എഴുതിയിട്ടില്ല. പാറപ്പുറത്ത് നിണമണിഞ്ഞ കാല്‍പ്പാടുകളും അന്വേഷിച്ചു കണ്ടെത്തിയില്ലയും എഴുതിയത് പട്ടാളത്തിന്റെ പശ്ചാത്തലത്തിലാണെന്നു പറയാം. അവ രണ്ടും അവിടെ കഴിയുന്ന മനുഷ്യരുടെ വൈകാരികസങ്കടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കഥകളായിരുന്നു. കോവിലനും പട്ടാളമെന്ന തട്ടകം അങ്ങനെതന്നെ. ബോര്‍ഡൌട്ട് മുതല്‍ ഏഴാമെടങ്ങളും ഏ മൈനസ് ബിയും വരെയുള്ള ധാരാളം എഴുത്തുകള്‍ പട്ടാളത്തെ പശ്ചാത്തലമാക്കിത്തന്നെ. എന്നാല്‍, അവിടെയും പട്ടാളക്കാരനാകുന്ന മനുഷ്യന്റെ വൈയക്തികലോകത്തിനാണ് പ്രാമുഖ്യം. നന്തനാരുടെ തോക്കുകള്‍ കഥ പറയുന്നു പോലെയുള്ള പല കഥകളിലും പട്ടാളക്കാരന്‍ കഥാപാത്രമാകുന്നെങ്കിലും അവിടെയും കഥ സമാനമാണ്. അനുഭവങ്ങള്‍ എന്ന പ്രധാനനോവലാകട്ടെ പട്ടാളത്തിലേക്കു ചേരുന്ന ഗോപിയില്‍ അവസാനിക്കുന്നു.
പട്ടാളക്കഥകള്‍ എന്ന ജനുസ്സില്‍ പെടുത്താവുന്ന കഥകള്‍ ഇവയാണോ എന്നതു പ്രധാനപ്പെട്ട ചോദ്യമാണ്. ഇവയെ പട്ടാളക്കഥകള്‍ എന്നു പറയുന്നതിലേറെ പട്ടാളക്കാര്‍ എഴുതിയ കഥകള്‍ എന്നു പറയുന്നതാകും കൂടുതല്‍ ഭംഗി. എന്നാല്‍ ഏകലവ്യനെഴുതിയവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പട്ടാളക്കഥകളായിരുന്നു. യുദ്ധത്തിന്റെ,സംഘര്‍ഷത്തിന്റെ, രാജ്യാന്തരപ്രശ്നങ്ങളുടെ, അവയ്ക്കിടയില്‍ പെട്ടുതകരുന്ന മനുഷ്യരുടെ, കൊലയുടെയും വെറിയുടെയും നൈതികതയെപ്പറ്റിയൊക്കെയായിരുന്നു ആ നോവലുകള്‍ സംസാരിച്ചത്. പ്രത്യേകിച്ചും എന്തിനുവേണ്ടിയും ട്രഞ്ചും പോലെയുള്ള നോവലുകള്‍.
പഞ്ചാബികളുടെ ജീവിതത്തെ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കിക്കാണുകയും സിഖ് സൈനികരുടെ വൈയക്തികവും കൌടുംബികവും സൈനികവുമായ ജീവിതമുഖങ്ങളെ ദുരന്തദര്‍ശനത്തോടെയും കാരുണ്യഭാവത്തോടെയും വരച്ചുകാട്ടുന്ന എന്തിനുവേണ്ടി മലയാളത്തിലുണ്ടായ നോവലുകളില്‍ മികച്ച ഒന്നാണ്. പട്ടാളനോവല്‍ എന്ന അര്‍ത്ഥത്തില്‍ അതിമികച്ചതും. അതുപോലെയാണ് ട്രഞ്ചുകളിലെ ജീവിതത്തെ ചിത്രീകരിക്കുന്ന ട്രഞ്ച് എന്ന നോവലും.
എന്നാല്‍, മറ്റു പട്ടാളക്കഥാകാരന്മാര്‍ക്കു കൊടുത്ത പരിഗണന എന്തുകൊണ്ടൊക്കെയോ മലയാളസാഹിത്യലോകം ഏകലവ്യനു കൊടുത്തില്ല. അതുകൊണ്ടുതന്നെ ഇന്നും ആഘോഷിക്കപ്പെടുന്ന നന്തനാരുടെ ആത്മഹത്യപോലെയോ, പിന്നീടു സിനിമക്കാരനായും മാറിയ പാറപ്പുറത്തിന്റെ മരണമോ ജീവിക്കുന്ന ഇതിഹാസമായി അവസാനകാലത്ത് അറിയപ്പെട്ട കോവിലന്റെ മരണമോ പോലെയോ അത് വലിയൊരു വാര്‍ത്തയോ അപ്പോഴാ ജീവിതമെന്ന ഓര്‍മിക്കല്‍ വലിയൊരു സംഭവമോ ആയിമാറാതെ പോയത്.
ഏകലവ്യനും സിനിമാക്കാരനായിട്ടുണ്ട്. മമ്മൂട്ടിയും മധുവും ശ്രീനാഥും മറ്റും അഭിനയിച്ച ഹരികുമാറിന്റെ അയനമാണ് അവയില്‍ പ്രധാനം. ഏകലവ്യന്‍ പട്ടാളപശ്ചാത്തലമില്ലാതെ എഴുതിയ നോവലുകളില്‍ ഒന്ന്.
ഏതായാലും ഏകലവ്യന്റെ നോവലുകള്‍ അപ്പോഴും അതു വായിക്കുന്നവരില്‍ സൈനികമായ അവസ്ഥാന്തരങ്ങളില്‍ ജീവിതത്തിന്റെ ധാര്‍മികസങ്കടങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കുകയായിരിക്കുകയും ചെയ്യും.
മരണപ്പെട്ട ആ നല്ല കഥാകാരന് മലയാളരാജ്യത്തിന്റെ ആദരാജ്ഞലികള്‍.

No comments: