| എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ തലശേരിയിലെ ഫസലിനെ വധിച്ച കേസില്‍ സി.പി.എം. നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി.ഐക്കു വിട്ടുകൊടുക്കില്ലെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. രാഷ്‌ട്രീയ മേലാളന്‍മാരെ തൃപ്‌തിപ്പെടുത്താന്‍ സി.ബി.ഐ. കെട്ടിച്ചമച്ച കള്ളക്കഥയാണിത്. കൊലപാതകവുമായി ബന്ധമില്ലാത്ത പ്രതിചേര്‍ക്കപ്പെട്ട ഇവര്‍ക്കു സംരക്ഷണം നല്‍കും. സി.പി.എം. നേതൃത്വത്തെ ഒന്നായി കള്ളക്കേസില്‍ കുടുക്കുകയാണ്. മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞ ആളുകളെയാണ് ഇപ്പോള്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. സി.പി.എം. കണ്ണൂര്‍ ജില്ലാ നേതാക്കളേയും ഗൂഢാലോചനയില്‍ പ്രതിയാക്കുകയാണു പോലീസ്. പാര്‍ട്ടിക്കു പാര്‍ട്ടിയുടേതായ അന്വേഷണരീതിയുണ്ട്. കേസില്‍ ഉള്‍പ്പെട്ടതു യഥാര്‍ഥ പ്രതികളാണോയെന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ ഇവരുടെ പങ്കു തെളിഞ്ഞാല്‍ പാര്‍ട്ടി നടപടിയെടുക്കും. സി.പി.എം. ഒഞ്ചിയം ഏരിയ കമ്മിറ്റി സെക്രട്ടറി സി.എച്ച്. അശോകന്റെ പേരും നേരത്തെ ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞതാണ്. ഇതേ പ്രകാരമാണു പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളതെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതേ സമയം, പോലീസ് തെരയുന്ന കൊടി സുനിയെ തനിക്ക് അറിയില്ലെന്നു പി. ജയരാജന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്രത്തില്‍ ഫോട്ടോ കണ്ട പരിചയം മാത്രമാണുള്ളത്. അഞ്ചു മിനിറ്റ് പോലും കൊടി സുനിയുമായി നേരിട്ടു സംസാരിച്ച ഓര്‍മ്മ പോലും തനിക്കില്ല. ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ടു തന്റെ പേര് രാഷ്‌ട്രീയ മേലാളന്‍മാര്‍ക്കു വേണ്ടി പോലീസാണു വലിച്ചിഴക്കുന്നത്. ചന്ദ്രശേഖരന്റെ വധത്തില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ല. ടി.പിയുടെ കൊലയ്‌ക്കു ശേഷമുണ്ടായ രാഷ്‌ട്രീയ സംഭവത്തില്‍ ഒരാശങ്കയും സി.പി.എമ്മിനില്ല. കേസിനെ രാഷ്‌ട്രീയപരമായും നിയമപരമായും പാര്‍ട്ടി നേരിടും. ചന്ദ്രശേഖരനെ കമ്യൂണിസ്‌റ്റുകാരനായി കണക്കാക്കാനാകില്ല. പാര്‍ട്ടി പുറത്താക്കിയ ആളാണ്. ചന്ദ്രശേഖരന്‍ഗ്രൂപ്പിന്റെ വെല്ലുവിളി നേരിട്ട് അവിടെ സി.പി.എം. കൊടിയുയര്‍ത്തിപ്പിടിച്ചു നാലു വര്‍ഷം പ്രവര്‍ത്തിച്ചവരാണ് ഒഞ്ചിയത്തെ യഥാര്‍ഥ കമ്യൂണിസ്‌റ്റുകാര്‍. ചന്ദ്രശേഖരനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നെന്നും അദൃശ്യശക്‌തികള്‍ ഇതിനു തടസം നിന്നിരുന്നെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ കുറിച്ചു പറയുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു ലീഗിന്റെ പാര്‍ട്ടി ഗ്രാമത്തിലേക്കു പോലീസിനെ കയറ്റാനാകുമോയെന്നും പി. ജയരാജന്‍ ചോദിച്ചു |
Thursday, May 24, 2012
ഫസല്‍ വധം: നേതാക്കന്മാരെ സി.ബി.ഐക്കു കൊടുക്കില്ല: പി. ജയരാജന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment