Thursday, May 3, 2012

കാല്‍നൂറ്റാണ്ടായി നാട് കാണാതെ ഒരു മലയാളി



കാല്‍നൂറ്റാണ്ടായി നാട് കാണാതെ ഒരു മലയാളി
18വര്‍ഷം ഹാഇല്‍ മരുഭൂമിയില്‍ പ്രവാസം ഹോമിച്ച തമിഴ്നാട് സ്വദേശികളായ പെരിയസ്വാമിയുടെയും മുംതാസിന്‍െറയും അനുഭവങ്ങളെ വെല്ലുന്ന ജീവിതവുമായി ഒരു മലയാളി. കാല്‍നൂറ്റാണ്ടായി നാട്ടില്‍ പോവുകയോ ബന്ധുക്കളെ കാണുകയോ ചെയ്യാതെ, തൃശൂര്‍ സ്വദേശി ഇവിടെനിന്ന് 80കി.മീറ്റര്‍ അകലെ സറാത്തബീദയിലെ കൃഷിത്തോട്ടത്തില്‍ പുറം ലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്നു. തൃശൂര്‍ കുന്നംകുളം കരിക്കോണം കേളംപുളിക്കില്‍ വീട്ടില്‍ യാക്കൂബ് എന്ന ബാപ്പുട്ടി (55) ആണ് 25വര്‍ഷത്തിലേറെയായി ഏകാന്ത ജീവിതം നയിക്കുന്നത്.
500 റിയാല്‍ ശമ്പളത്തിന് ക്ളീനിങ് വിസയിലാണത്രെ ഇദ്ദേഹം ഖമീസിലെത്തുന്നത്. നാല് പെങ്ങന്‍മാരെ വിവാഹം കഴിച്ചയക്കുന്നതിനിടയില്‍ ഇദ്ദേഹം സ്വയം ജീവിതം മറന്നു. വിവാഹം കഴിക്കാന്‍ ഭാഗ്യമുണ്ടായില്ല. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രമാണ് പുറത്തിറങ്ങാറ്. ഇതിനിടയില്‍ അസുഖം ബാധിച്ച് ആറുവര്‍ഷം ഖമീസിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. രോഗം ഭേദമായ ശേഷം സാറാത്തബീദയില്‍ നിന്ന് എട്ട് കി.മീറ്റര്‍ ഉള്ളില്‍ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ ഇയാളെ സ്പോണ്‍സര്‍ കൊണ്ടാക്കി. ഇവിടെ വിവിധ കൃഷികള്‍ ഇറക്കി. മുന്തിരിയും അത്തിപ്പഴവും മാതളവും കൃഷി ചെയ്തു ജീവിച്ചു. ഖമീസിലെ പ്രമുഖ കമ്പനിയുടെ ഉടമയാണ് സ്പോണ്‍സര്‍. 1000 റിയാല്‍ കമ്പനിയില്‍ നിന്നും 300 റിയാല്‍ കൃഷിലാഭത്തില്‍ നിന്നും കിട്ടുന്നതാണ് ശമ്പളം. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ശമ്പളം ഒരുമിച്ചു വാങ്ങി സറാത്തബീദയിലെ സുഹൃത്തുക്കള്‍ വഴിയാണ് നാട്ടിലെത്തിക്കാറ്. തൊഴിലുടമ ഇഖാമ പുതുക്കിക്കൊടുക്കുകയും കൃത്യമായി ശമ്പളം നല്‍കുകയും ചെയ്യുന്നുണ്ട്.
ആദ്യ പെങ്ങളുടെ വിവാഹം കഴിഞ്ഞ ഉടന്‍ പിതാവ് മരണപ്പെട്ടു. നാലാമത്തെ പെങ്ങളുടെ കല്യാണവും കഴിഞ്ഞപ്പോള്‍ മൂത്ത മകനെ കാണാന്‍ മാതാവ് ആഗഹം പ്രകടിപ്പിച്ചുവെങ്കിലും അത് പൂവണിയാതെ അവര്‍ മരണപ്പെട്ടു. സൗദിയിലും നാട്ടിലുമായി നിരവധി ബന്ധുക്കളുണ്ട്. അവര്‍ നിരന്തരം നാട്ടിലേക്ക് ക്ഷണിക്കാറുണ്ടെങ്കിലും എന്നും നിരസിക്കുകയായിരുന്നു. പെരിയസ്വാമിയുടെയും മുംതാസിന്‍െറയും നെഞ്ചുരുക്കുന്ന കഥ മാധ്യമങ്ങളില്‍ വായിച്ച ഖമീസിലെ ഡ്രൈവര്‍മാരായ മണിക്കുട്ടനും ശിഹാബ് കൊല്ലവുമാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു മലയാളി കൃഷി തോട്ടത്തില്‍ കഴിഞ്ഞൂകൂടുന്നുണ്ടെന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്‍െറ താമസസ്ഥലത്തെത്തി നേരില്‍ കണ്ടു.
സൗദിയിലെത്തിയിട്ട് എത്ര വര്‍ഷമായി എന്ന് ഇദ്ദേഹത്തിന് കൃത്യമായി പറയാന്‍ കഴിയുന്നില്ല. നാട്ടിലേക്ക് പോകുന്നതിന് സഹായം വാഗ്ദാനം ചെയ്തപ്പോള്‍ സ്നേഹപൂര്‍വം നിരസിച്ചു. തനിക്ക് വേണമെങ്കില്‍ നാളെ തന്നെ നാട്ടില്‍ പോകാമെന്നും പാസ്പോര്‍ട്ട് പുതുക്കിക്കിട്ടിയാല്‍ അവധിക്ക് പോകുമെന്നും പറഞ്ഞ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകരെ തിരിച്ചയക്കുകയായിരുന്നു. അഭിമാനിയായ ഇദ്ദേഹത്തിന്‍െറ അവസ്ഥ പുറം ലോകം അറിയുന്നത് ഇഷ്ടപ്പെടാത്തതിനാലാവണം ഫോട്ടോയെടുക്കാന്‍ ആദ്യം അനുവദിച്ചില്ല. 10 വര്‍ഷം മുമ്പ് പാസ്പോര്‍ട്ടിന്‍െറ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘത്തിന്‍െറ അബ്ഹ സന്ദര്‍ശനം അറിഞ്ഞ കമ്പനി അധികൃതര്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ എത്തിയിരുന്നു. ഒരാഴ്ചക്കകം പുതുക്കി നല്‍കാമെന്ന് കോണ്‍സുലേറ്റ് ഉറപ്പ് നല്‍കി.
ഇദ്ദേഹത്തെ സഹായിക്കാനായി ഇബ്രാഹിം പട്ടാമ്പി, ഫ്രാന്‍സിസ് നിലമ്പൂര്‍, കോയ ചേലാമ്പ്ര, മുജീബ് എള്ളുവിള എന്നിവര്‍ രംഗത്തുണ്ട്.സാമ്പത്തിക പ്രയാസങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും യൂത്ത് ഇന്ത്യ എല്ലാവരുടെയും സഹായം അഭ്യര്‍ഥിച്ചു.

No comments: