| ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും അപര്യാപ്‌തത മൂലം കരസേന യുദ്ധസജ്‌ജമല്ലെന്നു കരസേനാ മേധാവി ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനു പ്രതിരോധകാര്യ പാര്‍ലമെന്ററി സമിതിയുടെ രൂക്ഷവിമര്‍ശനം. ആയുധക്ഷാമവും പോരായ്‌മകളും പരിഹരിക്കാതെ ഈ അവസ്‌ഥയിലെത്തിച്ചത് ഭീതിപ്പെടുത്തുന്നതാണെന്നു പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി അഭിപ്രായപ്പെട്ടു.വിവിധ സേനാവിഭാഗങ്ങളുടെ പക്കലുള്ള ആയുധങ്ങളും പടക്കോപ്പുകളും അനുവദിച്ചിട്ടുള്ളതില്‍നിന്ന് ഏറെ കുറവാണെന്നു റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. പ്രധാനമന്ത്രിക്കയച്ച കത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് പ്രകടിപ്പിച്ച ആശങ്ക ശരിവയ്‌ക്കുന്ന റിപ്പോര്‍ട്ടാണു പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. സേനാവിഭാഗങ്ങളുടെ പോരായ്‌മകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. കരസേനയുടെ വ്യോമ വിഭാഗത്തിന് അനുവദിക്കപ്പെട്ടതിനേക്കാള്‍ 18 ചീറ്റ, ഒരു ചേതക്, 76 അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്‌ടര്‍ (ധ്രുവ്), ആയുധ സംവിധാനങ്ങളുള്ള 60 അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്‌ടര്‍ എന്നിവ കുറവാണ്. കരസേനയ്‌ക്ക് 1,86,168 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ പോരായ്‌മയാണുള്ളത്. ജാക്കറ്റുകള്‍ വാങ്ങാന്‍ 2009 ഒക്‌ടോബറില്‍ അനുമതിയായെങ്കിലും അവ ഇനിയും വാങ്ങിയിട്ടില്ല. 'ഭീഷണി' കുറവാണെന്നിരിക്കെ കൂടുതല്‍ ഭാരമുള്ള ജാക്കറ്റുകള്‍ ആവശ്യമില്ലെന്ന പ്രതിരോധമന്ത്രാലയത്തിന്റെ നിലപാടിനെ സമിതി അപലപിച്ചു. കുറഞ്ഞ ഭാരവും ലോകനിലവാരമുള്ളതുമായ ജാക്കറ്റുകള്‍ വാങ്ങുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാള്‍പ്പടയ്‌ക്കും പീരങ്കിപ്പടയ്‌ക്കും ആവശ്യത്തിനു വെടിക്കോപ്പില്ലെന്ന ജനറല്‍ സിംഗിന്റെ നിലപാടും സമിതി ശരിവയ്‌ക്കുന്നു. സൈന്യത്തിന് ആവശ്യത്തിന് ആയുധങ്ങളില്ലാത്തതു രാജ്യസുരക്ഷ അപകടത്തിലാക്കുമെന്ന അദ്ദേഹത്തിന്റെ ആശങ്ക സമിതി പങ്കുവച്ചു. ചില വിദേശ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത് വെടിക്കോപ്പുകളുടെ ക്ഷാമത്തിനും ആയുധങ്ങളുടെ നവീകരണം നിലയ്‌ക്കുന്നതിനും വഴിയൊരുക്കിയെന്നു സമിതി ചൂണ്ടിക്കാട്ടി. വ്യോമസേനയ്‌ക്ക് 42 ഫൈറ്റര്‍ സ്‌ക്വാഡ്രന്‍ അനുവദിച്ചിട്ടുള്ള സ്‌ഥാനത്ത് 34 എണ്ണം മാത്രമാണുള്ളത്. പന്ത്രണ്ടാം പദ്ധതിക്കാലത്ത് ഇത് 31 ആയി കുറയാനുള്ള സാധ്യത നിലനില്‍ക്കുന്നു. ആവശ്യത്തിനു പണം അനുവദിക്കാത്തതു വ്യോമസേനയെ യുദ്ധസജ്‌ജമല്ലാതാക്കും. മറ്റു രാജ്യങ്ങള്‍ പ്രതിരോധ ബജറ്റ് വിഹിതം ഉയര്‍ത്തുന്നതിന് അനുസൃതമായി ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ വര്‍ധന ഉണ്ടാകുന്നില്ല. അനുവദിക്കുന്ന പണത്തില്‍ ചെറിയൊരു ഭാഗം മാത്രമാണ് മൂന്നു സേനാവിഭാഗങ്ങള്‍ക്കും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനായി ചെലവിടുന്നതെന്നു സമിതി ചൂണ്ടിക്കാട്ടി. അയല്‍രാജ്യങ്ങള്‍ നല്ല സുഹൃത്തുക്കളല്ലെന്നിരിക്കെ, ഒന്നിലധികം അതിര്‍ത്തിയില്‍നിന്ന് ആക്രമണമുണ്ടാകാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് സൈന്യത്തെ സജ്‌ജമാക്കണം. അതിനാവശ്യമായ പണം ലഭ്യമാക്കണമെന്നു സമിതി നിര്‍ദേശിച്ചു. സൈന്യത്തിന്റെ രണ്ടു യൂണിറ്റുകള്‍ മുന്നറിയിപ്പില്ലാതെ ഡല്‍ഹി ലക്ഷ്യമിട്ടു നീങ്ങിയതു സര്‍ക്കാരിനെ ഞെട്ടിച്ചെന്ന് അടുത്തിടെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശരിയല്ലെന്നും പാര്‍ലമെന്ററി സമിതി വ്യക്‌തമാക്കി. |
Tuesday, May 1, 2012
'ആയുധക്ഷാമം: സര്‍ക്കാരിനെതിരേ പാര്‍ലമെന്ററി സമിതി
Subscribe to:
Post Comments (Atom)
No comments:
Post a Comment