ടെലികോം അഴിമതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‍െറ മകനെതിരെ പുതിയ തെളിവുമായെത്തി പ്രതിപക്ഷം രാജ്യസഭയില്‍ സര്‍ക്കാറിനെ വെള്ളം കുടിപ്പിച്ചു. സര്‍ക്കാറിനുവേണ്ടി രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ നല്‍കിയ മറുപടികള്‍ സ്വീകാര്യമല്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചു. പുതുതായി ഉന്നയിച്ച ആരോപണത്തിന് വിശദമായ മറുപടി നല്‍കാമെന്ന് സര്‍ക്കാറിനെക്കൊണ്ട് സമ്മതിപ്പിച്ച ശേഷമാണ് രാജ്യസഭക്ക് നടപടികളുമായി മുന്നോട്ടുപോകാനായത്.
രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ് ചിദംബരത്തിനെതിരെ പുതിയ തെളിവുകളുമായി രംഗത്തുവന്നത്. എയര്‍സെല്‍-മാക്സിസ് ഇടപാടിന് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍െറ വിവാദ അംഗീകാരം ലഭിച്ചതിനു പിന്നില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമുള്ള പങ്കിന്‍െറ തെളിവുകളായി ഇ-മെയില്‍ വിലാസവും വെബ്സൈറ്റുമാണ് ജെയ്റ്റ്ലി സഭക്കു മുമ്പില്‍ വെച്ചത്. കാര്‍ത്തി ചിദംബരത്തിന്‍െറ ഉടമസ്ഥതയിലായിരുന്ന ‘ഓസ്ബ്രിഡ്ജ് ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡും’ എയര്‍സെല്‍-മാക്സിസില്‍ ഓഹരിയുള്ള ‘അഡ്വാന്‍േറജ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിങ്’ കമ്പനിയും 2006ല്‍ ഉപയോഗിച്ചത് ഒരേ ഇ-മെയില്‍ ഐ.ഡിയും വെബ്സൈറ്റുമാണ്. 2ജി കേസിനുപോലും ഇത് തെളിവായി മാറുമെന്നും സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ജെയ്റ്റ്ലി സമര്‍ഥിച്ചു. ആരോപണത്തിന് മറുപടി പറയാന്‍ ചിദംബരം മുതിര്‍ന്നപ്പോള്‍ ആരോപണവിധേയനായ മന്ത്രിയല്ല ധനമന്ത്രിയാണ് മറുപടി പറയേണ്ടതെന്നു പറഞ്ഞ് പ്രതിപക്ഷം ബഹളംവെച്ചു. എന്നാല്‍, ആരോപണവിധേയനായ ആള്‍ക്ക് മറുപടി പറയാന്‍ അര്‍ഹതയുണ്ടെന്ന് റൂളിങ് നല്‍കി ചെയറിലുണ്ടായിരുന്ന പി.ജെ. കുര്യന്‍ ചിദംബരത്തിന് വഴിയൊരുക്കി. തനിക്കും കുടുംബത്തിനും നേരിട്ടോ അല്ലാതെയോ ഒരു ടെലികോം കമ്പനിയിലും ഓഹരിയില്ലെന്ന് ചിദംബരം രാജ്യസഭയിലും ആവര്‍ത്തിച്ചു. അതേസമയം, ജെയ്റ്റ്ലി ഉന്നയിച്ച ചോദ്യത്തില്‍നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറി. ഓസ്ബ്രിഡ്ജ് കമ്പനിയുടെയും അഡ്വാന്‍േറജ് കമ്പനിയുടെയും പ്രമോട്ടര്‍മാര്‍ തമ്മില്‍ പരസ്പരം അറിയില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു ചിദംബരത്തിന്‍െറ മറുപടി. രണ്ടുകൂട്ടരും ചെന്നൈ കേന്ദ്രീകരിച്ചാണ് വ്യവസായം നടത്തുന്നത്. ഇരുകൂട്ടരും 2006ല്‍ ഒരേ ഇ-മെയില്‍ വിലാസവും വെബ്സൈറ്റും ഉപയോഗിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്നും ചിദംബരം വിശദീകരിച്ചു. 2006ലും 2007ലും 2008ലും ഓസ്ബ്രിഡ്ജിന് അഡ്വാന്‍േറജില്‍ ഓഹരിയൊന്നുമില്ലായിരുന്നു. എയര്‍സെല്‍-മാക്സിസ് ഇടപാട് നടന്ന് അഞ്ചു വര്‍ഷത്തിനുശേഷം 2011ലാണ് ഓസ്ബ്രിഡ്ജ് അഡ്വാന്‍േറജില്‍ നിക്ഷേപിച്ചത്. അഡ്വാന്‍േറജിന്‍െറ ഇടപാടുകള്‍ ധനമന്ത്രാലയം പരിശോധിക്കട്ടെയെന്നും ചിദംബരം പറഞ്ഞു. എന്നാല്‍, ഉച്ചക്കുശേഷം സഭ സമ്മേളിച്ചപ്പോള്‍ ബി.ജെ.പിയിലെ രവിശങ്കര്‍ പ്രസാദ്, വെങ്കയ്യ നായിഡു, സി.പി.എമ്മിലെ പി. രാജീവ്, സി.പി.ഐയിലെ ഡി. രാജ എന്നിവര്‍ ധനമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന ആവശ്യവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തില്‍ 2.10നും 2.35നും സഭ നിര്‍ത്തിവെച്ചു. പ്രശ്നം അവസാനിപ്പിക്കാന്‍ ലോക്സഭയില്‍ രാവിലെ നടത്തിയ പ്രസ്താവനയുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി മൂന്ന് മണിക്ക് രാജ്യസഭയിലെത്തിയെങ്കിലും കാര്യമുണ്ടായില്ല. എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ ഒരു തരത്തിലുള്ള തെറ്റിദ്ധാരണക്കും തെറ്റായ വിവരത്തിനും ഇടമില്ലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. എഴുതി തയാറാക്കിയ വിശദീകരണം വായിച്ച ധനമന്ത്രിയോട് തങ്ങളുന്നയിച്ച ചോദ്യമെന്താണെന്ന് അറിയാന്‍ സഭാനടപടികള്‍ പരിശോധിക്കണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം വീണ്ടും ബഹളമായി. തുടര്‍ന്ന് സഭാരേഖകള്‍ പരിശോധിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വീണ്ടും മറുപടി പറയാമെന്ന് പ്രണബ് അറിയിച്ചപ്പോഴാണ്് സഭ അടങ്ങിയത്.
No comments:
Post a Comment