Saturday, May 19, 2012

ജഗനെ അനുകൂലിക്കുന്ന മന്ത്രിമാരും കുടുങ്ങുന്നു

അനധികൃത സ്വത്തു കേസില്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആസ്തി കണ്ടുകെട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതിനു പിന്നാലെ ജഗന്‍ അനുകൂലികളായ മന്ത്രിമാരെ കേന്ദ്രീകരിച്ചു സിബിഐ നീക്കം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മാനസപുത്രിയെന്ന് അറിയപ്പെടുന്ന ആഭ്യന്തര മന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡിയെ അന്വേഷണ ഏജന്‍സി ഇന്നലെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. നേരത്തേ, എക്സൈസ് മന്ത്രി എം. വെങ്കട്ട രമണയ്ക്കു സിബിഐ സമന്‍സ് അയച്ചിരുന്നു. 

ജഗന്‍റെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ച സിമന്‍റ് കമ്പനികള്‍ക്കു ഖനന ലൈസന്‍സ് നല്‍കിയതിനെക്കുറിച്ചാണു സബിതയില്‍ നിന്നു വിവരം ശേഖരിച്ചത്. വൈഎസ്ആര്‍ മന്ത്രിസഭയില്‍ ഖനി മന്ത്രിയായിരുന്നു സബിത. 


ഇന്ത്യ സിമന്‍റ്സ്, ഡാല്‍മിയ സിമന്‍റ്സ്, പെന്ന സിമന്‍റ്സ് എന്നിവയ്ക്കു വേണ്ടി ഒമ്പതു സര്‍ക്കാര്‍ ഉത്തരവുകളിറക്കിയിരുന്നു അക്കാലത്ത് സബിത. നേരത്തേ, ആറു മന്ത്രിമാര്‍ക്കും എട്ട് ഐഎഎസ് ഓഫിസര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു സിബിഐ. 21ന് ചോദ്യം ചെയ്യലിനു ഹാജരാകാനാണു വെങ്കട്ട രമണയ്ക്കു നിര്‍ദേശം. 


ജഗന്‍റെ അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ വെള്ളിയാഴ്ച രാത്രിയാണു സിബിഐക്കു സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചത്. ഇതുപ്രകാരം ജഗതി പബ്ലിക്കേഷന്‍സ്, ഇന്ദിര ടെലിവിഷന്‍, ജനനി ഇന്‍ഫ്ര എന്നിവയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കും. ജഗനെതിരേ കുറ്റപത്രം സമര്‍പ്പിച്ച മാര്‍ച്ച് 31ന് മൂന്നു കമ്പനികളുടെയും ആസ്തി മരവിപ്പിച്ചിരുന്നു. 


വൈഎസ്ആര്‍ പുത്രന്‍റെ വിശ്വസ്തരും ബിസിനസ് പങ്കാളികളുമായ സുനില്‍ റെഡ്ഡി, കൊനേരു പ്രസാദ് എന്നിവരുടെയും സ്വത്ത് കണ്ടുകെട്ടാന്‍ അനുമതിയുണ്ട്.


അതിനിടെ, ജഗന്‍മോഹനും എമ്മാര്‍ പ്രോപ്പര്‍ട്ടീസും ഒബുലപുരം ഖനി കമ്പനികളും ഉള്‍പ്പെട്ട കേസുകളില്‍ വിശദ ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സിബിഐ കോടതിയുടെ അനുമതി തേടി. വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചതിനുള്‍പ്പെടെയാണു കേസ്. 

No comments: