Sunday, May 20, 2012

ഡോക്റ്റര്‍മാര്‍ കൈയക്ഷരം നന്നാക്കണം


വ്യക്തമായി വായിക്കാനാവാത്ത ഡോക്റ്റര്‍മാരുടെ മരുന്നു കുറിപ്പുകള്‍ വലിയ വിപത്തുകള്‍ക്കു കാരണമാകുന്നതായി റിപ്പോര്‍ട്ട്. ഡോക്റ്റര്‍മാര്‍ ഇനി മുതല്‍ വലിയ അക്ഷരത്തില്‍ മരുന്നു കുറിക്കണമെന്നാണു മുംബൈയിലെ ഫാര്‍മസിസ്റ്റുകളുടെ നിര്‍ദേശം. ഇന്ത്യയില്‍ ദിനംപ്രതി 40 ലക്ഷത്തിനു മുകളില്‍ മരുന്നു കുറിപ്പുകള്‍ എഴുതുന്നുണ്ടെന്നാണു കണക്ക്.

യുഎസില്‍ അവ്യക്തമായ മരുന്നുകുറിപ്പുകള്‍ പ്രതിവര്‍ഷം 7,000 പേരുടെ ജീവന്‍ അപഹരിക്കുന്നുവെന്നു റിപ്പോര്‍ട്ട്. കൂടാതെ മരുന്നു മാറിയതിനെ തുടര്‍ന്നുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവര്‍ 1.5 മില്യണിനു മുകളില്‍ വരും. 

ഇന്ത്യയിലും സ്ഥിതി മറിച്ചല്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നോയിഡയിലെ സ്പിങ് മീഡോസ് ഹോസ്പിറ്റലില്‍ ഡോക്റ്ററുടെ കുറിപ്പു വ്യക്തമാകാത്തതിനെ തുടര്‍ന്നു മരുന്നു മാറി കഴിച്ച മൂന്നു വയസുകാരന്‍ മരിച്ചത് ഏറെ വിവാദമായിരുന്നു. 17.5 ലക്ഷം രൂപ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കിയാണു കേസ് ഒതുക്കി തീര്‍ത്തത്.

മുംബൈയിലെ ചില മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളും എന്‍ജിഒകളുമാണു ഡോക്റ്റര്‍മാരുടെ മരുന്നു കുറിപ്പുകള്‍ വലിയ അക്ഷരത്തില്‍ ഫാര്‍മസിസ്റ്റുകള്‍ക്കു വായിക്കാന്‍ കഴിയുന്ന വിധം എഴുതണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്‍റെ കീഴിലുളള എല്ലാ ആശുപത്രികളിലും ഇതു നിര്‍ബന്ധമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നഗരത്തിലെ മിക്ക മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെടുന്നതു ഡോക്റ്റര്‍മാര്‍ കൈയക്ഷരം നന്നാക്കണമെന്നാണ്.

No comments: