Friday, May 25, 2012

ഹംസ ആനുകൂല്യം പറ്റാനെത്തിയവന്‍; ശുംഭത്തരത്തിന്‌ മറുപടിയില്ല: വി.എസ്‌‍‍‍

ടി.കെ ഹംസയ്‌ക്ക് വി.എസ്‌ അച്യുതാനന്ദന്റെ മറുപടി. ഹംസ നടത്തിയ പ്രസ്‌താവന താന്‍ കേട്ടു. ഹംസ കോലിട്ടിളക്കിലിനെ കുറിച്ച്‌ പറഞ്ഞുവല്ലോ. ഞങ്ങളെല്ലാം ആദരവോടെ വിളിച്ചുപോന്ന ഒരാളാണ്‌ മുസഫര്‍ അഹമ്മദ്‌. ഇന്ത്യയില്‍ കമ്മ്യുണിസ്‌റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍. മുസഫര്‍ അഹമ്മദും എ.കെജിയും ജോതിബസുവും മുതല്‍ ഇമ്പിച്ചീബാവ വരെയുള്ള 32 പേര്‍ ഡാങ്കെയുടെ ഏകാധിപത്യ, റിവിഷിണലിസ്‌റ്റ് നയത്തോട്‌ വിയോജിച്ച്‌ ഇറങ്ങിപ്പോന്നു. ഡാങ്കെ ഞങ്ങളെ വര്‍ഗവഞ്ചകരെന്ന്‌ വിളിച്ച്‌ പുറത്താക്കി. അങ്ങനെ ഞങ്ങള്‍ 32 പേര്‍ ചേര്‍ന്ന്‌ 64ല്‍ കൊല്‍ക്കൊത്തയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ ചേര്‍ന്നപ്പോള്‍ പാര്‍ട്ടിക്കിട്ട പേരാണ്‌ സിപിഐ(എം). ആ പാര്‍ട്ടി വളര്‍ന്ന്‌ കഴിഞ്ഞ കോഴിക്കോട്‌ സമ്മേളനമായപ്പോള്‍ 10 ലക്ഷം പേരാണ്‌ അണിനിരന്നത്‌. അതില്‍ ഒരുത്തനാണ്‌ ഈ ഹംസ. 

അമരാവതിയില്‍ കര്‍ഷകരെ അടിച്ചിറക്കിയതിനെതിരെ എ.കെ ഗോപാലന്‍ നിരാഹാര സമരം നടത്തിയപ്പോള്‍ 'കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തൂ ഗോപാലാ, ഗോപാലാ ' എന്ന്‌ വിളിച്ച ഡിസിസി പ്രസിഡന്റായിരുന്നു ഹംസ. ഞങ്ങള്‍ ഉണ്ടാക്കിയ പാര്‍ട്ടി വളര്‍ന്നപ്പോള്‍ ഡിസിസിയില്‍ നിന്ന്‌ ആനുകൂല്യങ്ങളും അവസരങ്ങളും തേടി പാര്‍ട്ടിയില്‍ വന്നയാളാണ്‌ ഹംസ. പാര്‍ട്ടിയില്‍ വന്ന്‌ എംഎല്‍എയായി, എംപിയായി മന്ത്രിയായി. ഇനിയും എന്തൊക്കെ ആനുകൂല്യം കിട്ടുമെന്ന്‌ പ്രതീക്ഷിച്ചിരിക്കുന്ന മാന്യനാണ്‌ ഹംസ. അയാളുടെ ശുംഭത്തരത്തിന്‌ ഞാന്‍ എന്തു മറുപടി പറയണമെന്നാണ്‌ നിങ്ങള്‍ പറയുന്നതെന്ന്‌ വി.എസ്‌ മാധ്യമങ്ങളോട്‌ ആരാഞ്ഞു. 

പാര്‍ട്ടി അപകടത്തില്‍ പെടുമ്പോഴെല്ലാം കോലിട്ടിളക്കുന്നയാളാണ്‌ വി.എസ്‌ എന്ന്‌ ഹംസ കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ നടത്തിയ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്ന്‌ വി.എസ്‌. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ പ്രതിയാക്കണമെങ്കില്‍ വി.എസിനെ തന്നെ പ്രതിയാക്കണമെന്നും അങ്ങനെയെങ്കില്‍ 'ഒരു എടങ്ങേറു മാറിക്കിട്ടു'മെന്നുമാണ്‌ ഹംസ പറഞ്ഞത്‌.

No comments: