Saturday, May 5, 2012

ഐശ്വര്യ തടിക്കുമ്പോള്‍


ഏതു പെണ്ണും പെറ്റെണീറ്റാല്‍ ഒന്നു തടിക്കും. അതിപ്പോ ഇത്ര ചര്‍ച്ചയാക്കാനുണ്ടോ എന്നു ചോദിച്ചാല്‍, തടിക്കുന്ന പെണ്ണാരാണ് എന്നതു പോലെയിരിക്കും എന്നാണ് ഉത്തരം. എല്ലാവരേയും പോലെയാണോ ഐശ്വര്യ റായ്. ബച്ചന്‍ കുടുംബത്തിന്‍റെ ഈ മരുമകള്‍ക്കു വേണ്ടി സ്ക്രിപ്റ്റും തയാറാക്കി കാത്തിരിക്കുന്നു ബോളിവുഡിലെ പ്രശസ്ത സംവിധായകര്‍ എന്നാണു കേള്‍വി. അതൊക്കെ വെറുതെ, ഇവിടെ വേറേ നടിമാര്‍ ഇല്ലാത്തതു പോലെ.. എന്നൊക്കെ ചില അസൂയക്കാര്‍ പറഞ്ഞു പരത്തുന്നുമുണ്ട്.

കഴിഞ്ഞ ആഴ്ച വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി ആതിഥേയനായി ഒരു വിരുന്ന്. അതില്‍ പങ്കെടുക്കാനെത്തി ഐശ്വര്യ. പ്രസവം കഴിഞ്ഞ്, മകള്‍ ആരാധ്യയെ നോക്കി വീട്ടില്‍ ഇരിക്കുന്നതല്ലാതെ അധികം പുറത്തിറങ്ങുക പതിവില്ല. മുകേഷിന്‍റെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്ന ചിത്രങ്ങള്‍ കണ്ടതോടെയാണ് ഐശ്വര്യയുടെ തടിയെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. ബച്ചന്‍ ബഹു എന്താണ് ഇങ്ങനെ? ഒരു സെലിബ്രിറ്റിയല്ലേ? ശരീരം നോക്കണ്ടേ? ഇങ്ങനെ തടി വച്ചാലോ?...സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍, ബ്ലോഗുകളില്‍ ചര്‍ച്ച സജീവം.

ഐശ്വര്യയുടെ ആസ്ഥാന കോസ്റ്റ്യൂം ഡിയൈനര്‍ സവ്യസാചിതാരത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെ വര്‍ത്താനം കൊഴുത്തു. പ്രസവം കഴിഞ്ഞാല്‍ ഏതു സ്ത്രീയും കുറച്ചു വണ്ണം വയ്ക്കും. അതിന് ഇത്ര ബഹളം വയ്ക്കാനില്ല. സിനിമയില്‍ തിരിച്ചെത്തുമ്പോള്‍ ഐശ്വര്യ പഴയ ശരീരസൗന്ദര്യം വീണ്ടെടുക്കും, സവ്യസാചിക്ക് ഉറപ്പ്.

ഷോക്കിങ്...ഒരാളുടെ ട്വിറ്റര്‍ പോസ്റ്റ് ഇങ്ങനെ. അഞ്ചുമാസം കഴിഞ്ഞില്ലേ? എന്നിട്ടും ശരീരം നോക്കാറിയില്ലേ എന്നു മറ്റൊരാള്‍. പ്രസവത്തിനു ശേഷവും ബോഡി മെയ്ന്‍റൈന്‍ ചെയ്യുന്ന കാര്യത്തില്‍ വിക്റ്റോറിയ ബെക്കാമിനെപ്പോലുള്ളവരെ കണ്ടുപഠിക്കണം ഐശ്വര്യ എന്ന് ഒരാളുടെ ഉപദേശം. കുറച്ചു കാലത്തിനിടക്കുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ ഒരു മൊണ്ടാഷായി പോസ്റ്റ് ചെയ്തിരിക്കുന്നു ഒരു ബ്ലോഗില്‍.

കുഞ്ഞു പിറന്ന് ആദ്യ ദിവസങ്ങളില്‍ ഐശ്വര്യക്ക് ഇത്ര വണ്ണമുണ്ടായിരുന്നില്ല. ഇപ്പോള്‍ അഞ്ചോ ആറോ കിലോ കൂടിയിരിക്കുന്നു. ഐശ്വര്യയുടെ പുതിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയാണു ഡിസൈനര്‍ റിന ധക്ക വിമര്‍ശിക്കുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് ഓടിയൊളിക്കാത്തതിന് ഐശ്വര്യയെ അഭിനന്ദിക്കുന്നു ഡിസൈനര്‍ റോക്കി എസ്. ഐശ്വര്യ മാതൃത്വം ആസ്വദിക്കുകയാണ്. സിനിമയില്‍ തിരിച്ചു വരുമ്പോള്‍ എന്തു ചെയ്യണം എന്ന് അവര്‍ക്കു നന്നായി അറിയാം. അവര്‍ ഇന്‍റര്‍നാഷണല്‍ സെലിബ്രിറ്റിയാണ്, വിമര്‍ശകരെ റോക്കി ഓര്‍മിപ്പിക്കുന്നു. 

No comments: