ടി.പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് വി എസ് അച്യൂതാനന്ദനും പിണറായി വിജയനും പരസ്യമായി വാക്‌പോര് നടത്തിയതാണ് രാഷ്‌ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. വി എസിനെതിരെ നടപടിയുണ്ടാകുമോ, വി എസ് പാര്‍ട്ടി വിടുമോ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്കിടെയാണ് സംസ്ഥാന വ്യാപകമായി ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ വി.എസ്-പിണറായി പോസ്‌റ്ററുകള്‍ക്ക് പിന്നില്‍ ചില മാധ്യമങ്ങളാണെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയതായാണ് സൂചന. ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ ഇതേക്കുറിച്ച് വാര്‍ത്തകളുണ്ട്.
കോഴിക്കോട് ജില്ലയിലെ ഉള്‍പ്രദേശമായ പാലേരിയില്‍ സിപിഎം മുതിര്‍ന്ന നേതാവ് വിവി ദക്ഷിണമൂര്‍ത്തിയുടെ വീട്ടുമതിലില്‍ വിഎസ് വിരുദ്ധ പോസ്‌റ്റര്‍ പതിഞ്ഞ വാര്‍ത്ത രാവിലെ ആറരയ്‌ക്ക് ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്‌തിരുന്നു. കോഴിക്കോട് നിന്ന് വെളുപ്പിന് നാലരയ്‌ക്ക് യാത്ര തിരിച്ചാല്‍ മാത്രമെ ആറരയ്‌ക്ക് പാലേരിയില്‍ എത്താനാകു. ദക്ഷിണമൂര്‍ത്തിയുടെ വീട്ടുമതിലില്‍ പോസ്‌റ്റര്‍ പതിഞ്ഞ വിവരം അദ്ദേഹവും പാലേരിക്കാരും അറിഞ്ഞത് ചാനല്‍ വഴിയാണ്. ഈ സംഭവമാണ് ചാനലുകള്‍ക്കെതിരെ തിരിയാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. തന്നെയുമല്ല, നേരത്തെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമരില്‍ പോസ്‌റ്റര്‍ പതിച്ചത് ഒരു ചാനലിന്റെ ലേഖകനാണെന്ന് സിപിഎം ആരോപിച്ചിരുന്നു. അതേ ചാനല്‍ സംഘം തന്നെയാണ് ഇപ്പോള്‍ ദക്ഷിണമൂര്‍ത്തിയുടെ വീട്ടുമതിലിലും പോസ്‌റ്റര്‍ പതിച്ചതെന്നാണ് സിപിഎമ്മും ദേശാഭിമാനിയും ആരോപിക്കുന്നത്.
സംസ്ഥാന വ്യാപകമായി വിഎസ്-പിണറായി വിരുദ്ധ പോസ്‌റ്ററുകള്‍ പതിയുന്നത് ഏറ്റവുമാദ്യം മാധ്യമങ്ങളിലാണ് വരുന്നത്. മാധ്യമ കിടമല്‍സരത്തില്‍ ഒന്നാമതെത്താന്‍ ചാനലുകാര്‍ സ്വയം വാര്‍ത്ത സൃഷ്‌ടിക്കുകയാണെന്ന വാദമാണ് ഇതിലൂടെ ബലപ്പെടുന്നത്.
No comments:
Post a Comment