ചെമ്മീന്‍.
തകഴിയുടെ വിശ്വവിഖ്യാതമായ നോവല്‍. ലോകമൊട്ടാകെ മിക്ക പ്രമുഖഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട അനശ്വരപ്രേമഗാഥ.
മലയാളത്തില്‍ ആ ചിത്രം സിനിമയായപ്പോഴും അനശ്വരമായ കലാസൃഷ്ടിയായി. രാമുകാര്യാട്ടിന്റെ ചിത്രഭാഷയും ലോകം അംഗീകരിച്ചു. മലയാളത്തിന് ആ ചിത്രം ദേശീയപുരസ്കാരം നേടിത്തന്നു.
ആ ചിത്രത്തില്‍ ചെറിയൊരു വേഷത്തിലഭിനയിച്ച നടിയാണ് രാജകുമാരി. കടാപ്പുറത്തിന്റെ കാണപ്പെട്ട ദൈവം തുറയിലാശാന്റെ ഭാര്യ താത്തിക്കുട്ടി. പിന്നീട്, ഗതികേടിലാകുമ്പോള്‍ ചെമ്പന്‍കുഞ്ഞിന്റെ രണ്ടാംഭാര്യയാകുന്നവള്‍.
വളരെക്കുറച്ച് സിനിമകളില്‍ മാത്രമേ രാജകുമാരി അഭിനയിച്ചിട്ടുള്ളൂ. സീരിയല്‍ എന്ന പുതുകലാരൂപം കണ്ടുപിടിക്കപ്പെട്ട, കേരളത്തില്‍ ടെലിവിഷന്‍ പരിപാടികള്‍ ആളുകളുടെ വിസ്മയങ്ങള്‍ക്കു പാത്രമായിരുന്ന എണ്‍പതുകളുടെ രണ്ടാം പാതിയിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ഏതാനും സീരിയലുകളില്‍ രാജകുമാരി അഭിനയിച്ചു. എന്നാലും എക്കാലവും രാജകുമാരിയെ അറിഞ്ഞത് ചെമ്മീനിലെ ആ ചെറുവേഷത്തില്‍ത്തന്നെ.
റേഡിയോ നാടകങ്ങളിലും മറ്റും മികച്ച ശബ്ദസാന്നിദ്ധ്യം കൂടിയായിരുന്നു രാജകുമാരി.
രാജകുമാരി കടന്നുപോകുമ്പോള്‍, ചെമ്മീനിലെ മറ്റൊരു സാന്നിദ്ധ്യം കൂടി മണ്‍മറയുകയാണ്. രാമുകാര്യാട്ടും ഋഷികേശ് മുഖര്‍ജിയും മുതല്‍ കൊട്ടാരക്കരയും എസ് പി പിള്ളയും അടൂര്‍ ഭവാനിയും സത്യനും എല്ലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ആ അനശ്വരപ്രേമകഥയില്‍ മരണം കൊണ്ടുമാത്രം ഒന്നാകുന്ന പരീക്കുട്ടിയും കറുത്തമ്മയും ആയിരുന്ന മധുവും ഷീലയും സമയസാക്ഷികളായുണ്ട്. ഇന്നും അവര്‍ രണ്ടാളും സിനിമയിലും സജീവം.
രാജകുമാരിക്ക്, അഭിനയത്തിന്റെ ആ ചെറുപുഞ്ചിരിക്ക് അന്തിമാഭിവാദനം.
No comments:
Post a Comment