| മൂന്നു രാഷ്‌ട്രീയ കൊലപാതകങ്ങള്‍. തുടര്‍ച്ചയായി മൂന്നു തെരഞ്ഞെടുപ്പു പരാജയങ്ങള്‍... പാര്‍ട്ടിയും ജനങ്ങളും അകലുന്നുവെന്ന തികഞ്ഞ ബോധ്യത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെതിരേ ഒരിക്കല്‍കൂടി വെടിപൊട്ടിച്ചപ്പോള്‍ ഉയരുന്ന ചോദ്യം ഒന്നുമാത്രം. ഇനി സി.പി.എമ്മില്‍ എന്ത്? കേന്ദ്ര നേതൃത്വവും പിണറായിയും മൗനം കൊണ്ട് വിവാദങ്ങള്‍ക്കു മറയിടുമ്പോഴും പാര്‍ട്ടി നീങ്ങുന്നതു ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിസന്ധിയിലേക്ക്. അസംതൃപ്‌തരായ അണികളും ആരോപണത്തിന്റെ മുനയില്‍ നില്‍ക്കുന്ന നേതാക്കളുമുള്ള പാര്‍ട്ടിക്ക് ഉള്ളില്‍നിന്നുതന്നെ ഏല്‍ക്കുന്ന പ്രഹരത്തെ താങ്ങാനുള്ള ശേഷി എത്രയുണ്ടെന്നു കണ്ടറിയണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സംശയത്തിന്റെ കുന്തമുന നീളുന്നതു കണ്ണൂര്‍ നേതാക്കള്‍ക്കു നേരേയാണ്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയിലെ അബ്‌ദുള്‍ ഷുക്കൂറിനെ വെട്ടിക്കൊന്ന കേസിലും കണ്ണൂര്‍ നേതൃത്വം പ്രതിസ്‌ഥാനത്താണ്. തലശേരിയില്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ തലശേരി ഏരിയാ സെക്രട്ടറിയുമായ കാരായി രാജന്റെ അറസ്‌റ്റ് ചെയ്യാനുള്ള അനുമതി സി.ബി.ഐക്കു ലഭിച്ചു കഴിഞ്ഞു. ശക്‌തമായ തിരുത്തലുകള്‍ നേതൃതലത്തില്‍ ഉണ്ടായാല്‍ മാത്രമെ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂവെന്നാണു ഭൂരിഭാഗം അണികളും വിശ്വസിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തു നടന്ന സംസ്‌ഥാന സമ്മേളനവും കോഴിക്കോട്ടു നടന്ന 20 -ാം പാര്‍ട്ടി കോണ്‍ഗ്രസും മറ്റൊരു ചിത്രമാണ് അണികള്‍ക്കു നല്‍കിയത്. വി.എസ്. പൂര്‍ണമായും ചവിട്ടിത്താഴ്‌ത്തിയ രണ്ടു സമ്മേളനങ്ങള്‍ക്കും ശേഷം നേതൃത്വത്തെ അനുസരിച്ച് വി.എസ്. ഒതുങ്ങിക്കഴിയുമെന്ന് ഔദ്യോഗിക നേതൃത്വം കരുതിയിരുന്നുവെങ്കിലും അതും ഉണ്ടായില്ല. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിനെച്ചൊല്ലി അണികളും അനുഭാവികളും ആശങ്കയിലാണ്. ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഒഞ്ചിയം സഖാക്കളുടെ നിലപാടാണു ശരിയെന്നു വി.എസ്. ആവര്‍ത്തിക്കുമ്പോള്‍ പിണറായിയുടെ നിലപാടുകള്‍ തെറ്റാണെന്നും ഏകാധിപതിയെ പോലെ പിണറായി പെരുമാറുന്നുവെന്നുമാണു വി.എസ്. തുറന്നുപറയുന്നത്. പാര്‍ട്ടി സെക്രട്ടറിക്കെതിരേ വി.എസ്. പറഞ്ഞതു ശരിയോ തെറ്റോ, തെറ്റെങ്കില്‍ ഇതു കടുത്ത അച്ചടക്ക ലംഘനമല്ലേയെന്ന ചോദ്യമാണു പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. ഈ അച്ചടക്ക ലംഘനത്തിനെതിരേ നടപടിയെടുക്കേണ്ടതാണെങ്കിലും വി.എസ്. എന്ന ആനുകൂല്യത്തില്‍ കേന്ദ്രനേതൃത്വം എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്. വി.എസ്. സംസാരിക്കുന്നതു തെളിവുകളുടെ പിന്‍ബലത്തിലാണെന്നതാണ് ഔദ്യോഗിക പക്ഷത്തെ കുഴയ്‌ക്കുന്നത്. ഇതിന്റെ പേരില്‍ വി.എസിനെതിരേ നടപടിയെടുത്താല്‍ പാര്‍ട്ടി നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. അതിനാല്‍ കേന്ദ്രനേതൃത്വവും കരുതലോടെയാണു പോകുന്നത്. |
Saturday, May 12, 2012
തലയ്‌ക്കുമുകളിലെ വാളായി വി.എസ്; വിവാദങ്ങളുടെ നടുക്കടലില്‍ സി.പി.എം.
Subscribe to:
Post Comments (Atom)
No comments:
Post a Comment