വി.എസ്. അച്യുതാനന്ദന്‍െറ നിലപാടുകളെത്തുടര്‍ന്ന് ജില്ലയിലെ സി.പി.എമ്മില്‍ അണിയറ നീക്കങ്ങള്‍ സജീവം. അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ രഹസ്യയോഗങ്ങള്‍ ചേരുന്നത് ഔദ്യാഗിക നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിഭാഗീയ പ്രവര്‍ത്തനമില്ലെന്നാണ് ഔദ്യാഗിക നേതൃത്വം പറയുന്നത്. ജില്ലയിലെ ഒന്നാംനിര നേതാക്കള്‍ വി.എസിനെ തള്ളിപ്പറയുമ്പോഴും താഴെക്കിടയിലെ നേതാക്കളും അണികളും ഒപ്പമുണ്ട്. എന്ത് കടുത്ത നിലപാടും എടുക്കാന്‍ സന്നദ്ധരാവാനാണ് ജില്ലയില്‍ വി.എസ് അനുകൂലികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. പുറമെ ശാന്തമെങ്കിലും നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ വി.എസിന്‍െറ നിലപാടുകള്‍ സജീവ ചര്‍ച്ചയാണ്.
വി.എസ് കടുത്ത നിലപാടുകളെടുത്താല്‍ അതിനൊപ്പം നില്‍ക്കാന്‍ അണികളില്‍ വലിയൊരു വിഭാഗം ഉണ്ടാവുമെന്നാണ് സൂചനകള്‍. ഇതിനെ ചെറുക്കാനുള്ള പദ്ധതിയൊന്നുമില്ലാതെ ഔദ്യാഗിക വിഭാഗം നിരീക്ഷിച്ചുവരികയാണ്. പാര്‍ട്ടി നേതാക്കളും അണികളും എന്താവും സ്ഥിതിയെന്നറിയാതെ അനിശ്ചിതത്വത്തിലാണ്. കാമ്പയിനുകള്‍ ഏറ്റെടുക്കാനാവാത്ത വിധം അനിശ്ചിതത്വം പാര്‍ട്ടിയില്‍ വ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കളും സമ്മതിക്കുന്നു. വ്യാഴാഴ്ച നടന്ന ഹര്‍ത്താലിന്‍െറ ഭാഗമായി കവലകളില്‍ സംഘടിപ്പിച്ച പ്രകടനങ്ങളില്‍ അണികളുടെ പങ്കാളിത്തം നന്നേ കുറവായിരുന്നു.
വി.എസിന് ഉറച്ച സ്വാധീനമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ നേതാക്കള്‍ ഭൂരിഭാഗവും ഔദ്യാഗികനേതൃത്വത്തിനൊപ്പമാണ്. അണികളില്‍ ഈവിധം മനംമാറ്റം ഉണ്ടായിട്ടില്ല. വി.എസിന്‍െറ വിമര്‍ശം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും പതിവുപോലെ അത് കെട്ടടങ്ങുമെന്നുമാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി വി.എസിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമോ എന്നാണ് പ്രവര്‍ത്തകരും നേതാക്കളും ഉറ്റുനോക്കുന്നത്. നടപടി ഉണ്ടായാല്‍ വി.എസ് കടുത്ത നിലപാടുകളിലേക്ക് പോകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. വി.എസിനെ പിന്തുണക്കുന്നവര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന ജില്ലാ കമ്മിറ്റി കഴിഞ്ഞ സമ്മേളനത്തോടെയാണ് പൂര്‍ണമായും ഔദ്യാഗികനേതൃത്വത്തിന് ഒപ്പമായത്. ഏരിയാ കമ്മിറ്റികള്‍ മുതല്‍ താഴെത്തട്ടിലോട്ട് വി.എസിനോട് കൂറുപുലര്‍ത്തുന്നവര്‍ ഇപ്പോഴും ഏറെയാണ്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട അവസരത്തില്‍ ജില്ലാ കമ്മിറ്റി ഒന്നടങ്കം വി.എസിനൊപ്പം നിന്നിരുന്നു. അത്രത്തോളം സ്വാധീനം ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ വി.എസിനില്ല. വി.എസിനെ അനുകൂലിക്കുന്ന രണ്ടാംനിര നേതാക്കളുടെ നേതൃത്വത്തില്‍ ചിലയിടങ്ങളില്‍ രഹസ്യയോഗങ്ങള്‍ നടന്നു. തിരുവല്ല, ചിറ്റാര്‍ എന്നിവിടങ്ങളില്‍ യോഗം നടന്ന വിവരം പുറത്തായിട്ടുണ്ട്. ഇതേതുടര്‍ന്ന് ജില്ലാ നേതൃത്വം സ്ഥിതിഗതികള്‍ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പഴകുളം സര്‍വീസ് സഹകരണബാങ്ക് മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസിനെ അണികള്‍ അത്യാവേശത്തോടെയാണ് വരവേറ്റത്. അണികളുടെ നിലപാട് നേതാക്കള്‍ക്ക് വ്യക്തമായി അറിയാമെങ്കിലും വി.എസിനെ പരസ്യമായി അനുകൂലിക്കുന്ന നിലപാടെടുക്കാന്‍ അവര്‍ മടിക്കുകയാണ്.
ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങിയാല്‍ തങ്ങള്‍ പാര്‍ട്ടിയില്‍ നോട്ടപ്പുള്ളികളാവുമെന്നും വെട്ടിനിരത്തപ്പെടുമെന്നുമുള്ള ഭയമാണ് നേതാക്കളെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നത്. നേതൃനിരയിലുള്ളവരില്‍ ബഹുഭൂരിഭാഗവും പാര്‍ട്ടിയിലെ സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് സാമ്പത്തികസ്രോതസ്സുകള്‍ ഉണ്ടാക്കി ഉപജീവനം നടത്തുന്നവരാണ്. അതിനാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ സാധ്യതപ്പെട്ടവരും നിര്‍ബന്ധിതരുമാണ്. ഇതുകൊണ്ടാണ് നേതാക്കള്‍ ഭൂരിഭാഗവും ഔദ്യാഗിക പക്ഷത്തെ തള്ളിപ്പറയാത്തതെന്ന് വി.എസിനോട് കൂറുപുലര്‍ത്തുന്ന ജില്ലയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. പുതിയ പാര്‍ട്ടി എന്ന ചിന്ത ജില്ലയിലെ വി.എസ് അനുകൂലികളില്‍ ശക്തമായിട്ടുണ്ട്. എന്നാലും അത്തരം പ്രസ്ഥാനത്തിന് നിലനില്‍ക്കാനാവുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്.
ഈ ആശങ്കയാണ് ഔദ്യാഗിക പക്ഷം പ്രതീക്ഷ അര്‍പ്പിക്കുന്നത്. വി.എസിനെ കടുത്ത നിലപാടുകളിലേക്ക് പോകുംവിധം പ്രകോപിപ്പിക്കാതെ കുറേക്കാലം കൂടി കൊണ്ടുപോകാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയാറാവുമെന്നാണ് ഒരു വിഭാഗത്തിന്‍െറ കണക്കുകൂട്ടല്‍.
No comments:
Post a Comment