Wednesday, May 23, 2012

മോഹന്‍ലാലിന്റെ പ്രതിഷേധം സിപിഎമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി


Thiruvananthapuram,  CPM, Protest, Birthday, Actor, T.P Chandrasekhar Murder Case

ടിപി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ സ്വന്തം കൈപടയില്‍ കുറിച്ചിട്ട പ്രതിഷേധ വാക്കുകള്‍ സിപിഎം നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി. കേരളത്തില്‍ ജീവിക്കാന്‍ തനിക്ക് പേടിയാകുന്നുവെന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ രേഖപ്പെടുത്തിയത്. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതില്‍ തനിക്കുള്ള പ്രതിഷേധ സൂചകമായാണ് ലാല്‍ കടുത്തതും മനസില്‍ തട്ടുന്നതുമായ വാക്കുകളില്‍ പ്രതികരിച്ചത്. 52 വയസ് പൂര്‍ത്തിയാക്കുന്ന ലാല്‍ ജന്മദിനത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയതെന്നത് ഗൗരവത്തോടെയാണ് മലയാളികള്‍ കണ്ടത്. അക്രമികള്‍ വെട്ടിക്കൊന്ന ടി.പി.ചന്ദ്രശേഖരന്റെ അമ്മയുടെ ദു:ഖത്തില്‍ താനും പങ്കു ചേരുന്നതായും മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതി.

പിറന്നാള്‍ദിനം ലാലിന് സന്തോഷം പകരുന്നതായിരുന്നില്ല. കാരണം അമ്മയുടെ അസുഖം തന്നെ. മസ്തിഷ്‌ക ആഘാതം സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്‌ക്കൊപ്പമാണ് ലാല്‍ ഈ ദിവസം ചിലഴിച്ചത്.

'രണ്ട് അമ്മമാര്‍' എന്ന തലക്കെട്ടോടു കൂടി ലാല്‍ ബ്ലോഗില്‍ കുറിച്ചത് ഇങ്ങനെയാണ്: മെയ് 21ന് എന്റെ പിറന്നാളാണ്. ജീവിതയാത്രയില്‍ 52 നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുന്നു. തീര്‍ച്ചയായും സന്തോഷം ഉണ്ടാകേണ്ട കാര്യം തന്നെയാണ്. എന്നാല്‍ ഈ വര്‍ഷം എന്റെ പിറന്നാള്‍ ദിനത്തിന് മുകളില്‍ സങ്കടത്തിന്റെ മഴക്കാറുകള്‍ മൂടിയിരിക്കുന്നു. രണ്ട് അമ്മാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആ മൂടലുകള്‍ക്കിടയില്‍ വിങ്ങി നില്‍ക്കുന്നു. ഒരു ബ്രെയിന്‍ അറ്റാക്ക് വന്ന് മൂന്ന് മാസമായി ബോധം മറഞ്ഞു കിടക്കുന്നു എന്റെ അമ്മ. പിന്നെ മുഖത്ത് അമ്പതിലധികം വെട്ടുകളേറ്റ് മരിച്ചു വീണ ടി.പി.ചന്ദ്രശേഖരന്റെ അമ്മ. അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി എനിക്കറിയില്ല. പത്രങ്ങളില്‍ വായിച്ച പരിമിതമായ അറിവേയുള്ളൂ. ജീവിച്ചിരുന്നെങ്കില്‍ എന്റെ അതേ പ്രായമായിരിക്കും അദ്ദേഹത്തിന്. ആ അമ്മയ്ക്കും എന്റെ അമ്മയുടെ വയസുണ്ടാകും.

എനിക്കൊന്ന് നോവുമ്പോള്‍ എന്റെ അമ്മയുടെ മനസ് പിടയ്ക്കുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട് എത്രയോ തവണ. അപ്പോള്‍ കൊത്തി നുറക്കപ്പെട്ട ആ അമ്മയുടെ നെഞ്ചിലെ സങ്കടക്കടലും എനിക്ക് തൊട്ടറിയാന്‍ സാധിക്കും. കണ്ണീരിന്റെ ആ കടലില്‍ എന്റെ ജന്മദിന ആഹ്ലാദങ്ങള്‍ മുങ്ങിപ്പോകുന്നു.

അസുഖബാധിതയായ ശേഷം എന്റെ അമ്മ ഒന്നും വായിക്കാറില്ല. അല്ലെങ്കില്‍ ആ അമ്മയുടെ സ്ഥാനത്ത് നിന്ന് എന്റെ അമ്മയും കരയുമായിരുന്നു. ഞാന്‍ വെട്ടേറ്റ് മരിച്ചപോലെ തന്നെ. അമ്മമാര്‍ക്ക് അറിയാം അവര്‍ ജീവിച്ചിരിക്കെ മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന. നെഞ്ചില്‍ നന്ദിയും സ്‌നേഹവും കെട്ടു പോകാത്ത മക്കള്‍ക്കറിയാം അമ്മയെ തനിച്ചാക്കി പിരിയേണ്ടി വന്നതിന്റെ വേദന.

കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ അമ്മയോടൊപ്പം അമൃതാ ആശുപത്രിയിലാണ് താമസം. ആശുപത്രിയില്‍ താമസിക്കുമ്പോഴാണ് ജീവന്റെ വിലയും കനിവുകളും ഏറ്റവും ആഴത്തില്‍ അറിയുക. ഒരു മനുഷ്യനെ മനുഷ്യരെന്ന് പേരിട്ട് വിളിക്കാന്‍ പാടില്ലാത്ത ഒരു സംഘം നിഷ്ഠൂരമായി വെട്ടിക്കൊന്നത് വായിച്ചപ്പോള്‍ ആശുപത്രിയിലെ മുറിയ്ക്കുള്ളില്‍ എന്റെ അമ്മയുടെ കൈ പിടിച്ച് ഞാന്‍ സ്വയം ചോദിച്ചു പോയി ഒരു കുഞ്ഞുറുമ്പിന് ജീവന്‍ നല്‍കാന്‍ ഈ കൊലയാളികള്‍ക്ക് കഴിയുമോ?

ഇതിലെ രാഷ്ട്രീയമൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഒന്നു പറയുന്നു, കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു.... കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ?

എന്റെ അമ്മയുടെ കിടപ്പും ആ അമ്മയുടെ ദു:ഖം കടിച്ചമര്‍ത്തി കൊണ്ടുള്ള ഇരിപ്പും ഓര്‍ക്കുമ്പോള്‍ ഗിരീഷ് പുത്തഞ്ചേരി എഴുതി ഞാന്‍ അഭിനയിച്ച പാട്ടിലെ വരിയാണ് മനസു നിറയെ....

'അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു

ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു'

മോഹന്‍ലാലിന്റെ ഈ പ്രതിഷേധ വാക്കുകള്‍ക്ക് സിപിഎം നേതൃത്വത്തിന് ഒരു മറുപടിയും നല്‍കാന്‍ കഴിയുന്നതല്ല. കേരളത്തിലെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാന്‍ അറച്ചുനിന്ന സ്ഥാനത്താണ് മോഹന്‍ലാലെന്ന കലാകാരന്‍ ഈ നെറികേടിനും ക്രൂരമായ കൊലപാതകത്തിനുമെതിരെ വരികള്‍ കുറിച്ചിട്ട് പ്രതിഷേധം ഉയര്‍ത്തിയത്. മോഹന്‍ലാലിനെ പോലുള്ള നൂറുകണക്കിന് സമാന ചിന്താഗതിക്കാരുടെ പ്രതിഷേധത്തിനിടയില്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ് സിപിഎം നേതൃത്വം. ചന്ദ്രശേഖരന്റെ മരണത്തിനു ശേഷം സിപിഎം നേതൃത്വം സ്വീകരിച്ച നിലപാടുകളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍രുന്നുണ്ട്. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അഭിപ്രായങ്ങള്‍ക്കാണ് പാര്‍ട്ടി അണികളില്‍ നിന്നുപോലും ശക്തമായ പിന്തുണ ഉണ്ടായിരിക്കുന്നത്. 

No comments: