Thursday, May 24, 2012

സി.പി.എം. വാദം പൊളിയുന്നു; ഔദ്യോഗികപക്ഷം പ്രതിക്കൂട്ടില്‍


റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധമില്ലെന്ന സി.പി.എമ്മിന്റെ വാദം പൊളിയുന്നു. ഒഞ്ചിയം ഏരിയാ കമ്മിറ്റി സെക്രട്ടറിയും പാര്‍ട്ടി ഔദ്യോഗികപക്ഷ നേതാവുമായ സി.എച്ച്‌. അശോകന്റെ അറസ്‌റ്റോടെയാണു സി.പി.എമ്മിന്റെ മുഖംമൂടി അഴിയുന്നത്‌.

പാര്‍ട്ടിയുടെ ഏതു നിര്‍ദേശമായാലും നടപ്പിലാക്കാനുള്ള നേതൃപാടവം അശോകനുണ്ടെന്നതായിരുന്നു ഇയാളെ ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്‌തനാക്കിയത്‌. അതുകൊണ്ടു പാര്‍ട്ടി നിര്‍ദേശമില്ലാതെ കൊലപാതകത്തിന്‌ അശോകന്‍ കൂട്ടുനില്‍ക്കില്ലെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനപ്രകാരമാണ്‌ ഇത്തവണ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്‌. അശോകനെ ഏരിയാ സെക്രട്ടറിയാക്കിയതും ടി.പി.യെ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമാണോയെന്ന്‌ അന്വേഷിക്കുന്നുണ്ട്‌.

അന്വേഷണസംഘം പടയങ്കണ്ടി രവീന്ദ്രനെ അറസ്‌റ്റ് ചെയ്‌തതിനെത്തുടര്‍ന്ന്‌ അശോകന്റെ പങ്കും അന്വേഷിച്ചിരുന്നു. സി.പി.എമ്മിന്റെ സംഘടനാരീതിയനുസരിച്ച്‌ ഏരിയാ സെക്രട്ടറി അറിയാതെ ഏരിയാകമ്മിറ്റിക്കു സംഭവത്തില്‍ പങ്കുണ്ടാവില്ലെന്ന അന്വേഷണ സംഘത്തിന്റെ വിലയിരുത്തലാണു അന്വേഷണം അശോകന്റെ നേര്‍ക്കു തിരിയാനിടയാക്കിയത്‌. ടി.പി. മരിച്ച ദിവസം അശോകന്‍ സ്‌ഥലത്തുണ്ടായിരുന്നില്ല. കൊല്ലത്തു നടന്ന എന്‍.ജി.ഒ. യൂണിയന്‍ സംസ്‌ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ്‌ അശോകന്‍ പോയതെന്നായിരുന്നു പാര്‍ട്ടി നല്‍കിയ വിശദീകരണം. ഇത്‌ ആസൂത്രിതമാണെന്നാണു അന്വേഷണസംഘം നല്‍കുന്ന സൂചന. കേസില്‍നിന്ന്‌ അശോകനെ ഒഴിവാക്കുന്നതിനു ബോധപൂര്‍വം നടത്തിയ പദ്ധതിയായിരുന്നു കൊല്ലത്തെ പരിപാടിയിലെ ഇയാളുടെ പങ്കാളിത്തമെന്നാണ്‌ അറിയുന്നത്‌. പിടിയിലായ സി.പി.എം. പ്രാദേശിക നേതാക്കളില്‍നിന്നു മൊഴി ലഭിച്ചപ്പോഴും ഇയാളുടെ അടുത്തകാലത്തുണ്ടായ എല്ലാ ഇടപെടലുകളും പോലീസ്‌ നീരിക്ഷിച്ചു. കെ.സി. രാമചന്ദ്രനെ പോലീസ്‌ കസ്‌റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്‌തതില്‍നിന്ന്‌ അശോകന്റെ പങ്ക്‌ വ്യക്‌തമായതിനെത്തുടര്‍ന്നാണു കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്തത്‌.

മടപ്പള്ളി ഗവണ്‍മെന്റ്‌ കോളജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ്‌ അശോകന്‍ സി.പി.എമ്മിലെത്തുന്നത്‌. പിന്നീട്‌ നാദാപുരവും ഒഞ്ചിയവും പ്രധാന പ്രവര്‍ത്തനമേഖലയാക്കി.

ഒഞ്ചിയത്ത്‌ സി.പി.എം. പിളര്‍ന്നു റവലൂഷണറി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ആര്‍. ഗോപാലനായിരുന്നു ഒഞ്ചിയം ഏരിയാ സെക്രട്ടറി. മേഖലയില്‍ പ്രശ്‌നം രൂക്ഷമായപ്പോള്‍ സി.പി.എം. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റംഗമായ സി. ഭാസ്‌കരന്‌ ഏരിയാ കമ്മിറ്റിയുടെ ചുമതല കൊടുത്തു. ഇതിനു ശേഷമാണ്‌ അശോകനെ സെക്രട്ടറിയാക്കുന്നത്‌.

രണ്ടു തവണ എന്‍.ജി.ഒ. യൂണിയന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 35 വര്‍ഷത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്‌തു വിരമിച്ച ശേഷമാണു സി.പി.എമ്മില്‍ സജീവമാകുന്നത്‌. വിരമിച്ചതിനെത്തുടര്‍ന്ന്‌ 2009 കാലഘട്ടത്തില്‍ അശോകനെ സി.പി.എം. കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയിലുള്‍പ്പെടുത്തി.

ആദ്യ കാലത്ത്‌ ലാന്‍ഡ്‌ ട്രിബൂണലിലായിരുന്നു ജോലി. പിന്നീടു വില്‍പന നികുതി വകുപ്പിലേക്കു മാറി. ഇക്കാലത്താണ്‌ എന്‍.ജി.ഒ. യൂണിയന്റെ പ്രവര്‍ത്തകനാകുന്നത്‌. യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ അടുപ്പമുള്ള പലരേയും അവരുടെ സൗകര്യാര്‍ഥം സ്‌ഥലംമാറ്റുകയും മറ്റു അവകാശപ്പെട്ടവരുടെ സ്‌ഥലംമാറ്റം തടസപ്പെടുത്തുകയും ചെയ്‌തിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.

അറസ്‌റ്റിലായ കൃഷ്‌ണന്‍ ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്‌. സി.പി.എമ്മിന്റെ ഔദ്യോഗികപക്ഷത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന പ്രവര്‍ത്തകനാണു കെ.കെ. കൃഷ്‌ണന്‍.

No comments: