Thursday, May 17, 2012

ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ, ഇന്‍ക്രെഡിബ്ള്‍ ടിഫിന്‍


മുംബൈയിലെ ഡബ്ബാവാലകള്‍ കൊണ്ടു വന്നിരുന്നതു സാധാരണക്കാരന്‍റെ ഭക്ഷണമായിരുന്നു. സാധാരണക്കാരന്‍റെ ഭക്ഷണത്തില്‍ അസാധാരണമായതൊന്നും കണ്ടെത്താന്‍ കഴിയില്ലെങ്കിലും അതിലൊരു ടൂറിസം സാധ്യത കണ്ടെത്തിയിരിക്കുന്നു. അങ്ങനെ ലോക്കല്‍ ഇന്ത്യന്‍ ഡബ്ബയ്ക്കു ഗ്ലാമര്‍ കൈവരുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇന്ത്യന്‍ വിഭവങ്ങളുടെ വെറൈറ്റി ഡബ്ബയിലൂടെ അറിയിക്കുന്നു ടൂറിസം വകുപ്പ്. കുസിന്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ ഇന്‍ക്രെഡിബ്ള്‍ ടിഫിന്‍ പ്രൊജക്റ്റ് അതാണു ലക്ഷ്യം വയ്ക്കുന്നത്. അതായതു പ്രാദേശിക വിഭവങ്ങള്‍ നിറച്ച ഭക്ഷണം വിദേശികള്‍ക്കായി ഒരുക്കുക. 


ഭാരതത്തിലെ വ്യത്യസ്ത ഭക്ഷണവിഭവങ്ങള്‍ വിദേശികളെ ആകര്‍ഷിക്കുമെന്നു തന്നെയാണു കരുതുന്നത്. ഇന്ത്യയില്‍ ലഭിക്കുന്ന വിഭവങ്ങളെക്കുറിച്ചൊരു ധാരണ വിദേശികള്‍ക്കു ലഭിക്കാന്‍ ഈ പദ്ധതി വഴിയൊരുക്കും. 

വിനോദസഞ്ചാര വകുപ്പിന്‍റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ ക്യാംപെയ്ന്‍റെ ഭാഗമായാണു ഇന്‍ക്രെഡിബ്ള്‍ ടിഫിന്‍ പദ്ധതി ലോഞ്ച് ചെയ്തിരിക്കുന്നത്. അതായതു ഭക്ഷണത്തിലൂടെ വിദേശികളെ ആകര്‍ഷിക്കുക. ഇന്ത്യയിലെ വെറൈറ്റി ഭക്ഷണങ്ങള്‍ ഈ രാജ്യത്തിന്‍റെ ആത്മാവു തന്നെയാണു കാണിക്കുന്നത്. വിഭവങ്ങളില്‍ തന്നെ വലിയ വെറൈറ്റിയുള്ളപ്പോള്‍ അതിന്‍റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുക. വിദേശികള്‍ക്ക് ഇന്ത്യന്‍ ഭക്ഷണത്തോടൊരു പാഷന്‍ തോന്നിപ്പിക്കുകയാണു ലക്ഷ്യമെന്ന് ഈ പദ്ധതി ഏറ്റെടുത്ത ഐറ്റിസി മൗര്യയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് അനില്‍ രജപുത്. ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായ് ആണു പദ്ധതി ലോഞ്ച് ചെയ്തത്. 

ഇന്ത്യന്‍ ഫുഡ്ഡിനെക്കുറിച്ചു വിദേശികള്‍ക്ക് അറിവു നല്‍കുന്ന വിധത്തില്‍ ഒരു ടിഫിന്‍ പാക്കേജ് ഒരുക്കാന്‍ ഈ രംഗത്തെ വിദഗ്ധരുടെ സഹായം തേടിയിരുന്നു. ഫുഡ് എക്സ്പെര്‍ട്ടുകളായ മനിഷ ഭാസിന്‍, പുഷ്പേഷ് പന്ത്, നരേന്ദ്ര ബുയി, ഗൗതം ആനന്ദ് തുടങ്ങിയവരാണു ടിഫിന്‍ തയാറാക്കിയത്. ഇന്ത്യന്‍ ഫുഡ്ഡിന്‍റെ മേന്മ അറിയിക്കുക മാത്രമല്ല, അവരെ അതിലേക്ക് ആകര്‍ഷിക്കുക കൂടി ചെയ്യുമെന്നു അനില്‍ പറയുന്നു. ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ചു വിദേശ വിനോദസഞ്ചാരികള്‍ക്കു വളരെ പരിമിതമായ അറിവു മാത്രമേയുള്ളൂ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഭക്ഷണത്തിനു മറ്റൊരു പ്രത്യേകതയുമുണ്ട്. ഓരോ നൂറു കിലോമീറ്ററിലും ഭക്ഷണവിഭവങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഓരോ പ്രദേശത്തും, സമൂഹത്തിലുമൊക്കെ വ്യത്യസ്ത ഭക്ഷണങ്ങളാണ്. ഇന്ത്യന്‍ ഡബ്ബ എന്ന പേരില്‍ ഇങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ കൊണ്ടുവരിക എന്നതാണു പദ്ധതിയുടെ ഉദ്ദേശ്യമെന്നു ഐറ്റിസി മൗര്യയുടെ എക്സിക്യുട്ടിവ് ഷെഫ് മനിഷ ഭാസിന്‍ പറയുന്നു. 

ഇന്‍ക്രെഡിബ്ള്‍ ടിഫിന്‍ പ്രൊജക്റ്റിനു മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഇന്ത്യയുടെ ഭക്ഷണചരിത്രം രേഖപ്പെടുത്തുക. വരും തലമുറയ്ക്കു ചില വിഭവങ്ങളുടെ രുചിയെങ്കിലും നഷ്ടമാകാതെ സൂക്ഷിക്കുക. വളരെ അപൂര്‍വമായ ഡിഷുകള്‍ ഡോക്യുമെന്‍റ് ചെയ്യുക. അതേസമയം വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ ഏതു ഭക്ഷണം തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചു കൃത്യമായ ഐഡിയ അവര്‍ക്കു നല്‍കുന്നു ഈ പദ്ധതി. ഇതിനായി വിവിധ പ്രദേശത്തിന്‍റേയും വിവിധ വര്‍ഗത്തിന്‍റേയും ഭക്ഷണം മനസിലാക്കാന്‍ വ്യത്യസ്ത തരത്തിലുള്ള ടിഫിന്‍ ക്യാരിയറുകളാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ ആണെങ്കില്‍ ഫര്‍മൈഷി, സാദ്ഗി ഫുഡ് എന്നിങ്ങനെയൊക്കെ വേര്‍തിരിച്ചിരിക്കുന്നു. ഒരു സാമ്പിള്‍ ഡല്‍ഹി ടിഫിനില്‍ വൈശ്, മുസ്ലിം, പഞ്ചാബി എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളുടെ ഭക്ഷണം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എന്തായാലും ഇന്‍ക്രെഡിബ്ള്‍ ടിഫിന്‍ പദ്ധതിയിലൂടെ അഞ്ചു ദശലക്ഷം സഞ്ചാരികള ഇന്ത്യയില്‍ എത്തിക്കാമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ടൂറിസം മന്ത്രി സുബോധ് കാന്ത് പറയുന്നു. കുസിന്‍ സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രവര്‍ത്തനം പ്രശംസിക്കപ്പെടേണ്ടതാണെന്നു മന്ത്രി ഓര്‍മിപ്പിച്ചു. എഴുത്തുകാരേയും സ്പോര്‍ട്സ്താരങ്ങളേയും പാട്ടുകാരേയും പോലെ ഷെഫുമാര്‍ക്കും ഭാരതരത്നം കിട്ടുന്ന കാലത്തിനായി കാത്തിരിക്കുകയാണെന്നു മന്ത്രി. 

വിനോദസഞ്ചാരത്തിന്‍റെ പേരില്‍ എല്ലാക്കാലവും താജ്മഹല്‍ തന്നെ വിറ്റഴിക്കാന്‍ കഴിയില്ലെന്നു പറയുന്നു ഇന്‍ക്രെഡിബ്ള്‍ ടിഫിന്‍ പ്രൊജക്റ്റിന്‍റെ ക്രിയേറ്റിവ് ഡയറക്റ്റര്‍ വി.സുനില്‍. കൂടുതല്‍ ഏരിയയിലേക്കു കടക്കേണ്ടിയിരിക്കുന്നു. ഇത്തവണ ഭക്ഷണ സംസ്കാരത്തിലേക്കു കടക്കാനാണു ഉദ്ദേശിച്ചിരിക്കുന്നത്. ഒരുപാട് വിഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും കൃത്യമായി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാത്തതായിരുന്നു പ്രശ്നം. ഈ പദ്ധതിയുടെ ഭാഗമായി ലോകം മുഴുവന്‍ ഭക്ഷ്യവാരങ്ങള്‍ സംഘടിപ്പിക്കും, ബുക്കുകളും, ലീഫ്ലെറ്റുകളും പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്. ഫുഡ് മാപ്പുകളും പുറത്തിറക്കും. വിദേശികള്‍ക്കു മാത്രമല്ല ഒരു പക്ഷേ ഇന്ത്യക്കാര്‍ക്കു തന്നെ ഇന്ത്യയിലെ ഭക്ഷണവൈവിധ്യത്തെക്കുറിച്ച് അറിയാനുള്ള അവസരമായിരിക്കും ഇന്‍ക്രെഡിബ്ള്‍ ടിഫിന്‍. 

No comments: