Sunday, April 29, 2012

ലിഫ്റ്റില്‍ കയറിയ യുവതി സ്നേഹം നടിച്ച് പഴ്സ് അടിച്ചുമാറ്റി; തട്ടിപ്പ് വീണ്ടും സജീവമാകുന്നു


ദുബൈ: ലിഫ്റ്റില്‍ കയറി സ്നേഹം നടിച്ച് കെട്ടിപ്പിടിച്ച സുന്ദരി പണവും രേഖകളുമടങ്ങിയ പഴ്്സ് കവര്‍ന്നു. മലയാളിക്ക് ആയിരം ദിര്‍ഹം നഷ്ടമായി. പണം കവര്‍ന്ന ശേഷം വിലപ്പെട്ട രേഖകളടങ്ങിയ പഴ്സ് അടുത്തുള്ള ടൈപിങ് സെന്‍ററില്‍ ഏല്‍പിച്ചത് ഇയാള്‍ക്ക് വലിയ ആശ്വാസമായി. ഷാര്‍ജ ബുത്വീനയിലെ ഫ്ളാറ്റില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.
രാവിലെ പുറത്തു പോയി സ്വന്തം മുറിയിലേക്ക് പോവുകയായിരുന്ന ഇയാള്‍ക്കൊപ്പം മുഖം മറയുന്ന രീതിയില്‍ പര്‍ദ ധരിച്ച യുവതിയും കയറിയിരുന്നു. ലിഫ്റ്റില്‍ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. ഇംഗ്ളീഷ് അറിയുമോയെന്ന് ചോദിച്ച യുവതി മുകളിലേക്ക് പോകുന്നതിനിടെ യുവാവിനെ കയറിപ്പിടിച്ചു. ഇതിന് ശേഷം ഇവര്‍ ആറാം നിലയില്‍ ഇറങ്ങി. അവിടെയുള്ള ഒരു മുറി കാണിച്ച് താന്‍ താമസിക്കുന്നത് ഇവിടെയാണെന്ന് യുവതി അറിയിച്ചിരുന്നു. ഇതിന് ശേഷം സ്വന്തം മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടതായി മലയാളി യുവാവ് അറിയുന്നത്. ഉടന്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നതിനിടെ, പഴ്സ് ലഭിച്ചതായി അറിയിച്ച് ഇയാള്‍ക്ക് ടൈപിങ് സെന്‍ററില്‍ നിന്ന് ഫോണ്‍ വന്നു. അടുത്തു നിന്ന് കളഞ്ഞുകിട്ടിയതാണെന്ന് പറഞ്ഞ് യുവതി പഴ്സ് ടൈപിങ് സെന്‍ററില്‍ ഏല്‍പിക്കുകയായിരുന്നുവത്രെ.
ആയിരം ദിര്‍ഹം, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ്, ബന്ധുവിന്‍െറ വാഹനത്തിന്‍െറ ഉടമാവകാശ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയാണ് പഴ്്സില്‍ ഉണ്ടായിരുന്നത്. ഇതില്‍ പണം മാത്രമാണ് യുവതി കൈക്കലാക്കിയത്. ഇതിന് മുമ്പും ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു.
തൃശൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്.

No comments: