Saturday, April 28, 2012

സൗദിയില്‍ 'ഒട്ടകജീവിതം' നയിച്ച മലയാളികളെ രക്ഷപ്പെടുത്തി


സൗദിയിലെ ഹായിലില്‍ ഒട്ടക പന്തയം നടക്കുന്നിടത്ത്‌ ഒട്ടകങ്ങളെ പരിചരിക്കുന്നതിനും തൊഴിലാളികള്‍ക്കു ഭക്ഷണം പാകം ചെയ്‌തു നല്‍കുന്നതിനുമായി നിയോഗിച്ച രണ്ടു മലയാളികളെ കഴിഞ്ഞദിവസം സൗദി പോലീസ്‌ രക്ഷപ്പെടുത്തി.

കൊല്ലം തേവലക്കര സ്വദേശി ബഷീര്‍കുട്ടി (52), മൈനാഗപ്പള്ളി സ്വദേശി ഷാജി (28) എന്നിവരെയാണു സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നു പോലീസ്‌ മോചിപ്പിച്ചത്‌.

2009 ഡിസംബറില്‍ സ്‌കൂള്‍ കാന്റീനിലേക്കെന്നു പറഞ്ഞാണു ബഷീറുകുട്ടിക്ക്‌ ഏജന്റ്‌ വിസ നല്‍കിയത്‌. ഷാജി കഴിഞ്ഞവര്‍ഷമാണ്‌ ഇവിടെ എത്തിയത്‌. സ്വകാര്യവ്യക്‌തിയുടെ വിസയില്‍ എത്തിയ ഇവരെ ഒട്ടകങ്ങളെ മേയിക്കാനായി മരുഭൂമിയിലേക്കു കൊണ്ടുപോയി. തുടര്‍ന്ന്‌ ഒട്ടക പന്തയ സ്‌ഥലത്തെ തൊഴിലാളികള്‍ക്കു വെച്ചുവിളമ്പാനായി നിയോഗിച്ചു. 1000 റിയാല്‍ ശമ്പളവ്യവസ്‌ഥയില്‍ ജോലി നോക്കുന്ന ബഷീറിനു മൂന്നുവര്‍ഷത്തില്‍ 17 മാസത്തെ ശമ്പളമേ ലഭിച്ചിട്ടുള്ളൂ. ഷാജിക്ക്‌ നാലുമാസത്തെ ശമ്പളവും. ശമ്പളം ആവശ്യപ്പെട്ടാല്‍ സ്‌പോണ്‍സറുടെ മകന്റെ വക ശാരീരിക പീഡനമായിരുന്നു മറുപടി. ഒരിക്കല്‍ മുടി വെട്ടിക്കാന്‍ പോകാന്‍ അനുവാദം ചോദിച്ച ബഷീറിന്റെ മുടിക്ക്‌ സ്‌പോണ്‍സര്‍ തീ കൊളുത്തി. കത്രിക കൊണ്ടു കുത്തി പരുക്കേല്‍പ്പിച്ചു. അന്നു തലയ്‌ക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മാതാവു മരിച്ച വിവരം അറിഞ്ഞെങ്കിലും നാട്ടില്‍ പോകാന്‍ ബഷീറിനെ സ്‌പോണ്‍സര്‍ അനുവദിച്ചില്ല.

ബഷീറുകുട്ടിയുടെ ഭാര്യ അര്‍ബുദത്തിനു ചികിത്സയിലാണ്‌. 45,000 രൂപയോളം പ്രതിമാസം ചികിത്സയ്‌ക്കായി ചെലവുണ്ട്‌. ചികിത്സയ്‌ക്കുള്ള പണത്തിനും മൂത്ത മകളുടെ വിവാഹം വരുത്തിവച്ച ബാധ്യകള്‍ തീര്‍ക്കാനുമാണു സൗദിയില്‍ എത്തിയത്‌. നാട്ടില്‍ വാടക വീട്ടിലാണ്‌ താമസം. ബഷീറിന്റെ ഒരു മകന്‍ പഠിക്കുന്നുണ്ട്‌. മറ്റൊരു മകന്‍ സൗദിയിലെ ഖസീമില്‍ പച്ചക്കറി തോട്ടത്തില്‍ ജോലി ചെയ്യുന്നു.

ഒട്ടകത്തിന്റെ പരിചരണത്തോടൊപ്പം സ്‌പോണ്‍സറുടെ വീട്ടിലെ ജോലികള്‍ കൂടി ഷാജിക്കു ചെയ്യേണ്ടതായി വന്നു. എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ മര്‍ദനമായിരുന്നു ഫലം. മൊബൈല്‍ ഫോണ്‍ സ്‌പോണ്‍സര്‍ പിടിച്ചുവാങ്ങിയതോടെ പുറംലോകവുമായുള്ള ബന്ധവും നിലച്ചു. ഭാര്യയും മാതാപിതാക്കളും രണ്ട്‌ ആണ്‍മക്കളും അടങ്ങുന്ന ഷാജിയുടെ കുടുംബവും വാടകവീട്ടിലാണു താമസം.

ഇരുവരുടെയും പരാതികള്‍ നോര്‍ക്കയ്‌ക്ക് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരെ സമീപിച്ചതോടെയാണു പ്രശ്‌നത്തില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടായത്‌. കേസില്‍ ഇടപെടാന്‍ ഇന്ത്യന്‍ എംബസി നല്‍കിയ അധികാരപത്രവുമായി ഹായില്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പരാതി നല്‍കി. പിന്നീടു വിദേശകാര്യ മന്ത്രാലയം വഴിയും പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തിലാണു തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലത്ത്‌ എത്തിയ പോലീസ്‌ ബഷീറുകുട്ടിയേയും ഷാജിയേയും മോചിപ്പിച്ചത്‌.

ഇവരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ സ്‌പോണ്‍സറെ അറസ്‌റ്റ് ചെയ്‌തു.

നല്‍കാനുള്ള മുഴുവന്‍ ശമ്പള കുടിശികയും 29-നു നല്‍കാമെന്നും നാട്ടിലേക്കു പോകാനുള്ള യാത്രാരേഖകള്‍ ഉടന്‍ ശരിയാക്കി സ്‌റ്റേഷനില്‍ എത്തിക്കാമെന്നുമുള്ള വ്യവസ്‌ഥയില്‍ സ്‌പോണ്‍സറെ വിട്ടയച്ചു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ബഷീറിനും ഷാജിക്കും നാട്ടിലേക്കു പോകാനാകുമെന്ന്‌ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ 'മംഗളത്തോടു' പറഞ്ഞു.

ബഷീര്‍ ഫികോ, റൗഫ്‌ വളകോട്‌, അസ്‌കര്‍ അബ്‌ദുല്ല നാറത്ത്‌, സത്താര്‍കുഞ്ഞ്‌, കായംകുളം അബ്‌ദുല്‍ ജബ്ബാര്‍ എന്നിവരുടെ ഇടപെടലാണ്‌ ഇവരുടെ മോചനത്തിനു വഴിയൊരുക്കിയത്‌. പെരിയസ്വാമിക്കും മുംതാസ്‌ ബീഗത്തിനുംപുറകെ ദുരിതജീവിതം നയിച്ചിരുന്ന രണ്ടു മലയാളികളെ കൂടിയാണു സൗദി പോലീസ്‌ മോചിപ്പിച്ചത്‌.

No comments: