ലോകത്തെ ഏറ്റവും ഓമനത്ത്വമുള്ള കാറായ മിനി കൂപ്പറിനെ ബി.എം.ഡബ്ലിയു ഇന്ത്യയിലെത്തിച്ചു. 60 കളില്‍ ലണ്ടനില്‍ തരംഗം സൃഷ്ടിച്ച മിനികൂപ്പര്‍ എത്തുന്ന നൂറാമത്തെ രാജ്യമാണ്. ഇന്ത്യ. ഫോര്‍ഡ് മോഡല്‍ ടിക്ക് ശേഷം വാഹനലോകത്തെ ഇളക്കിമറിച്ച അവതാരമായ മിനികൂപ്പര്‍ ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ്.
ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പറേഷന്‍ (ബിഎംസി) 1959ലാണ് മിനികൂപ്പറിനെ സൃഷ്ടിച്ചത്. കാണുന്ന മാത്രയില്‍ ഇത്തിരിക്കുഞ്ഞനാണ്, രണ്ട് വാതിലേയുള്ളൂവെന്നൊക്കെ പറഞ്ഞ് കളിയാക്കരുത്. 1964,1965,1967 വര്‍ഷങ്ങളില്‍ മോണ്ടികാര്‍ലോ കാര്‍ റാലി വിജയിച്ചിട്ടുണ്ടിവന്‍. 1994ല്‍ ബി.എം.ഡബ്ലിയൂ മിനികൂപ്പറിനെ എറ്റെടുത്തു. നിലവില്‍ വന്‍കിട വ്യവസായികളും സിനിമാതാരങ്ങളും ഓമനിച്ച് കൊണ്ടുനടക്കാനായാണ് മിനികൂപ്പറുകള്‍ വാങ്ങുന്നത്. ഫോക്സ്വാഗന്‍ ബീറ്റില്‍, ഫിയറ്റ് 500 എന്നിവയൊക്കെയാണ് കൂപ്പറിന്റെ എതിരാളികള്‍.
ഓക്സ്ഫോഡിലെ നിര്‍മാണശാലയില്‍നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്തായിരിക്കും വില്‍പന. മൂബൈയിലാണ് ആദ്യ ഷോറൂം തുറന്നത്. വര്‍ളിയിലും ചെമ്പൂരും സര്‍വീസ് സെന്ററുകള്‍ ഉണ്ടായിരിക്കും. രാജ്യത്തൊട്ടാകെ ആറ് ഡീലര്‍ഷിപ്പുകള്‍ തുറക്കാനും പദ്ധതിയുണ്ട്. ദല്‍ഹിയിലെ രണ്ട് ഷോറൂമുകള്‍ കൂടാതെ ഹൈദരാബാദ്, പൂനെ, ചണ്ഡിഗഡ് എന്നിവിടങ്ങളിലായിരിക്കും ഡീലര്‍മാരുണ്ടാവുക.
അഞ്ച് മോഡലുകളാണ് ഇന്ത്യയിലെത്തുന്നത്. ഇതിന്റെ 1598 സിസി നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 122 ബിഎച്ച്പി കരുത്തും 16.31 കിലോഗ്രാം ടോര്‍ക്കും നല്‍കും. കൂപ്പറിന് 25 ലക്ഷം, കൂപ്പര്‍ എസിന് 28.6 ലക്ഷം, കണ്‍വര്‍ട്ടബിള്‍ 30.7 ലക്ഷം, കൂപ്പര്‍ എസ് കണ്‍ട്രിമാന്‍ 32.8 ലക്ഷം, കൂപ്പര്‍ എസ് കണ്‍ട്രിമാന്‍ ഹൈ 35.9 ലക്ഷം എന്നിങ്ങനെയാണ് വില. നിലവില്‍ വിവിധ മോഡലുകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം ബുക്കിംഗുകള്‍ കിട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ മിനികൂപ്പര്‍ ആഴ്ചകള്‍ക്കുള്ളില്‍ നിരത്തിലിറങ്ങും. മാസം 20- 30 വണ്ടികള്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.
No comments:
Post a Comment