Sunday, April 29, 2012

പഞ്ചനക്ഷത്ര ഹോട്ടലില്‍ പഴകിയ ഭക്ഷണം പിടിച്ച ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ക്കു സ്‌ഥലമാറ്റം


കുമരകം: കവണാറ്റിന്‍കരയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ടാജ്‌ വിവാന്റയില്‍ പരിശോധന നടത്തി പൊതുജനാരോഗ്യത്തിനു ഹാനികരമായ ന്യൂനതകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ക്കു സ്‌ഥലംമാറ്റം. നടപടിക്കു പിന്നില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിന്റേതടക്കം ഉന്നതതല ഇടപെടലെന്ന്‌ ആരോപണം. റിപ്പോര്‍ട്ട്‌ കിട്ടിയിട്ടും ഡി.എം.ഒ. അനങ്ങിയില്ല.

കുമരകം ഹെല്‍ത്ത്‌ സൂപ്പര്‍വൈസറായിരുന്ന എം.എം. സോമിയെയാണ്‌ ഏറ്റുമാനൂരിലേക്കു 'നാടു കടത്തി'യത്‌. കുമരകത്തു ചുമതലയേറ്റ്‌ മൂന്നു മാസം തികയുന്നതിനു മുമ്പാണ്‌ സ്‌ഥലംമാറ്റം.

മാര്‍ച്ച്‌ അഞ്ചിനാണ്‌ സോമി കവണാറ്റിന്‍കരയിലെ 'വിവാന്റ ബൈ താജ്‌' ഹോട്ടലില്‍ പരിശോധന നടത്തിയത്‌. അടുക്കളയിലെയും റെസ്‌റ്റോറന്റിലെയും ജീവനക്കാര്‍ പകര്‍ച്ചവ്യാധികളില്‍നിന്നു മുക്‌തരാണെന്നു തെളിയിക്കുന്ന ഹെല്‍ത്ത്‌ കാര്‍ഡ്‌ സൂക്ഷിച്ചിട്ടില്ല, ഫ്രീസറില്‍ പഴകിയതും കേടായതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു, ഭക്ഷണസാധനങ്ങള്‍ തുറന്നുവച്ച്‌ വില്‍പന നടത്തുന്നു, അടുക്കള മാലിന്യം ഉള്‍പ്പെടെലയുള്ള ഭക്ഷണാവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങളില്ല തുടങ്ങിയ പോരായ്‌മകളാണു കണ്ടെത്തിയത്‌.

ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസിനു റിപ്പോര്‍ട്ട്‌ നല്‍കുകയും ഹോട്ടല്‍ അധികൃതരോടു വിശദീകരണം തേടുകയും ചെയ്‌തു. ഹെല്‍ത്ത്‌ കാര്‍ഡ്‌ സംബന്ധിച്ചത്‌ ഒഴികെയുള്ള കണ്ടെത്തലുകള്‍ തെറ്റാണെന്നായിരുന്നു ഹോട്ടലിന്റെ മറുപടി.

ചവറും ഖരമാലിന്യങ്ങളും പഞ്ചായത്ത്‌ ചുമതലപ്പെടുത്തിയ ആള്‍ക്കു കൈമാറുന്നുണ്ടെന്ന വാദം പിന്നീടു കുമരകം ഗ്രാമപഞ്ചായത്ത്‌ തള്ളിക്കളഞ്ഞു. റിസോര്‍ട്ടുകളില്‍നിന്നു മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയുടെ കത്ത്‌ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്കു കൈമാറാന്‍ സോമി ഏപ്രില്‍ 13 നു നടപടി സ്വീകരിക്കുകയും ചെയ്‌തു. എന്നാല്‍ 16 ന്‌ സോമിയെ സ്‌ഥലംമാറ്റിക്കൊണ്ട്‌ ഡി.എം.ഒ. ഉത്തരവ്‌ ഇറക്കുകയായിരുന്നു. 'ഭരണപരമായ അനിവാര്യത' എന്നാണ്‌ കാരണമായി പറയുന്നത്‌.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ തുടങ്ങിയവര്‍ തങ്ങിയിട്ടുള്ള ഹോട്ടലാണ്‌ ഇത്‌. വന്‍കിട ഹോട്ടല്‍ ശൃംഖലയുടെ ഭാഗമായ വിവാന്റയ്‌ക്കെതിരായ നടപടികളാണ്‌ 'ഭരണപരമായ അനിവാര്യത'യ്‌ക്കു കാരണമെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ഇതിനു പിന്നില്‍ സംസ്‌ഥാന ആരോഗ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്‌.

സോമിയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉണ്ടാകാതിരിക്കാനും സോമിയെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനും ഹോട്ടലിന്റെ ഭാഗത്തുനിന്നു നീക്കങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു.

കുമരകത്തെ ചില വന്‍കിട ഹോട്ടലുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന നാട്ടുകാരുടെ പരാതിക്ക്‌ ഏറെ പഴക്കമുണ്ട്‌. ഇപ്പോള്‍ ആരോപണവിധേയരായ ഹോട്ടലുകാര്‍ ആഴ്‌ചകള്‍ക്കു മുമ്പ്‌ സെപ്‌ടിക്‌ ടാങ്ക്‌ മാലിന്യം കായലിലേക്ക്‌ ഒഴുക്കിയതു വിവാദമായിരുന്നു. ഇതു സംബന്ധിച്ചു വ്യാപകമായി പരാതികള്‍ ഉയര്‍ന്നെങ്കിലും പഞ്ചായത്തധികൃതരോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ നടപടിയെടുത്തിട്ടില്ല.

No comments: