Monday, April 9, 2012

ആരാണ് ബിക്രം സിങ്?



അടുത്ത കരസേനാ മേധാവിയായി ലെഫ്‌ ജനറല്‍ ബിക്രം സിങ് ചുമതലയേല്‍ക്കും. ജനറല്‍ വി കെ സിങിന്റെ കാലാവധി മെയ് 31ന് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.

13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേനയുടെ രണ്ടാമത്തെ സിഖ് മേധാവിയാണ് ബിക്രം സിങ്. ഇതിനു മുമ്പ് ജെജെ സിങാണ് ഈ പദവിയിലെത്തിയത്.

നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജ്, ആര്‍മി വാര്‍ കോളജ്, പെന്‍സില്‍വാനിയയിലെ യുഎസ് ആര്‍മി വാര്‍ കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇന്‍ഡോര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡിഫന്‍സ് മാനേജ്‌മെന്റില്‍ എംഎഫില്‍ ബിരുദം നേടി. വിശിഷ്ട സേവനത്തിനുള്ള നിരവധി സൈനിക മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

1972 മാര്‍ച്ച് 31ന് സിങ് ലൈറ്റ് ഇന്‍ഫാന്‍ട്രി റെജിമെന്റിലൂടെ സൈന്യത്തിലെത്തി. കഴിഞ്ഞ നാലു ദശകത്തിനിടെ ഒട്ടേറെ സൈനിക വിഭാഗത്തില്‍ ജോലിചെയ്ത അനുഭവസമ്പത്തുണ്ട്. കോംഗോയില്‍ യുഎന്‍ സമാധാന സേനയുടെ കമാന്ററായിരുന്നു. 1990കളില്‍ നികരാഗ്വോയിലും എല്‍ സാല്‍വഡോറിലും യുഎന്‍ നിരീക്ഷകനായി പ്രവര്‍ത്തിച്ച പരിചയവുമുണ്ട്.


ജമ്മുകശ്മീരില്‍ 2001ല്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടലില്‍ ബിക്രം സിങിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ കാരണം കൊണ്ടു തന്നെ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ ബിക്രം സിങിന് സൈന്യത്തിന്റെ ചുമതല നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ 2008ല്‍ കോംഗോയില്‍ ജോലി ചെയ്യുന്ന കാലത്ത് അവിടെയുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരു ചെറുവിരലനക്കാന്‍ പോലും ബിക്രം സിങ് തയ്യാറായില്ലെന്ന് പരാതിക്കാര്‍ വാദിക്കുന്നു.

No comments: