Monday, April 30, 2012

കടല്‍ക്കൊല; ഒത്തു തീര്‍പ്പ് കരാര്‍ നിലനില്‍ക്കില്ല


കടലിലെ വെടിവെപ്പില്‍ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവവത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാറും മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും ഉണ്ടാക്കിയ ഒത്തു തീര്‍പ്പു കരാര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. കരാറിലെ പല വ്യവസ്ഥകളും ഇന്ത്യന്‍ നിയമത്തിന് അനുസരിച്ചുള്ളതല്ലെന്നും ഇന്ത്യന്‍ നിയമത്തെ പരാജയപ്പെടുത്താനാണ് കരാറെന്നും കോടതി കുറ്റപ്പെടുത്തി. ഇറ്റാലിയന്‍ കപ്പല്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കരാര്‍ നിയമപരമായി അതിശയിപ്പിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു കോടി രൂപ നല്‍കി വായ മൂടിക്കെട്ടുകയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ചെയ്തത്. ഇത്തരം കേസുകള്‍ ലോക് അദാലത്തിന്റെ പരിഗണനക്ക് വിടാനാവില്ല. സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന് പറയാതിരുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റീസുമാരായ ആര്‍.എം. ലോധയും എച്ച്.എല്‍. ഗോഖലയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം കര്‍ശനമായ ഉപാധികളോടെ കപ്പല്‍ വിട്ടുനല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ ഏത് സമയത്തും കപ്പലും ജീവനക്കാരെയും ഹാജരാക്കാമെന്നുള്ള ഉറപ്പും നിശ്ചിത തുകയുടെ ബാങ്ക് ഗ്യാരണ്ടിയും വാങ്ങി കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി വാങ്ങിയാണ് കേസ് ഒത്തു തീര്‍ത്താക്കാന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും ബന്ധുക്കള്‍ തീരുമാനിച്ചത്. വെടിവെപ്പ് നടന്ന ബോട്ടുടമ ഫ്രെഡ്ഡിക്ക് 17 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കിയിരുന്നു. ഈ ഒത്തു തീര്‍പ്പിനെ നേരത്തെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നെന്നാണ് അന്ന് ഹൈകോടതി വിമര്‍ശിച്ചത്
.

No comments: