Wednesday, April 18, 2012

വാരന്‍ ബഫറ്റ് കാന്‍സര്‍ ബാധിതന്‍

പ്രമുഖ ആഗോള നിക്ഷേപകനായ വാരന്‍ ബഫറ്റ് തനിക്ക് പ്രോസ്‌റ്റേറ്റ് കാന്‍സറാണെന്ന് വെളിപ്പെടുത്തി. എന്നാല്‍ ആഗോള നികേഷപക കമ്പനിയായ ബര്‍ക്ക്‌ഷെയര്‍ ഹത്താവെയുടെ നേതൃസ്ഥാനത്തു നിന്നും വിരമിക്കുന്നത് സംബന്ധിച്ച് അലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ ആദ്യ ഘട്ടത്തിലാണ് ബഫറ്റെന്ന് അറിയുന്നു. എന്നാല്‍, തനിക്ക് ഒന്നും സംഭവിച്ചതായി തോന്നുന്നില്ലെന്നാണ് നിക്ഷേപക രംഗത്ത് വ്യത്യസ്ഥമായ വ്യക്തിത്വത്തിനുടമയായ ബഫറ്റിന്റെ പ്രതികരണം. ശരീരത്തില്‍ മറ്റെവിടേക്കും ക്യാന്‍സര്‍ വ്യപിച്ചിട്ടില്ലെന്ന് ഇമേജിങ് പരിശോധനകളില്‍ വ്യക്തമായതായി അദ്ദേഹം ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ പറയുന്നു. ജൂലായ് മാസം മുതല്‍ റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയനാവും.

കാന്‍സര്‍ തന്നെ തളര്‍ത്തിയിട്ടില്ലെന്നും നൂറ് ശതമാനം ഊര്‍ജ്ജസ്വലനാണ് താനെന്നും ബഫ്റ്റ് പറഞ്ഞു. 75 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ ഏറെയും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ച് മരണമടയുന്നുവെന്നാണ് അമേരിക്കയിലെ കണക്ക്. അതേസമയം, മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് വളരെ മെല്ലെ മാത്രം വ്യാപിക്കുന്ന തരത്തിലുള്ളതാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍.

ഒരു ദിവസം തന്റെ ആരോഗ്യ നില ക്ഷയിക്കുമെന്നത് സംബന്ധിച്ച് താന്‍ പൂര്‍ണമായും ബോധവാനാണ്. എന്നാല്‍, ആ ദിവസം വളരെ വിദൂരമാണെന്നുംബഫ്റ്റ് ബെര്‍ക്ക്‌ഷെയര്‍ ഓഹരി ഉടമകള്‍ക്കുള്ള കത്തില്‍ വ്യക്തമാക്കി. ആഗോള നിക്ഷേപകരില്‍ മുന്‍പന്തിയിലുള്ള ബഫ്റ്റ് വ്യാവസായിക ലോകത്ത് ഓറാക്കിള്‍ ഓഫ് ഒമാഹ (ഒമാഹയിലെ ദീര്‍ഘദര്‍ശി) എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ ധനാഢ്യരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥിരം സ്ഥാനം പിടിക്കുന്ന ബഫ്റ്റ് 2011ല്‍ മൂന്നാം സ്ഥാനത്താണ്. തന്റെ സമ്പാദ്യത്തിന്റെ 99 ശതമാനവും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുക വഴി ആഗോള നിക്ഷേപകര്‍ക്കൊട്ടാകെ മാതൃകയാവാനും ബഫറ്റിന് സാധിച്ചു. ചെറുപ്പത്തില്‍ തന്നെ ഓഹരി നിക്ഷേപത്തില്‍ തത്പരനായിരുന്ന ബഫറ്റ് 11ാം വയസ്സിലാണ് ആദ്യമായി ഓഹരി വിപണിയിലിറങ്ങുന്നത്. 

No comments: