Wednesday, April 25, 2012

ഗോര്‍ഖ ലാന്‍ഡ്: ബംഗാള്‍ വീണ്ടും പ്രക്ഷുബ്ധമാകുന്നു


ജി.ടി.എ ഉടമ്പടിയിലൂടെ ഡാര്‍ജിലിംഗ് പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അവകാശപ്പെട്ടിരുന്നെങ്കിലൂം ഗോര്‍ഖ ലാന്‍ഡ് കലാപം താഴ് വരയിലേക്കും പടരുകയാണ്. 

ഉടമ്പടി ഒപ്പുവെച്ചെങ്കിലും ഗോര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ് ട്രേഷന്റെ അതിര്‍ത്തി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ഗോര്‍ഖ ജനമുക്തി മോര്‍ച്ചക്കും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. താഴ് വരയിലെ ഡുവാര്‍സ്, തോറായി പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു. 

അതേസമയം താഴ് വരയിലെ ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ ശക്തിയായിതന്നെ മോര്‍ച്ചയുടെ ആവശ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. താഴ് വരയിലെ ഈ പ്രദേശങ്ങള്‍ ജി.ടി.ഏ യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ ഹൈക്കോടതി ജഡ്ജി ശ്യാമള്‍ സെന്നിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 

പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ധൃതിപിടിച്ച തീരുമാനത്തെ എതിര്‍ത്തിരുന്നു. ഇടതു മുന്നണിയുടെ കാലത്തുണ്ടായിരുന്ന ഡാര്‍ജിലിംഗ് ഗോര്‍ഖ ഹില്‍ കൗണ്‍സില്‍ അതിര്‍ത്തി അടിസ്ഥാനമാക്കി ജി.ടി.ഏ രൂപവത്കരിക്കുന്നതിന് തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ മോര്‍ച്ച പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതിര്‍ത്തി നിര്‍ണയം കഴിഞ്ഞശേഷമുള്ള തിരഞ്ഞെടുപ്പിലെ തങ്ങള്‍ പങ്കെടുക്കുകയുള്ളു എന്ന് മോര്‍ച്ച നേതാക്കള്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. മോര്‍ച്ചയുടെ ഈ ആവശ്യത്തിനെതിരെ ആദിവാസി വികാസ് പരിഷദിന്റെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി ഏപ്രില്‍ 10നു താഴ് വരയില്‍ ബന്ദ് ആചരിച്ചിരുന്നു. 

ഞായറാഴ്ച സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ബന്ദ് സമാധാന പൂര്‍ണമായിരുന്നെങ്കിലും തിങ്കളാഴ്ച മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായിരുന്നു. വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചിരുന്നു. താഴ് വരയിലെ ജനസമൂഹത്തിനിടയില്‍ ഭിന്നിപ്പ് വര്‍ധിപ്പിക്കാനും ഇത് ഇടയാക്കി. 

താഴ് വരയിലെ സംഭവങ്ങളെ മുഖ്യമന്ത്രി മമത അവഗണിച്ചെങ്കിലും പ്രതിപക്ഷ നേതാവ് സൂര്യകാന്തോ മിശ്ര സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ വേണ്ട ശക്തമായ നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജി.ടി.എ. ഉടമ്പടിയിലെ കക്ഷികളായ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും മോര്‍ച്ചയുമായി കൂടിയാലോചന നടത്താനും മിശ്ര ആവശ്യപ്പെട്ടിടുണ്ട്. 

മോര്‍ച്ച ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദ് അക്രമാസക്തമായത് സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇത്രയും ഗൗരവമേറിയ സംഭവങ്ങളെ നിസ്സാരമായി കാണുന്ന മുഖ്യ മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം സംസ്ഥാന മോട്ടകെ ഉയര്‍ന്നിട്ടുണ്ട്. 

No comments: