Sunday, April 29, 2012

ജീവന്‍ മറ്റെങ്ങുമില്ല; പ്രപഞ്ചത്തില്‍ നമ്മള്‍ തനിയെ


ഭൂമിയില്‍ അല്ലാത്തെ മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവന്റെ തുടിപ്പുണ്ടോ? ശാസ്‌ത്രലോകത്തിന്റെ ഈ സംശയത്തിന്‌ ഇനിയും അറുതിയായിട്ടില്ല. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുവെന്ന സംശയത്തില്‍ അതു കണ്ടെത്താനുള്ള യത്നത്തിലാണു 'നാസ'യിലെ ശാസ്‌ത്രജ്‌ഞര്‍. എന്നാല്‍, ഭൂമിയില്‍ അല്ലാതെ മറ്റൊരിടത്തും ജീവന്റെ അംശമില്ലെന്ന്‌ അമേരിക്കയിലെ പ്രിന്‍സ്‌റ്റണ്‍ സര്‍വകലാശാലയിലെ രണ്ടു ഗവേഷകര്‍ വ്യക്‌തമാക്കുന്നു. മറിച്ചുള്ളത്‌ 'പ്രതീക്ഷ' മാത്രമാണെന്നാണ്‌ ഇവരുടെ അഭിപ്രായം. സര്‍വകലാശാലയില്‍ അസ്‌ട്രോഫിസിക്‌സ് പ്രഫസറായ എഡ്‌വിന്‍ ടര്‍ണര്‍, ഗവേഷകനായ ഡേവിഡ്‌ സ്‌പീഗല്‍ എന്നിവരാണു ഭൂമിക്കപ്പുറം ജീവനില്ലെന്നു ചൂണ്ടിക്കാട്ടുന്നത്‌.

മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ തെരയുന്നവര്‍ അവിടെ അതുണ്ടാകാനുള്ള സാധ്യതയ്‌ക്ക് ഉപോദ്‌ബലകമായ തെളിവുകളെക്കുറിച്ച്‌ പറയുന്നില്ലെന്ന്‌ ഇരുവരും അഭിപ്രായപ്പെടുന്നു.

ഭൂമി ഉണ്ടായി അധികകാലം കഴിയുംമുമ്പു ഭൂമിയില്‍ ജീവനും ഉണ്ടായി എന്നാണു ഫോസിലുകളെക്കുറിച്ചുള്ള പഠനം വ്യക്‌തമാക്കുന്നത്‌. എന്നാല്‍ ഈ പഠനങ്ങള്‍ മറ്റു ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ചു പറയുന്നില്ലെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇവിടെ ജീവനുണ്ടായതു വ്യത്യസ്‌തമായ സാഹചര്യത്തിലാണെന്നും അതു മറ്റു ഗ്രഹങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

No comments: