Friday, April 27, 2012

ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരന്‍


ആയുധ അഴിമതിക്കേസില്‍ ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി ദ്വാരകയിലെ കോടതി കണ്ടെത്തി. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ആയുധങ്ങള്‍ വാങ്ങുന്നതിന് കമ്മീഷനായി ഒരു ലക്ഷം രൂപ ബംഗാരു ലക്ഷ്മണ്‍ കൈപ്പറ്റുന്നതായി തെഹല്‍ക പുറത്തുകൊണ്ടുവന്ന ഒളികാമറ ദൃശ്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2001 മാര്‍ച്ച് 13 നാണ് തെഹല്‍ക ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

ആയുധവ്യാപാരികളുടെ ഇടനിലക്കാര്‍ എന്ന വ്യാജേനയാണ് തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകര്‍ ബംഗാരു ലക്ഷ്മണെ സമീപിച്ചത്. 2000 ഡിസംബര്‍ 23 നും 2001 ജനവരി ഏഴിനുമടിയില്‍ എട്ട് തവണ തെഹല്‍ക സംഘം ബംഗാരു ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തിയതായി സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്. ഡല്‍ഹി ദ്വാരകയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കന്‍വല്‍ജീത് അറോറയാണ് വിധി പ്രഖ്യാപിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിചാരണ വേളയില്‍ ബംഗാരുവിന്റെ സെക്രട്ടറിയായിരുന്ന സത്യമൂര്‍ത്തി മാപ്പ് സാക്ഷിയായി മാറിയിരുന്നു.

സംഭവം വിവാദമായതോടെ ബംഗാരു ലക്ഷ്മണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നു. പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സ്ഥാനനഷ്ടത്തിനും ഈ വിവാദം ഇടയാക്കി.

No comments: