Thursday, April 26, 2012

ജയിലില്‍ പക്രുവെത്തി; സുഹൃത്തിനെ കണ്ട് ഞെട്ടി


സെന്‍ട്രല്‍ ജയിലിലേക്ക് അതിഥിയായി കടന്നെത്തിയ സിനിമാ നടന്‍ അജയന്‍ എന്ന ഗിന്നസ് പക്രുവിനെ കാത്തിരുന്നത് അപ്രതീക്ഷിത അന്തേവാസി. ഹിറ്റ് ചിത്രമായ 'മീശമാധവ'നിലെ ' മീശക്കാരന്‍ മാധവന് ദോശ തിന്നാനാനാശ ' എന്ന ഗാനരംഗത്ത് തന്നോടൊപ്പം ആടിപ്പാടിയ രാജേഷ് തടവുപുള്ളിയായി മുന്നിലെത്തിയപ്പോള്‍ ഞെട്ടലും ഒപ്പം വേദനയുമാണ് അജയന് സമ്മാനിച്ചത്. 

തടവുകാരുടെ മക്കള്‍ക്കുള്ള ധനസഹായവിതരണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യാനാണ് അജയന്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. വേദിയായ ജയില്‍ ഓഡിറ്റോറിയത്തിലേക്ക് കടക്കുമ്പോള്‍ വാതില്‍ക്കല്‍ത്തന്നെ രാജേഷുണ്ടായിരുന്നു. ഏതാനും രംഗങ്ങള്‍മാത്രമാണ് ഒരുമിച്ച് അഭിനയിച്ചതെങ്കിലും മറക്കാത്ത ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ചാണ് രാജേഷ് സിനിമാസെറ്റില്‍ നിന്നും മടങ്ങിയത്.

'മീശമാധവ'ന്റെ ഷൂട്ടിങ് കാണാനെത്തിയ രാജേഷിനെ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സംവിധായകന്‍ ലാല്‍ജോസാണ്, രാജേഷിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. സിനിമാരംഗത്ത് നിരവധി സാധ്യതകളുള്ള ചെറുപ്പക്കാരനെന്ന് പലരും വാഴ്ത്തിയ രാജേഷിനെ ഒരു തടവുപുള്ളിയായി കാണേണ്ടിവന്നത് വേദനിപ്പിക്കുന്ന അനുഭവമാണെന്ന് അജയന്‍ പറഞ്ഞു.

പാലക്കാട് സ്വദേശിയായ രാജേഷ് കൊലക്കേസ് പ്രതിയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന രാജേഷിനെ ചപ്പാത്തി നിര്‍മ്മാണത്തിന് സഹായിക്കാനാണ് പൂജപ്പുര ജയിലിലേക്ക് മാറ്റിയത്. ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടമായ രാജേഷിന്റെ മോഹം സിനിമാലോകമായിരുന്നു.

സെന്‍ട്രല്‍ ജയിലിലെ 45 അന്തേവാസികളുടെ 79 കുട്ടികള്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. തടവുപുള്ളികളുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, സ്‌കൂള്‍ഫീസ് എന്നിവയ്ക്കായി സാമൂഹികക്ഷേമവകുപ്പാണ് ഈ തുക അനുവദിച്ചത്. 5,58,000 രൂപ ചടങ്ങില്‍ വിതരണം ചെയ്തു. പത്താംക്ലാസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരുവര്‍ഷത്തേക്ക് 6,000 രൂപയും പ്ലസ് വണ്ണിന് മുകളിലുള്ളവര്‍ക്ക് 12,000 രൂപയും നല്‍കും. തടവുകാരുടെ കുടുംബമേളയും ഇതോടൊപ്പം നടന്നു. കുടുംബാംഗങ്ങളോടൊപ്പം തടവുകാര്‍ക്ക് സദ്യയുണ്ണാനുള്ള അവസരവും ഒരുക്കി. ഏഴാം വയസ്സില്‍ ഫയര്‍എസ്‌കേപ്പിലൂടെ ശ്രദ്ധേയയായ അമ്മു അവതരിപ്പിച്ച ജാലവിദ്യയും അരങ്ങേറി.

No comments: