Tuesday, April 24, 2012

ദക്ഷിണ ചൈനാ കടല്‍ സംഘര്‍ഷ മേഖലയാവുന്നു


ദക്ഷിണ ചൈനാ കടല്‍ പ്രദേശം സംബന്ധിച്ച ചൈനയുടെ നയങ്ങള്‍ മേഖലയെ വീണ്ടും സംഘര്‍ഷപൂരിതമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. മേഖല തങ്ങളുടേതാണെന്ന ചൈനീസ് നയങ്ങള്‍ക്കെതിരെ അതിര്‍ത്തി രാജ്യമായ ഫിലിപ്പീന്‍സ് രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഫിലിപ്പീന്‍സ് പറഞ്ഞു. ചൈനയും ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ബ്രൂണേയ്, മലേഷ്യ, തയ്‌വാന്‍, എന്നീ രാജ്യങ്ങളും തമ്മില്‍ ദക്ഷിണ ചൈനാ കടല്‍പ്രദേശ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. 


ദക്ഷിണ ചൈനാ കടല്‍ തങ്ങളുടേതാണെന്ന ചൈനീസ് അവകാശത്തെ ഈ രാജ്യങ്ങള്‍ ഭയാശങ്കയോടെയാണ് കാണുന്നത്. ചെനീസ് അധിനിവേശത്തിനെതിരെ മേഖലയിലെ പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന് കൂടുതല്‍ കപ്പലുകളും നിരീക്ഷണ
വിമാനങ്ങളും വേണമെന്ന് പശ്ചിമ ഫിലിപ്പീന്‍സ് ദ്വീപായ പലാവനിലെ കമാന്‍ഡര്‍ ആവശ്യപ്പെട്ടു. പലാവന്‍ ദ്വീപില്‍ അമേരിക്കയും ഫിലിപ്പീന്‍സ് സൈനികരും സംയുക്തമായി അഭ്യാസപ്രകടനങ്ങള്‍ നടത്തിവരികയാണ്. 
തര്‍ക്കമേഖലയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ഫിലീപ്പീന്‍സ് കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ ജുങ്കോ സബ്ബാന്‍ പറഞ്ഞു. വന്‍ സജ്ജീകരണങ്ങള്‍ ഉള്ള ചൈനയ്ക്ക് നിര്‍മാണങ്ങള്‍ ഒറ്റ ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കമാന്‍ഡര്‍ പറഞ്ഞു. ചൈനയുമായി രൂക്ഷ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സ്പാട്ര്റ്റിലി ദ്വീപിലാണ് സബ്ബാന്റെ നേതൃത്വത്തിലെ സൈനികരുള്ളത്.

No comments: